print edition സൈബർ തട്ടിപ്പ് തടയാൻ പൊലീസ്–ബാങ്ക് സംയുക്ത പദ്ധതി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സൈബർ സാമ്പത്തിക തട്ടിപ്പുകൾ ഫലപ്രദമായി തടയുന്നതിനും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിനുമായി വിവിധ ബാങ്കുകളുമായി ചേർന്ന് സംയുക്ത കർമ പരിപാടി നടപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ അറിയിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനായി സംസ്ഥാന സൈബർ വിഭാഗവും വിവിധ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലെ പ്രതിനിധികളും പങ്കെടുത്ത സംസ്ഥാന ഏകോപന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം നഷ്‌ടപ്പെടുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കി അവർക്ക് നീതി ഉറപ്പാക്കുന്നതരത്തിലായിരിക്കും നടപടികൾ. സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും പരാതികൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി പൊലീസിന്റെയും ബാങ്കുകളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ജോയിന്റ് സൈബർ കമ്മിറ്റി രൂപീകരിക്കും.
ഇന്ത്യൻ സൈബർ ക്രൈം കോ -ഓർഡിനേഷൻ സെന്ററിന്റെ വ്യവസ്ഥകൾക്കനുസരിച്ചുള്ള എല്ലാവിധ നടപടികളും സ്റ്റേറ്റ് സൈബർ ഡിവിഷൻ സ്വീകരിക്കും. സൈബർ ലോകത്ത് ദിനംപ്രതി മാറിവരുന്ന ഡിജിറ്റൽ അറസ്റ്റുപോലെയുള്ള പുതിയ തട്ടിപ്പുകൾ മനസ്സിലാക്കി അതിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ജോയിന്റ് കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ സൈ ഹണ്ട് എന്ന പദ്ധതി നടപ്പിലാക്കിവരികയാണ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള പ്രത്യേക അന്വേഷണങ്ങളും ഏകോപിത പരിശോധനകളും പുരോഗമിക്കുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ, ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഐജി പി പ്രകാശ്, എഐജി ജി ജയ്ദേവ്, സൈബർ ഓപ്പറേഷൻ എസ്പി അങ്കിത് അശോകൻ, വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.










0 comments