കോൺഗ്രസും ബിജെപിയും സന്തോഷിക്കുന്നത് ഒരേ കാരണങ്ങളാൽ: ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയിൽ കോൺഗ്രസും ബിജെപിയും ഒരുപോലെ സന്തോഷിക്കുകയാണെന്നും ഇന്ത്യയെ എക്കാലത്തും ദുരന്തങ്ങളിലേക്ക് നയിച്ചത് ഈ സന്തോഷമാണെന്നും ജോൺ ബ്രിട്ടാസ് എം പി. ജനഹിതം മനസ്സിലാക്കി തിരുത്തൽ നടപടികളുമായി ഇടതുപക്ഷം മുന്നോട്ടു പോകും. എന്നാൽ തീവ്ര പക്ഷങ്ങളെ കൂടെ നിർത്തി കോൺഗ്രസ് നടത്തുന്ന കസർത്ത് ആർഎസ്എസിനെ സഹായിക്കാൻ വേണ്ടിയുള്ളതാണ്.
ബാബറി മസ്ജിദ് തകർത്തപ്പോൾ അതിന്റെ ക്രെഡിറ്റിനു വേണ്ടി വിലപേശിയവരാണ് കോൺഗ്രസും ആർഎസ്എസും. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വിജയിച്ചു എന്നുപറഞ്ഞ് പരസ്പരം അനുമോദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമാണ്. കേരളത്തിൽ ബുൾഡോസറുകൾ കയറിയിറങ്ങാത്തതിന്റെ പ്രധാന കാരണം കേരളം പടച്ചട്ടയായി നിലകൊള്ളുന്നതിനാലാണ്.
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും ഇടതുപക്ഷം മുന്നോട്ട് പോകും. കോർപ്പറേറ്റുകളിൽ നിന്നും ഭീമമായ സംഖ്യവാങ്ങി തിരഞ്ഞെടുപ്പുകൾ അപ്പാടെ റാഞ്ചുന്ന തലത്തിലേക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പുകൾ മാറിക്കഴിഞ്ഞിരിക്കുന്നു. പണാധിപത്യവും പേശിബലവുമാണ് തെരഞ്ഞെടുപ്പുകളിൽ നിറഞ്ഞുനിൽക്കുന്നത്.
ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന രീതിയിലാണ് കോർപ്പറേറ്റുകൾ കേന്ദ്ര ഭരണകക്ഷിക്ക് സംഭാവന നൽകുന്നതെന്നും ബ്രിട്ടാസ് വ്യക്തമാക്കി.










0 comments