ഐടിഐകളിൽ 
നൂതനകോഴ്‌സുകൾ തുടങ്ങും: മന്ത്രി വി ശിവന്‍കുട്ടി

print edition ഇതാ ലക്ഷം അവസരങ്ങള്‍ ; ഐടിഐ പഠിച്ചവര്‍ക്ക് 
ജോലി ഉറപ്പ് , ഡിസംബറില്‍
പ്രത്യേക 
തൊഴില്‍മേള

job vaccancy
വെബ് ഡെസ്ക്

Published on Oct 26, 2025, 02:58 AM | 2 min read


തിരുവനന്തപുരം

ഐടിഐകളിൽനിന്ന് പഠിച്ചിറങ്ങുന്നവര്‍ക്കും പൂർവവിദ്യാർഥികൾക്കും തൊഴിൽനൽകാന്‍ പദ്ധതിയുമായി തൊഴില്‍വകുപ്പ്. വിജ്ഞാനകേരളം പദ്ധതിയുമായി സഹകരിച്ച് ഒരു ലക്ഷം തൊഴിലവസരമാണ് ഒരുക്കുന്നത്. ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്കായി 75,000 തൊഴിലവസരങ്ങൾ നിലവില്‍ കെ ഡിസ്ക് വഴി കണ്ടെത്തിയിട്ടുണ്ട്. 15,000 രൂപയ്ക്കുമുകളിൽ മാസ ശമ്പളം ലഭിക്കുന്ന തൊഴിലുകളാണിത്. വിവിധ കമ്പനികൾക്ക്‌ വിദ്യാർഥികളെ റിക്രൂട്ട് ചെയ്യാനും അവസരമൊരുക്കും.


​രണ്ട് രീതിയിലാണ് തൊഴില്‍ പ്രവേശനം നടത്തുക. റിക്രൂട്ട്, ട്രെയിൻ ആന്‍ഡ് ഡിപ്ലോയ് (ആർടിഡി) എന്നതാണ് ഒരുരീതി. കമ്പനികൾ ഉദ്യോഗാർഥികളെ ആദ്യം നിയമിക്കും. തുടർന്ന് ഐടിഐകളിലോ തൊഴിൽ പരിശീലന കേന്ദ്രങ്ങളിലോ ആറുമാസത്തെ പരിശീലനം നൽകി സ്ഥിരപ്പെടുത്തും. അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തി, ആവശ്യമായ നൈപുണ്യ പരിശീലനം നൽകി തൊഴിൽ മേളകളിലൂടെ നിയമിക്കുന്നതാണ്‌ രണ്ടാമത്തെ രീതി. തൊഴിലന്വേഷകരായ പൂർവവിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകാന്‍ നവംബർ ഒന്നുമുതല്‍ ഏഴുവരെ ഐടിഐകളിൽ രജിസ്‌ട്രേഷന്‍ സൗകര്യം ഏർപ്പെടുത്തും. ഇതിനായി പ്രത്യേക കിയോസ്കുകൾ സ്ഥാപിക്കും. തുടര്‍ന്ന് കരിയർ കൗൺസലിങ്ങും സ്കിൽ അസസ്‌മെന്റും നടത്തും. 30 പേരടങ്ങുന്ന ബാച്ചായി തിരിച്ച് നോഡൽ കേന്ദ്രങ്ങളിൽ നൈപുണ്യ പരിശീലനവും നൽകും. ഡിസംബറില്‍ ഇവര്‍ക്കായി പ്രത്യേക തൊഴിൽമേളകള്‍ സംഘടിപ്പിക്കും. സ്വകാര്യ മേഖലാ ഐടിസി-കളിലെ വിദ്യാര്‍ഥികളെയും പദ്ധതിയുടെ ഭാഗമാക്കും. തൊഴിലിൽനിന്ന്‌ വിട്ടുനിൽക്കുന്ന വീട്ടമ്മമാർക്കും അവസരമൊരുക്കും.


പദ്ധതി നടത്തിപ്പിന് വ്യവസായ പരിശീലന വകുപ്പ്‌ ഡയറക്ടർ സുഫിയാൻ അഹമ്മദ് ചെയർമാനും ജോയിന്റ് ഡയറക്ടർ ഷമ്മി ബേക്കർ കൺവീനറും വിജ്ഞാന കേരളം അക്കാദമിക് കോർഡിനേറ്റർ സുമേഷ് ദിവാകരൻ ജോയിന്റ് കൺവീനറുമായി പ്രത്യേക സമിതി രൂപീകരിച്ചു.

ഐടിഐകളിൽ 
നൂതനകോഴ്‌സുകൾ തുടങ്ങും: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ വ്യവസായിക പരിശീലന കേന്ദ്രങ്ങളായ ഐടിഐ, ഐടിസികളെ ആഗോള നൈപുണ്യ ഹബ്ബ്‌ ആക്കി വികസിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കാലഹരണപ്പെട്ട ട്രേഡുകൾക്കുപകരം നൂതന കോഴ്‌സുകൾ ആരംഭിച്ച്‌ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളുമായി കൈകോർത്ത് ഏറ്റവും ആധുനിക പരിശീലനം ഉറപ്പാക്കും. റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് വെഹിക്കിൾ മെയിന്റനൻസ് തുടങ്ങിയ പുതിയ കോഴ്‌സുകൾക്ക് പ്രാധാന്യം നൽകും. വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലെ അധ്യാപകരിലും വിദ്യാര്‍ഥികളിലും ദേശീയ, സംസ്ഥാന തലത്തിൽ പുരസ്‌ക്കാരങ്ങൾ നേടിയവരെ അനുമോദിക്കുന്ന 'മെറിടോറിയ 2025' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


2025ലെ നൈപുണ്യ പരിശീലന വിഭാഗത്തിലെ ദേശീയ അധ്യാപക പുരസ്കാരംനേടിയ ജയേഷ് കണ്ണച്ചൻതൊടിക്കും അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും റാങ്ക് ജേതാക്കളായ ട്രെയിനികൾക്കും എസ്-സിവിടി ട്രേഡ് ടെസ്റ്റിൽ സംസ്ഥാനതല റാങ്ക് ജേതാക്കളായ ട്രെയിനികൾക്കും പരിശീലിപ്പിച്ച ഇൻസ്ട്രക്ടർമാർക്കും മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. നിശാഗന്ധിയിൽ നടന്ന പരിപാടിയില്‍ വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ സൂഫിയാൻ അഹമ്മദ്, അഡീഷണൽ ഡയറക്ടർ പി വാസുദേവൻ, ജോയിന്റ് ഡയറക്ടർ എ ഷമ്മി ബേക്കർ എന്നിവര്‍ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home