തൊഴിൽ തട്ടിപ്പ്: തായ്‌ലാന്റിൽ കുടുങ്ങിയ 14 മലയാളികൾ ഇന്ന് നാട്ടിലെത്തും

തിരുവനന്തപുരം: തൊഴിൽതട്ടിപ്പിനിരയായി തായ്ലാന്റിൽ കുടുങ്ങിയ 578 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു. തായ്ലന്റിലെ മെയ് സോട്ടിൽ നിന്നും നവംബർ ആറിനും പത്തിനും ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിലെത്തിച്ചത്. ഇതിൽ 15 പേർ മലയാളികളാണ്. 14 പേരെ ഇന്ന് നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെത്തിക്കും. ആദ്യ വിമാനത്തിലെത്തിയ ഒരാളെ കഴിഞ്ഞദിവസം നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചിരുന്നു.
ഒക്ടോബറിൽ മ്യാൻമാർ സൈന്യം സൈബർ കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധമായ കെ കെ പാർക്ക് സമുച്ചയത്തിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇന്ത്യൻ പൗരന്മാർ അതിർത്തി കടന്ന് തായാലന്റിലെത്തിയത്. അനധികൃതമായി പ്രവേശിച്ചതിന് തായാലന്റ് അധികൃതരുടെ പിടിയിലുവുകയായിരുന്നു. തുടർന്ന് ബാങ്കോക്കിലെ ഇന്ത്യൻ എംബസിയുടേയും ചിയാങ്ങ് മായിയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇടപെടലിൽ തായ്‌ലൻഡ് സർക്കാരിന്റെ പിന്തുണയോടെയാണ് ഇവരെ നാട്ടിലെത്തിച്ചത്.
വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാർ വഴി മ്യാൻമാർ തായലന്റ് അതിർത്തി മേഖലയിലെത്തി സൈബർ കുറ്റകൃത്യങ്ങൾ (സ്കാമിങ്ങ്) ചൂതാട്ടം, കളളപ്പണ ഇടപാടുകൾ, ഓൺലൈൻ പ്രണയ തട്ടിപ്പുകൾ, നിക്ഷേപ തട്ടിപ്പുകൾ എന്നിവ ഉൾപ്പെടെ ചെയ്യാൻ നിർബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവർ. മ്യാൻമാർ സൈന്യം കെ കെ പാർക്ക് സമുച്ചയത്തിൽ നടത്തിയ റെയ്ഡിൽ 445 വനിതകൾ ഉൾപ്പെടെ 2200 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു.
വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നോർക്ക ഓപ്പറേഷൻ ശുഭയാത്രയിലൂടെ പരാതിപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്, കേരളാ പൊലീസ്, നോർക്ക റൂട്ട്സ്, എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പരാതികൾ [email protected], [email protected] എന്നീ ഇ മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും അറിയിക്കാം.










0 comments