അതൃപ്‌തി പരസ്യമാക്കി ജിഫ്രി തങ്ങൾ
print edition ‘സമസ്‌തയുടെ പ്രതിനിധിയല്ല മുസ്‌തഫൽ ഫൈസി ’

കോഴിക്കോട്: വഖഫ് ബോർഡ് പ്രാതിനിധ്യത്തിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രതിഷേധം പരസ്യമാക്കിയതോടെ മുസ്ലിംലീഗ് സമ്മർദത്തിൽ. ബോർഡിൽ മെന്പറാക്കിയ എം പി മുസ്‌തഫൽ ഫൈസി, സമസ്‌തയുടെ പ്രതിനിധിയല്ലെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
ഇദ്ദേഹം സമസ്‌ത പ്രതിനിധിയാണെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞിരുന്നു. ഇതിനെയാണ് ജിഫ്രി തങ്ങൾ തള്ളിയത്. മുസ്‌തഫൽ ഫൈസി സമസ്‌തയുടെ പ്രതിനിധിയല്ലെന്നും സമസ്‌തയോട് ചോദിച്ചിട്ടല്ല അദ്ദേഹത്തെ ഉൾപ്പെടുത്തിയതെന്നും ജിഫ്രി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ സന്ദർശിച്ച വഖഫ് ബോർഡ് ചെയർമാൻ എം സി മായിൻഹാജിയെ ഇക്കാര്യം അറിയിച്ചതായും പറഞ്ഞു.
ജിഫ്രി തങ്ങളെ അപമാനിക്കുംവിധം പ്രസംഗിച്ചതിന് സമസ്‌ത മുശാവറയിൽനിന്ന് മുസ്‌തഫൽ ഫൈസിയെ പുറത്താക്കിയിരുന്നു. ലീഗ് നേതൃത്വം സമ്മർദം ചെലുത്തിയിട്ടും തിരിച്ചെടുത്തില്ല. ഇതിന് പ്രതികാരമെന്നോണമാണ് ലീഗ് ഇടപെട്ട് വഖഫ് ബോർഡ് അംഗമാക്കിയത്. എന്നാൽ, സമസ്‌ത ഇതംഗീകരിച്ചിട്ടില്ല.
വഖഫ് ബോർഡിൽ പ്രാതിനിധ്യമില്ലാത്തതിന്റെ പേരിൽ സമരത്തിനിറങ്ങിയ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ സമസ്‌തയുമായി സർക്കാരും ലീഗും ചർച്ചക്ക് തയ്യാറായി. അംഗത്വം ഉറപ്പുംനൽകി. എന്നാൽ, ലീഗിനൊപ്പം എന്നും നിലകൊണ്ട സമസ്‌ത ഇകെ വിഭാഗത്തെ തുടർച്ചയായി അപമാനിക്കുകയാണ് സർക്കാർ.
വഖഫ് ബോർഡ് ചെയർമാനാക്കിയ എം സി മായിൻഹാജി സമസ്‌ത നേതൃത്വത്തെ അംഗീകരിക്കാത്ത ലീഗ് നേതാവാണ്. സമസ്‌തക്കെതിരെ ലീഗ് രൂപീകരിച്ച പാണക്കാട് ഖാദി ഫൗണ്ടേഷനടക്കമുള്ളവയ്‌ക്ക് പിന്നിൽ മായിൻ ഹാജിയാണ്. സമസ്‌തയിലെ ലീഗ് വിരുദ്ധരെ എകോപിപ്പിക്കുന്നതും ഇദ്ദേഹമാണ്. മതരാഷ്‌ട്രവാദം ഉയർത്തുന്ന ജമാഅത്തെ ഇസ്ലാമിക്കടക്കം വി ഡി സതീശൻ സർക്കാർ വഖഫ് ബോർഡ് അംഗത്വം നൽകി. സമസ്‌തയെ മാത്രം പുറത്തുനിർത്തിയതിൽ നേതൃത്വത്തിലും പോഷക സംഘടനകളിലുമെല്ലാം എതിർപ്പുണ്ട്. മുസ്‌തഫൽ ഫൈസിയെ അംഗീകരിക്കില്ലെന്ന കാര്യത്തിലും ഇവർ ഒറ്റക്കെട്ടാണ്. ഭിന്നത സൃഷ്‌ടിക്കാനുള്ള ലീഗ് നീക്കങ്ങളെ ഏകസ്വരത്തിലാണ് നേതാക്കളെല്ലാം എതിർക്കുന്നത്. ഇതും ലീഗിനെ കുഴക്കുന്നു.








0 comments