print edition സ്വര്‍ണത്തില്‍ റീനിയം: സമഗ്രാന്വേഷണം വേണമെന്ന് വ്യാപാരികള്‍

വാണിജ്യകാര്യ ലേഖകൻ
Published on Nov 28, 2026, 01:48 AM | 1 min read
കൊച്ചി: സ്വര്‍ണാഭരണങ്ങളില്‍ തൂക്കംകൂട്ടാന്‍ വില കുറഞ്ഞ ലോഹമായ "റീനിയം' ചേര്‍ക്കുന്ന പുതിയ തട്ടിപ്പ് ഉത്തരേന്ത്യയില്‍ റിപ്പോര്‍ട്ടുചെയ്‌ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമഗ്രാന്വേഷണം വേണമെന്ന് സ്വര്‍ണാഭരണ വ്യാപാരികള്‍. കേരളത്തില്‍ ഇതുവരെ ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തിയിട്ടില്ല. കേരളത്തിൽ എല്ലാ അംഗീകൃത വ്യാപാരികളും സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി പരിശോധിച്ചുറപ്പാക്കുന്നുണ്ടെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് അബ്-ദുൾ നാസര്‍ പറഞ്ഞു. എങ്കിലും ഉത്തരേന്ത്യയില്‍നിന്നും അനധികൃത സ്വര്‍ണ റിഫൈനറികളില്‍നിന്നും മായംചേര്‍ന്ന സ്വര്‍ണം എത്താന്‍ സാധ്യതയുള്ളതിനാലാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിനോട് (ബിഐഎസ്) സമഗ്രാന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ ജോദ്‌പുരിലാണ് 91.6 ശതമാനം (22 കാരറ്റ്) ശുദ്ധി രേഖപ്പെടുത്തിയ ആഭരണത്തില്‍ റീനിയംപൊടി ചേര്‍ത്ത് തൂക്കംകൂട്ടുന്നത് കണ്ടെത്തിയത്. വിമാനങ്ങളുടെ എന്‍ജിന്‍നിര്‍മാണത്തിനും എണ്ണശുദ്ധീകരണശാലകളിലും മറ്റും ഉപയോഗിക്കുന്ന, കനത്ത ചൂടിനെ അതിജീവിക്കാന്‍ കഴിവുള്ള അപൂര്‍വ ലോഹമാണ് റീനിയം. സ്വര്‍ണത്തില്‍ പൂര്‍ണമായും ലയിച്ചുചേരാതെ നില്‍ക്കുന്നതിനാല്‍ സാധാരണ ഉപയോഗിക്കുന്ന എക്-സ്‌റേ ഫ്ലൂറസെന്‍സ് (എക്-സ്‌ആര്‍എഫ്) പരിശോധനയിലോ ഹാള്‍മാര്‍ക്കിങ് പരിശോധനയിലോ പിടിക്കപ്പെടില്ലെന്നതുമാണ് തട്ടിപ്പുകാരെ ആകര്‍ഷിക്കുന്നത്. സ്വര്‍ണത്തിന്റെ അതേ സാന്ദ്രതയായതിനാല്‍ ചേര്‍ത്താല്‍ തൂക്കവും കൂടും. സ്വര്‍ണത്തില്‍ ഒരു ഗ്രാം റീനിയം ഉപയോഗിക്കുമ്പോള്‍ത്തന്നെ തട്ടിപ്പുകാര്‍ക്ക് 11,000 രൂപയിലധികമാണ് ലാഭം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് നിലവില്‍ 11,770 രൂപയും വ്യാവസായിക ആവശ്യത്തിനുള്ള റീനിയത്തിന് 500–600 രൂപയുമാണ് വിപണിവില. തട്ടിപ്പില്‍ പെടാതിരിക്കാന്‍ വിശ്വസ്-ത സ്ഥാപനങ്ങളില്‍നിന്നുമാത്രം സ്വര്‍ണം വാങ്ങുകയും ബിഐഎസ് കെയര്‍ ആപ്പിലൂടെ ആഭരണങ്ങളിലെ എച്ച്-യുഐഡി നമ്പര്‍ പരിശോധിക്കുകയും കൃത്യമായ ബില്‍ വാങ്ങുകയും ചെയ്യണമെന്ന് വ്യാപാരികള്‍ പറയുന്നു.









0 comments