print edition ജമാഅത്തെ ഇസ്ലാമി മതതീവ്രവാദ സംഘടന "നിരോധിക്കേണ്ടിവരും'; യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു

പി വി ജീജോ
Published on Dec 07, 2025, 12:00 AM | 1 min read
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്ന യുഡിഎഫ് സർക്കാരിന്റെ സത്യവാങ്‌മൂലം ചർച്ചയാകുന്നു. സർക്കാരിന്റെ നിരീക്ഷണത്തിലുള്ള ദേശദ്രോഹസ്വഭാവം പുലർത്തുന്ന ജമാഅത്തെ ഇസ്ലാമിയെ വേണ്ടിവന്നാൽ നിരോധിക്കുമെന്നും വ്യക്തമാക്കുന്ന സത്യവാങ്‌മൂലമാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ സമർപ്പിച്ചത്. തദ്ദേശതെരഞ്ഞെടുപ്പിൽ സഖ്യം സ്ഥാപിച്ച് ജമാഅത്തെ ഇസ്ലാമിയെ വിശുദ്ധവൽക്കരിക്കവെയാണ് കോൺഗ്രസ്–മുസ്ലിംലീഗ് നേതാക്കളുടെ കാപട്യം ചർച്ചാവിഷയമായത്.
ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ–വർഗീയമുഖം വരച്ചുകാട്ടുന്ന സത്യവാങ്മൂലം 2014 ജനുവരി 21 ന് ആഭ്യന്തരവകുപ്പ് തയ്യാറാക്കി. അണ്ടർസെക്രട്ടറി കെ മേരിജോസഫ് 28ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനം,ഫണ്ട് , ആശയങ്ങൾ എന്നിവയെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് അബ്ദുൾസമദ് എന്നയാൾ നൽകിയ പൊതുതാൽപര്യഹർജിയുടെ വാദത്തിനിടെയാണ് യുഡിഎഫ് സർക്കാർ സത്യവാങ്ങ്മൂലം സമർപ്പിച്ചത്.
ജമാഅത്തെ ഇസ്ലാമിയുടെ ആത്യന്തികലക്ഷ്യം ഇസ്ലാമിക രാഷ്ട്രസ്ഥാപനമാണെന്നാണ് ഇതിലുള്ളത്. ഇപ്പോഴത്തെ ജമാഅത്തെ–യുഡിഎഫ് സഖ്യത്തിന്റെ ശിൽപിയായ പി കെ കുഞ്ഞാലിക്കുട്ടി ആ സർക്കാരിൽ രണ്ടാമനായിരുന്നു. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി. മുസ്ലിംലീഗിന് അന്ന് അഞ്ച് മന്ത്രിമാരുമുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രവാദികളല്ലെന്ന് സർട്ടിഫിക്കറ്റ് നൽകിയ പ്രതിപക്ഷനേതാവ് വി ഡി സതീശൻ അന്ന് ഭരണകക്ഷി എംഎൽഎ.
എൻഡിഎഫ്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, മൈനോറിറ്റി റൈറ്റ് വാച്ച്, ഇസ്ലാമിക് സ്‌റ്റുഡന്റ്‌സ് അസോസിയേഷൻ, വഹ്‌ദത്തെഇസ്ലാമി എന്നീ ഇസ്ലാമിക മൗലികവാദ സംഘടനകൾ ജമാഅത്തെ ഇസ്ലാമിയുടെ ആദർശത്തിൽനിന്ന് ആവേശഭരിതരായതാണെന്ന് യുഡിഎഫ് സർക്കാർ സത്യവാങ്‌മൂലത്തിൽ വിശദീകരിച്ചിരുന്നു. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ ഭരണഘടന, നിയമങ്ങൾ എന്നിവയോടുള്ള അവഗണനയും വെറുപ്പും പ്രകടമാക്കുന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്.
ദേശദ്രോഹ ആശയങ്ങളുള്ള 14 പുസ്‌തകങ്ങൾ ജമാഅത്തെ പ്രസിദ്ധീകരണവിഭാഗമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ജോലികള്‍ സ്വീകരിക്കുന്നതിന് സംഘടന എതിരാണ്. കോടതിയെ സമീപിക്കുന്നതിനെയും എതിര്‍ക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ശ്രദ്ധയിൽപ്പെട്ടാൽ നിരോധിക്കാൻ നടപടി സ്വീകരിക്കുമെന്നും സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിരുന്നു.










0 comments