പുരോഗമനപക്ഷത്ത് നിലയുറപ്പിച്ച എഴുത്തുകാരൻ
print edition ജേക്കബ് നായത്തോട് അന്തരിച്ചു

അങ്കമാലി
സാഹിത്യകാരനും ഭാഷാപണ്ഡിതനുമായ ജേക്കബ് നായത്തോട് (കെ വി ജേക്കബ്– 76) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖംമൂലം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ രാവിലെ ഒന്പതോടെയായിരുന്നു അന്ത്യം. സംസ്കാരം ബുധൻ പകൽ 11ന് നായത്തോട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി അങ്കമാലി ഡി പോൾ കോളേജിൽ അധ്യാപകനായി ഒൗദ്യോഗിക ജീവിതം നയിച്ച ഇദ്ദേഹം നോവലിസ്റ്റ്, ചെറുകഥാകൃത്ത്, വിജ്ഞാനസാഹിത്യകാരൻ എന്നീ നിലകളിലാണ് അറിയപ്പെട്ടത്. 1975ൽ ചിന്ത നോവൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട "പനമ്പ്' 1981ൽ ചിന്ത പ്രസിദ്ധീകരിച്ചു. 1987ൽ ചെറുകഥയ്‌ക്കുള്ള പ്രഥമ അബുദാബി ശക്തി അവാർഡ് "കാവൽക്കാർ' എന്ന കഥയ്‌ക്ക് ലഭിച്ചു. ആനുകാലികങ്ങളിൽ കഥകളും ഗവേഷണ പ്രബന്ധങ്ങളും എഴുതിയിരുന്നു.
തടവറയിലെ വിശുദ്ധർ, കണ്ണകിയൂര്, സംഘകാലത്തെ ജനജീവിതം, സിന്ധുനദിയുടെ തീരങ്ങളിൽ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച "പദവിവര വിജ്ഞാനകോശം' എന്നിവയാണ് മറ്റു രചനകൾ. ഭാരതീയ വിജ്ഞാന നിഘണ്ടു, അടിമക്കാശ് എന്നീ പുസ്തകങ്ങൾ പുറത്തിറങ്ങാനുണ്ട്. പുരോഗമന കലാസാഹിത്യ സംഘം അങ്കമാലി ഏരിയ കമ്മിറ്റി അംഗം, വി ടി സ്മാരക ട്രസ്റ്റ് നിർവാഹക സമിതി അംഗം, സിപിഐ എം അങ്കമാലി ലോക്കൽ കമ്മിറ്റി അംഗം, നായത്തോട് സ്‌കൂൾ ബ്രാഞ്ചംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
അങ്കമാലി നായത്തോട് കുറുപ്പൻ വീട്ടിൽ വർഗീസിന്റെയും മറിയാമ്മയുടെയും മകനാണ്. ഭാര്യ: എൻ പി ലൂസി (റിട്ട. കൃഷിവകുപ്പ്, നടുവട്ടം നെടുന്തള്ളി കുടുംബാംഗം). മക്കൾ: മിലിൻ മേരി, സച്ചിൻ ജേക്കബ്. മരുമകൻ: ഏലിയാസ്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജോൺ ഫെർണാണ്ടസിന്റെ ഭാര്യ എൻ പി ജെസി ഭാര്യാസഹോദരിയാണ്.
പുരോഗമനപക്ഷത്ത് നിലയുറപ്പിച്ച എഴുത്തുകാരൻ
വർഗീസ് പുതുശേരി
എന്നും പുരോഗമനപക്ഷത്ത് നിലയുറപ്പിച്ച സാഹിത്യകാരനെയാണ് ജേക്കബ് നായത്തോടിന്റെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടമായത്. വിദ്യാർഥികാലത്തുതന്നെ എഴുത്തിലേക്ക് ആകൃഷ്‌ടനായ അദ്ദേഹം ദേശാഭിമാനി സ്‌റ്റഡി സർക്കിളിലും പിന്നീട് പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിലും സജീവമായി. സാധാരണക്കാരുടെ ജീവിതവും ചുറ്റുപാടുകളും രചനകളിൽ പകർത്തിയ അദ്ദേഹം, പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായിനിന്ന് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനും അവസാനനാൾവരെ ഉത്സാഹിച്ചു.
അങ്കമാലി ഡി പോൾ കോളേജിൽ അധ്യാപകനായിരിക്കെ സാഹിത്യരംഗത്ത് തന്റേതായ ഇടം കണ്ടെത്തി. അരനൂറ്റാണ്ട് നീണ്ട സാഹിത്യപ്രവർത്തനത്തിനിടെ സർഗാത്മക സാഹിത്യത്തിലും വൈജ്ഞാനിക സാഹിത്യത്തിലും ശ്രദ്ധേയമായ രചനകൾ നടത്തി. പുരോഗമന കലാസാഹിത്യ സംഘം രൂപീകരണസമയത്ത് ദേശാഭിമാനി സ്റ്റഡി സർക്കിൾ ജില്ലാ സെക്രട്ടറിയായിരുന്നു. ചുറ്റുപാടുമുള്ള സാധാരണ മനുഷ്യരുടെ ജീവിതമായിരുന്നു അദ്ദേഹം കഥകളിലും നോവലുകളിലും പകർത്തിയത്. ചരിത്രവും സാമൂഹ്യജീവിതവും ഇഴചേർന്ന സൗന്ദര്യമാണ് എഴുത്തിൽ സൃഷ്ടിച്ചത്. ജനിച്ചുവളർന്ന പ്രദേശത്തെ പരമ്പരാഗത തൊഴിലാളികളായ ഈറ്റ -–പനമ്പ് നെയ്ത്തുകാരുടെ കഥ പറയുന്നതാണ് "പനമ്പ്' എന്ന നോവൽ. നെടുമ്പാശേരി വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുത്തപ്പോൾ കിടപ്പാടം വിട്ടുകൊടുത്തവരുടെ ജീവിതം ആവിഷ്കരിച്ച ‘തടവറയിലെ വിശുദ്ധർ’ എന്ന നോവലും സാമൂഹ്യപ്രതിബദ്ധതയുടെ ആഴവും സൗന്ദര്യവുമുള്ള കൃതിയാണ്. നൂറോളം ചെറുകഥകളും രചിച്ചിട്ടുണ്ട്. സിന്ധുനദിയുടെ തീരങ്ങളിൽ, കണ്ണകി ഊര് എന്നീ നോവലുകളും പദവിവര വിജ്ഞാനകോശവും ശ്രദ്ധേയമായ കൃതികളാണ്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പദവിവരവിജ്ഞാനകോശം അക്കാദമിക് മൂല്യമുള്ള രചനയാണ്. അവസാന നാളുകളിൽ ചരിത്രവിജ്ഞാനകോശത്തിന്റെ രചനയിലായിരുന്നു. അതിന്റെ കൈയെഴുത്തുപ്രതി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയിരുന്നു.











0 comments