ad
Deshabhimani

print edition ‘ജമാഅത്തെ ഇസ്ലാമിയെപ്പോലൊരു മത സംഘടന’; സമസ്‌തയെ അവഹേളിച്ച്‌ ലീഗ്‌

samastha and league
വെബ് ഡെസ്ക്

Published on Mar 20, 2026, 12:00 AM | 1 min read

കോഴിക്കോട്‌: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ പോലെ തന്നെ ഒരു മതസംഘടനയാണ്‌ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്ന്‌ മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ഇംഗ്ലീഷ്‌ പത്രത്തിന്‌ നൽകിയ അഭിമുഖത്തിലാണ്‌ ലീഗ്‌ നേതാവിന്റെ അധിക്ഷേപ പരാമർശം. ജമാഅത്തെയെ നിശിതമായി വിമർശിക്കുന്ന സമസ്തയെ അവരുമായി കൂട്ടിക്കെട്ടി അവഹേളിച്ചിരിക്കുകയാണ്‌ സലാം. മുന്പും സമസ്‌തയെയും സംസ്ഥാന പ്രസിഡന്റ്‌ ജിഫ്രി തങ്ങളെയും സലാം അധിക്ഷേപിച്ചിരുന്നു.


ജമാഅത്തെയെപ്പോലൊരു മതസംഘടനയെന്ന്‌ വിശേഷിപ്പിച്ചത്‌ അപമാനകരമാണെന്ന വികാരമാണ്‌ സമസ്ത നേതൃത്വത്തിനുള്ളത്‌. മതരാഷ്ട്രവാദവും തീവ്രവാദവും പിന്തുടരുന്ന ജമാഅത്തെയെ അംഗീകരിക്കാത്ത നിലപാടാണ്‌ സമസ്ത പിന്തുടരുന്നത്‌. ജമാഅത്തെയുമായി ലീഗ്‌ ബന്ധം പുലർത്തരുതെന്ന ആവശ്യവും നിരവധി തവണ പ്രകടിപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞമാസം നടന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിലടക്കം പ്രധാന പ്രമേയം ജമാഅത്തെ ഇസ്ലാമിക്കെതിരായിരുന്നു. മ‍ൗദൂദിസത്തിൽ അധിഷ്‌ഠിതമായ തീവ്രവാദനിലപാട്‌ തുടരുന്ന ജമാഅത്തെ ഇസ്ലാമിയെ ഒറ്റപ്പെടുത്തണമെന്ന പ്രമേയം വലിയ ചർച്ചയായി. എന്നാൽ സമസ്ത പ്രമേയത്തിന്റെ അലയടങ്ങും മുന്പാണ്‌ ലീഗ്‌ നേതാവ്‌ ജമാഅത്തെയുമായി സമീകരിച്ച്‌ സമസ്‌തയെ ചാപ്പകുത്തിയത്‌. ഇതിനെതിരെ ശക്തമായി പ്രതിഷേധമുണ്ടാകുമെന്നാണ്‌ സൂചന.


അപമാനകരം: ഉമർഫൈസി മുക്കം


സമസ്ത കേരള ജമാഅത്തെ ഇസ്ലാമിയെ മതരാഷ്ട്രവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുമായി താരതമ്യംചെയ്യുന്നത്‌ അപമാനകരമെന്ന്‌ സമസ്ത സെക്രട്ടറി ഉമർഫൈസി മുക്കം. നൂറ്റാണ്ടിന്റെ പാരന്പര്യമുള്ള സമസ്തയുടെ ചരിത്രം തീവ്രവാദത്തിനും മതരാഷ്ട്രവാദത്തിനുമെതിരായ ഉറച്ച നിലപാടാണ്‌. ഇ‍ൗ ആദർശമാണ് കഴിഞ്ഞ മാസം നടന്ന നൂറാം വാർഷിക സമ്മേളനത്തിലും ഉയർത്തിപ്പിടിച്ചത്‌. ജമാഅത്തെയോട്‌ വിട്ടുവീഴ്‌ചയില്ലാത്ത നയം തുടരുന്ന സമസ്ത അവരെപ്പോലൊരു മതസംഘടനയായി ചിത്രീകരിക്കുന്നത്‌ അംഗീകരിക്കാനാവില്ല. ഇത്‌ ഞങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ലീഗ്‌ നേതൃത്വത്തിലെ ഒരുവിഭാഗം നേരത്തെയും സമസ്തയെക്കുറിച്ച്‌ അധിക്ഷേ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്‌. ഇത്‌ പ്രതിഷേധാർഹമാണെന്നും ഉമർഫൈസി ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home