ഓർമയുണ്ടോ സിഎച്ചിന്റെ വാക്കുകൾ
print edition ലീഗ് മന്ത്രിമാർ ഒറ്റുകാരെന്ന് അണികൾ


സ്വന്തം ലേഖകൻ
Published on Jun 19, 2026, 01:09 AM | 1 min read
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച മന്ത്രിസഭായോഗത്തിൽ മിണ്ടാതിരുന്ന ലീഗ് മന്ത്രിമാർ സമുദായത്തിന്റെ ഒറ്റുകാരാണെന്ന് അണികൾ. പദ്ധതിയിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി മന്ത്രിസഭാ ഉപസമിതിക്ക് കത്തയച്ചു. കൂടുതൽ കമ്മിറ്റികൾ ഇത്തരം പ്രതിഷേധത്തിന് ഒരുങ്ങുന്നു.
‘കടലിൽ മുസല്ലയിട്ട് നിസ്‌ക്കരിച്ചാലും ആർഎസ്എസുമായി കൂട്ടുകൂടില്ലെ’ന്ന സി എച്ച് മുഹമ്മദ്‌കോയയുടെ വാക്ക് ഓർമിപ്പിച്ചാണ് സമൂഹമാധ്യമങ്ങളിൽ വിമർശം. നേതൃത്വം പ്രതികരിക്കണമെന്ന ആവശ്യവും ശക്തം.
ആർഎസ്‌എസിന് സർക്കാർ പൂർണമായും കീഴടങ്ങി, ആയിരം കോടിക്കുവേണ്ടി സമുദായത്തെ എന്തിന് വഞ്ചിച്ചു? എന്നിങ്ങനെയാണ് ലീഗ് വാട്‌സാപ് ഗ്രൂപ്പുകളിലെ ചർച്ച. കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും എത്രവേഗം കാലുമാറിയെന്നും അണികൾ ചോദിക്കുന്നു. ഇവരുടെ പഴയ പ്രസംഗങ്ങൾ ട്രോളുകളാക്കി പ്രചരിപ്പിക്കുന്നുമുണ്ട്. ഇതോടെ, പല ഗ്രൂപ്പുകളും അഡ്‌മിൻ ഒൺലിയാക്കി. ബാബ്‌റി മസ്‌ജിദ് ഭൂമിയിൽ ശിലാന്യാസത്തിന് കൂട്ടുനിന്നത്, കർസേവക്ക് ഒത്താശചെയ്‌ത കോൺഗ്രസ് സർക്കാരിനെ പിന്തുണച്ചത് തുടങ്ങി ലീഗിന്റെ പഴയ ചെയ്‌തികളും ചിലർ കുത്തിപ്പൊക്കുന്നു.
പിഎം ശ്രീയിൽ ഒപ്പിടാനുള്ള സർക്കാർ തീരുമാനം യുഡിഎഫിൽ ചർച്ച ചെയ്‌തില്ലെന്ന വികാരം ലീഗിൽ പുകയുകയാണ്. മലപ്പുറത്തടക്കം ഒരുവിഭാഗം രഹസ്യയോഗം ചേർന്നതായും വിവരമുണ്ട്. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതിയിലായെന്ന് എംഎസ്‌എഫ് നേതാക്കളും വിലപിക്കുന്നു.










0 comments