print edition പ്രതിയെ അറിഞ്ഞിട്ടും ഒളിപ്പിച്ചുവച്ചു; പൊളിഞ്ഞത് ലീഗിന്റെ കലാപ നീക്കം


സ്വന്തം ലേഖകൻ
Published on Mar 27, 2026, 12:15 AM | 1 min read
മലപ്പുറം : മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്കെതിരായ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്‌റ്റിട്ട പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞപ്പോൾ പൊളിഞ്ഞത് ലീഗിന്റെ കലാപ നീക്കം. ദൃശ്യങ്ങൾ പങ്കുവച്ചത് ആരാണെന്ന് നേരത്തെ അറിവുണ്ടായിട്ടും അത് മറച്ചുവച്ച് അണികളെ സിപിഐ എമ്മിനെതിരെ കലാപാഹ്വാനത്തിന് തള്ളിവിടുകയായിരുന്നു ലീഗ് നേതാക്കൾ.
കഴിഞ്ഞ 21ന് ‘ഷാനു ഷാനു’ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിലാണ് വിവാദ ദൃശ്യങ്ങൾ പങ്കുവച്ചത്. പോസ്‌റ്റ് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ലീഗ് നേതാക്കൾ സിപിഐ എമ്മിനെതിരെ രംഗത്തെത്തി. ഇടതുപക്ഷത്തിനുവേണ്ടി സൈബർ ഇടങ്ങളിൽ ഇടപെടുന്ന അഫ്‌സൽ പാണക്കാടാണ് പോസ്‌റ്റിനുപിന്നിലെന്ന് ആരോപിച്ച് മുൻ മന്ത്രി പി കെ അബ്ദുറബ് രംഗത്തെത്തി.
അഫ്‌സലിന് സിപിഐ എം നേതാക്കളുമായും മന്ത്രിമാരുമായും സ്വതന്ത്ര എംഎൽഎയുമായും ബന്ധമുണ്ടെന്നും തട്ടിവിട്ടു. തുടർന്ന് ലീഗ് സൈബറിടങ്ങൾ അഫ്സലിനെതിരെ കടുത്ത ആക്രമണവുമായി രംഗത്തെത്തി. പ്രവാസിയായ അഫ്‌സലിന്റെ ജോലി കളഞ്ഞുവെന്നും സൗദി ജയിലിൽ അടച്ചെന്നും പ്രചരിപ്പിച്ചു. ഇതിനെതിരെ അഫ്‌സലിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകി.
പോസ്‌റ്റിനുപിന്നിൽ തട്ടിപ്പുസംഘമാണെന്ന് അറിഞ്ഞിട്ടും മുഇൗൻ അലി തങ്ങളും സാദിഖലി തങ്ങളും അത് മറച്ചുവച്ചത് എന്തിനാണെന്ന ചോദ്യമാണുയരുന്നത്. പ്രതി ആരാണെന്ന് അറിഞ്ഞിട്ടും അത് പൊലീസിന് കൈമാറാനോ പൊതുസമൂഹത്തിൽ പങ്കുവയ്ക്കാനോ ലീഗ് നേതാക്കൾ തയ്യാറായില്ല.
അപകീർത്തി പോസ്‌റ്റിനെ തള്ളുന്ന സമീപനമാണ് സിപിഐ എം നേതാക്കൾ കൈക്കൊണ്ടത്. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ അപവാദപ്രചാരണങ്ങളെ തള്ളി രംഗത്തെത്തി. കെ ടി ജലീൽ എംഎൽഎ സാദിഖലി തങ്ങളെ പിന്തുണച്ച് ഫേസ്‌ബുക്ക് കുറിപ്പുമിട്ടു. ഇടതുപക്ഷ നേതാക്കളാരും അപവാദ പ്രചാരണത്തിന് മുതിർന്നില്ല.










0 comments