മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഘടകകക്ഷികളല്ല; മത്സരിക്കാത്തവർ മുഖ്യമന്ത്രിയാകുന്നത് കോൺഗ്രസിൽ സാധാരണം: എം എം ഹസൻ

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാതെ കോൺഗ്രസിൽ അടി തുടരുന്നതിനിടെ ലീഗിനെ പരോക്ഷമായി വിമർശിച്ച് മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ എം എം ഹസൻ. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഘടകകക്ഷികളല്ല, കോൺഗ്രസ് ആണെന്നും ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും എം എം ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ മുഖ്യമന്ത്രി ചർച്ചകൾക്കായി ഡൽഹിയിലാണ് ഹസൻ അടക്കമുള്ള മുതിർന്ന നേതാക്കൾ. പാർലമെന്ററി പാർടിയുടെ കാര്യം തീരുമാനിക്കേണ്ടത് ഘടക കക്ഷികളല്ല, ഘടക കക്ഷികളോട് അഭിപ്രായം ചോദിച്ചാൽ പറയാം. ഐക്യമുന്നണി സംവിധാനമായതുകൊണ്ടുമാത്രം അവരോട് അഭിപ്രായം ചോദിച്ചു, അവർക്ക് മറുപടി പറയാം. കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാണെന്ന് കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടത്- എം എം ഹസൻ പറഞ്ഞു. മുസ്ലിം ലീഗ് വി ഡി സതീശന് പിന്തുണ നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഹസന്റെ മറുപടി.
അസാധാരണമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ അസാധാരണ തീരുമാനങ്ങൾ ഉണ്ടാകും. ഹൈക്കമാൻഡിന് ആരെയും എപ്പോൾ വേണമെങ്കിലും ഞങ്ങളെയൊക്കെ വിളിക്കാം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ഒരുപാടൊന്നും വൈകിയിട്ടില്ലെന്നും എം എം ഹസൻ പറഞ്ഞു.
മത്സരിക്കാത്തവർ ഇതിനു മുമ്പും മുഖ്യമന്ത്രിയായിട്ടുണ്ട്. കോൺഗ്രസിൽ ഇതൊക്കെ സാധാരണമാണ്. ഹൈക്കമാൻഡ് അതിൽ തീരുമാനമെടുക്കും. മൂന്നു പേരുടെ കാര്യത്തിലും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. അതെല്ലാം പരിഗണിച്ച് ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കും. മുഖ്യമന്ത്രി ചർച്ച വലിയ വിവാദമാക്കിയത് മാധ്യമങ്ങളാണെന്നും സോഷ്യൽ മീഡിയ പറയുന്നതനുസരിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പറ്റില്ലെന്നും എം എം ഹസൻ പറഞ്ഞു.










0 comments