ഇറാൻ–ഇസ്രയേൽ സംഘർഷം ; കേരളീയർ സുരക്ഷിതർ , നോർക്ക കോൾ സെന്റർ സജ്ജം

തിരുവനന്തപുരം
ഇറാനിലെയും ഇസ്രയേലിലെയും കേരളീയർ നിലവിൽ സുരക്ഷിതരാണെന്ന് നോർക്ക റൂട്ട്‌സ്. മിസൈൽ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും കേരളീയർ പങ്കുവച്ചു. ഇസ്രയേലിലെ ടെൽ അവീവിലും ഇറാനിലെ തെഹ്‌റാനിലും സാഹചര്യം ഗുരുതരമായി തുടരുന്നു. ഇറാനിലെ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ എംബിബിഎസ് വിദ്യാർഥികളായ 12 പേരും ബിസിനസ് ആവശ്യത്തിന് തെഹ്റാനിലേയ്ക്ക് പോയ കേരളീയ സംഘവും നോർക്കയുമായി ബന്ധപ്പെട്ടു.
വിദ്യാർഥികൾ ഡോർമെറ്ററിയിൽ സുരക്ഷിതരാണ്. വിവരങ്ങൾ കേന്ദ്ര വിദേശ മന്ത്രാലയംവഴി തെഹ്‌റാനിലെ ഇന്ത്യൻ എംബസിയിൽ അറിയിച്ചു. ബിസിനസ് സംഘം തെഹ്‌റാനിൽനിന്ന് തദ്ദേശീയരായ ഇറാനികളുടെ സഹായത്തോടെ 10 മണിക്കൂർ യാത്ര ദൈർഘ്യമുള്ള യെസ്ഡി എന്ന സ്ഥലത്തേക്കാണ് മാറിയത്. യെസ്ഡിയിൽനിന്ന് നാലു മണിക്കൂർ യാത്രാ ദൈർഘ്യമുള്ള ബന്ദർ അബ്ബാസ് തുറമുഖത്തുനിന്ന് ജിസിസിയിലേക്ക് യാത്ര ചെയ്യാമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെയും പൗരന്മാരേയും റോഡ് മാർഗം അർമേനിയയുടെ തലസ്ഥാനമായ യെരാവാനിലേക്ക് മാറ്റാൻ വിദേശ മന്ത്രാലയവും ഇന്ത്യൻ എംബസിയും നീക്കം ആരംഭിച്ചു. ഇസ്രയേലിലെ മലയാളികൾ ലോകകേരള സഭാംഗങ്ങളുമായി സംസാരിച്ചു. രാത്രിയിൽ മിസൈൽ ആക്രമണം ഉണ്ടായിരുന്നു. എമർജൻസി പ്രോട്ടോക്കോൾ ഉള്ളതുകൊണ്ട് അപ്പാർട്ട്‌മെന്റുകളിലെ ബങ്കറുകളിൽ സുരക്ഷിതരായി കഴിയുന്നുവെന്നാണ് അറിഞ്ഞത്.
കേരളീയരായ കെയർഗിവേഴ്‌സ്, പാരാമെഡിക്കൽ ജീവനക്കാർ, നഴ്‌സുമാർ, വിദ്യാർഥികൾ തുടങ്ങിയവർ ഇസ്രയേലിലുണ്ട്. സഹായം നൽകുന്നതിന് വിദേശ മന്ത്രാലയം കോൾ സെന്റർ തുടങ്ങിയിട്ടുണ്ട്. തെഹ്‌റാൻ, ടെൽഅവീവ് എംബസികളിലും ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. നോർക്കയുടെ കോൾസെന്റർ സജ്ജമാണെന്നും നോർക്ക സിഇഒ അജിത് കോളശേരി പറഞ്ഞു.
താളംതെറ്റി വിമാനസർവീസുകൾ
ഇറാൻ–- ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കുള്ള വിമാനസർവീസുകൾ താളംതെറ്റുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ആറു വിമാനം റദ്ദാക്കി. ബുധനാഴ്‌ച പോകേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഷാർജ– -കരിപ്പൂർ, നെടുമ്പാശേരി–-ഷാർജ, കണ്ണൂർ– ഷാർജ, ബഹ്റൈൻ–-കരിപ്പൂർ, കരിപ്പൂർ–- ബഹ്റൈൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂർ– കുവൈത്ത്, കണ്ണൂർ–- കുവൈത്ത്, മസ്‌കത്ത്–- കണ്ണൂർ, മസ്‌കത്ത്–-കരിപ്പൂർ സർവീസുകൾ മണിക്കൂറുകൾ വൈകി.








0 comments