print edition മന്ത്രി മുരളീധരന്റെ പേരിൽ 300 കോടിയുടെ നിക്ഷേപത്തട്ടിപ്പ്; 7000 പേർക്ക് പണം നഷ്‌ടമായി

കോഴിക്കോട്: മന്ത്രി കെ മുരളീധരൻ ചീഫ് പ്രൊമോട്ടറായി രൂപീകരിച്ച "ഫാം ഫെഡ്' സൊസൈറ്റി നടത്തിയ നിക്ഷേപത്തട്ടിപ്പുകളിൽ 7000 പേർക്ക് പണം നഷ്‌ടമായി. കോഴിക്കോട് നടക്കാവ് കേന്ദ്രമായി പ്രവർത്തിച്ച സതേൺ ഗ്രീൻ ഫാമിങ് ആൻഡ് മാർക്കറ്റിങ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി(ഫാം ഫെഡ്)യുടെ മാനേജ്മെന്റും ഏജന്റുമാരും ചേർന്നാണ് 300 കോടി തട്ടിയത്. കോഴിക്കോട് ജില്ലയിൽ മാത്രം ആയിരത്തിലധികം പേർ വഞ്ചിക്കപ്പെട്ടതായാണ് വിവരം. മുരളീധരൻ സൊസൈറ്റിയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
കെ മുരളീധരൻ ചീഫ് പ്രൊമോട്ടറായി 2008ലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തത്. പ്രവർത്തനം നിലച്ചപ്പോൾ 2021ൽ പുതിയസമിതി ഏറ്റെടുക്കുകയായിരുന്നു. നിക്ഷേപത്തിന് 13 ശതമാനം പലിശയായിരുന്നു വാഗ്‌ദാനം. മന്ത്രിക്ക് പുറമേ, ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ എംഎൽഎ, ചലച്ചിത്ര താരങ്ങൾ തുടങ്ങിയ വിവിധ രംഗങ്ങളിലെ പ്രമുഖരുടെ പേരുകളും ഉപയോഗിച്ചാണ് നിക്ഷേപകരെ ആകർഷിച്ചത്. കേന്ദ്ര-–സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുണ്ടെന്നും കേന്ദ്രത്തിന്റെ ഇൻഷുറൻസ് പരിരക്ഷയും റിസർവ് ബാങ്കിന്റെ ഓഡിറ്റിങ് സുരക്ഷയും ഉണ്ടെന്നും പ്രചരിപ്പിച്ചു.
2024 സെപ്‌തംബർ മുതൽ കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ തിരിച്ചുചോദിച്ചവർക്ക് വണ്ടിച്ചെക്കുകൾ നൽകി മാനേജ്മെന്റും ഏജന്റുമാരും സൊസൈറ്റി പൂട്ടി ഒളിവിൽപോയി. എന്നാൽ ഇതിനുശേഷവും ഏജന്റുമാർ വഴി തട്ടിപ്പ് തുടർന്നെന്നാണ് വിവരം. 2025 മാർച്ച് ആദ്യവാരത്തിൽ കോഴിക്കോട് സ്വദേശിയായ യുവതി നാലുലക്ഷം രൂപ നിക്ഷേപിച്ചു. ആദ്യ രണ്ടുമാസം പലിശയും നൽകിയിരുന്നു.പിന്നെ ഒന്നും ലഭിച്ചില്ല. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും പ്രവാസികളുമാണ് തട്ടിപ്പിന് ഇരയായവരിലധികവും.
അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ, ഐടി രംഗത്തുള്ളവർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ തട്ടിപ്പിനിരയായി. ഒരുകോടിയിലധികം രൂപ നിക്ഷേപിച്ചവരുണ്ടെന്നാണ് വിവരം. പ്രവാസികളെയും കുടുംബാംഗങ്ങളെയും കൂടുതൽ ലക്ഷ്യംവച്ചു. സംവിധായകനും സിനിമാ പ്രവർത്തകനുമായ സുനിൽകുമാറിനും പണം നഷ്‌ടമായി. മലപ്പുറം സ്വദേശിയായ പ്രവാസിക്ക് 63.50 ലക്ഷം രൂപ നഷ്‌ടമായി. നിക്ഷേപത്തട്ടിപ്പ് കേസിൽ തിരുവനന്തപുരത്ത് നിക്ഷേപകർ നൽകിയ പരാതിയിൽ എംഡി അഖിൻ ഫ്രാൻസിസ്, ചെയർമാൻ രാജേഷ് പിള്ള എന്നിവരെ അറസ്റ്റ്ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികൾ ബിനാമികളെ വച്ച് തൃശൂർ ആസ്ഥാനമായി മറ്റൊരു സൊസൈറ്റി രൂപീകരിച്ച് പുതിയ തട്ടിപ്പിന് കളമൊരുക്കുകയാണെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.
പൊലീസ് കേസെടുക്കുന്നില്ല: നിക്ഷേപകർ
കോഴിക്കോട്: നിക്ഷേപത്തട്ടിപ്പിന് ഇരയായവർ പൊലീസിനെ സമീപിച്ചിട്ടും കേസെടുക്കുന്നില്ലെന്ന് നിക്ഷേപകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വലിയ സാമ്പത്തിക -രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾക്കെതിരെ കൃത്യമായ തെളിവുകളോടെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകുന്നില്ല. പരാതി സ്വീകരിച്ച് രസീത് നൽകാൻപോലും മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്.
പ്രതികൾക്ക് രാജ്യം വിടാനും സ്വത്തുക്കൾ വകമാറ്റാനും തെളിവുകൾ നശിപ്പിക്കാനും മാത്രമാണ് പൊലീസ് നിലപാട് ഉപകരിക്കുക. സൊസൈറ്റി ഭാരവാഹികളെയും ഡയറക്ടർമാരെയും ഉടൻ അറസ്റ്റ് ചെയ്യണം. പൊലീസിന്റെ അനാസ്ഥയ്ക്കം വഞ്ചനയ്ക്കുമെതിരെ സമരം ആരംഭിക്കുമെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംവിധായകൻ സുനിൽകുമാർ, ആശ്ര, സുരേഷ് കുമാർ, സിനീഷ്, സുബൈർ തുടങ്ങിയവർ പങ്കെടുത്തു.










0 comments