ad
Deshabhimani

നിക്ഷേപ സ‍ൗഹൃദ കേരളം; കേന്ദ്രത്തിന്‌ ബദൽ

kerala development

പ്രതീകാത്മകചിത്രം

avatar
റഷീദ്‌ ആനപ്പുറം

Published on Mar 30, 2026, 02:48 PM | 4 min read

തിരുവനന്തപുരം : കഴിഞ്ഞ പത്ത്‌ വർഷംകൊണ്ട്‌ പൊതുമേഖലാ വ്യവസായങ്ങളുടെ കാര്യത്തിൽ കേരളം കൈവരിച്ചത്‌ തുല്ല്യതയില്ലാത്ത നേട്ടം. പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിച്ചും ലാഭത്തിലാക്കിയും മാത്രമല്ല, ദേശീയ തലത്തിൽ പൊതുമേഖലാസ്ഥാപനങ്ങളെ കൈയ്യൊഴിയുന്ന കേന്ദ്ര സർക്കാരിനുള്ള ബദൽ നയംകൂടിയാണ്‌ കേരളം സൃഷ്‌ടിക്കുന്നത്‌. പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിച്ചും മത്സരാധിഷ്ഠിതമാക്കി മാറ്റിയുമാണ്‌ കേരളം പുതിയൊരു മാതൃക സൃഷ്ടിച്ചത്‌. ഇതോടൊപ്പം നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും കേരളം വൻ കുതിപ്പാണുണ്ടാക്കിയത്‌. സൂക്ഷ്‌മ ചെറുകിട സംരംഭങ്ങളുടെ കാര്യത്തിലും കേരളത്തിന്റെ കുതിപ്പ്‌ വിസ്‌മയകരമാണ്‌.


കേന്ദ്രസർക്കാർ കൈയ്യൊഴിഞ്ഞ വെള്ളൂർ എച്ച് എൻ എൽ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച് കെപിപിഎൽ രൂപം നൽകി. കാസർകോട് ഭെൽ ഏറ്റെടുത്ത് കെൽ - ഇഎംഎൽ രൂപീകരിച്ചു. പുതുതായി കേരളാ റബർ ലിമിറ്റഡ് രൂപീകരിച്ചു. കയർ കോർപ്പറേഷനും ഫോം മാറ്റിംഗ്സും ലയിപ്പിക്കുകയും ചെയ്തു. ഓരോ പൊതുമേഖലാ സ്ഥാപനങ്ങൾക്കും വെവ്വേറെ മാസ്റ്റർ പ്ലാനുകളും തയ്യാറാക്കി. മില്ലുകൾക്കായി കോട്ടൺ ബോർഡ് രൂപീകരിച്ചു.


സൂക്ഷ്‌മ ചെറുകിട സംരംഭങ്ങൾ സംരംഭത്വ വർഷം പദ്ധതിയുടെ ഭാഗമായി 2025 നവംബർ 14 വരെ 3,59,247 സൂക്ഷ്‌മ ചെറുകിട സംരംഭങ്ങൾ (എം എസ് എം ഇ) രൂപീകരിക്കപ്പെട്ടു. 7.63 ലക്ഷം തൊഴിലും 23,145 കോടി രൂപയുടെ നിക്ഷേപവും സംസ്ഥാനത്ത് പദ്ധതിയിലൂടെ ഉണ്ടായി. സ്ത്രീകളുടെ സജീവ പങ്കാളിത്തമാണ് സംരംഭകത്വം പദ്ധതിയുടെ ഒരു പ്രത്യേകത 1,14, 464 സ്തീകൾ സംരംഭങ്ങൾ ആരംഭിച്ചു (31.86%). 41 ട്രാൻസ്ജെൻഡറുകളും സംരംഭങ്ങൾ തുടങ്ങി. മിഷൻ 1000 പദ്ധതിയുടെ ഭാഗമായി 1000 എം എസ് എം ഇകളെ 100 കോടി രൂപ വാർഷിക വിറ്റുവരവുള്ള സംരംഭങ്ങളാക്കി ഉയർത്താൻ പദ്ധതി നടപ്പാക്കി. ഇൻവെസ്റ്റ് കേരളാ ഗ്ലോബൽ സമ്മിറ്റ് വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിന് സംസ്ഥാനങ്ങൾ തമ്മിൽ കടുത്ത മത്സരത്തിന്റെ അന്തരീക്ഷം രൂപപ്പെട്ടിരിക്കുകയാണ്.


ഭൂമി ലഭ്യതയുൾപ്പെടെ വിഭവ പിന്തുണയുള്ള സംസ്ഥാനങ്ങൾ വലിയ ഇളവുകൾ പ്രഖ്യാപിച്ചാണ് വ്യവസായ നിക്ഷേപം ആകർഷിക്കുന്നത്. ഈ സാഹചര്യത്തിൽ നമ്മുടേതുപോലെ പാരിസ്ഥിതികമായി ഒട്ടേറെ പരിമിതികൾ ഉള്ള സംസ്ഥാനത്തിന് വലിയ വെല്ലുവിളികൾ നേരിട്ടു മാത്രമേ നിക്ഷേപം ആകർഷിക്കാനാവൂ. കഴിഞ്ഞ വർഷങ്ങളിൽ നിക്ഷേപ സൗഹൃദാന്തരീക്ഷത്തിൽ സൃഷ്ടിച്ച വൻ കുതിപ്പും മെച്ചപ്പെട്ട തൊഴിൽ ശേഷിയും ഉപയോഗപ്പെടുത്തി നിക്ഷേപം ആകർഷിക്കുന്നതിൽ ഗണ്യമായ മുന്നേറ്റം നമുക്ക് നടത്താനായി. ഇതിന്റെ തെളിവായിരുന്നു ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്. അൻപതോളം മുന്നൊരുക്ക പരിപാടികൾ നിക്ഷേപ സംഗമത്തിന് മുൻപായി കേരളം സംഘടിപ്പിച്ചു. ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിലും ദുബായിയിലും ഇൻ്റസ്ട്രിയൽ റോഡ്ഷോ സംഘടിപ്പിച്ചു. രാജ്യത്തെ ആദ്യ ഇൻ്റർനാഷണൽ ജെൻ എ ഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺക്ലേവ് എന്നിവയ്ക്ക് പുറമെ പത്തിലധികം സെക്ടറൽ കോൺക്ലേവുകൾ പൂർത്തിയാക്കി.


വിഴിഞ്ഞം തുറമുഖത്തിനായും മലബാർ മേഖലയ്ക്കായും പ്രത്യേക കോൺക്ലേവുകൾ സംഘടിപ്പിച്ചു. 449 കമ്പനികളിൽ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ഐകെജിഎസ് വേദിയിൽ തന്നെ ലഭിച്ചു. കേവലം പത്ത് മാസത്തിനുള്ളിൽ നിക്ഷേപ വാഗ്ദാനം നൽകിയ 104 വൻകിട കമ്പനികൾ അവരുടെ പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു. 35,463.070 കോടി രൂപയുടെ നിക്ഷേപവും 50,483 തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. നിക്ഷേപ വാഗ്ദാനങ്ങൾ യഥാർഥ നിക്ഷേപങ്ങളാക്കി മാറ്റുന്നതിന് വിപുലമായ പിന്തുണാ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിക്ഷേപ പ്രോത്സാഹനത്തിനായി ഓരോ മേഖലക്കും പ്രത്യേക നയങ്ങൾ പ്രഖ്യാപിച്ചു. ഇഎസ്ജി പോളിസി, ഹൈടെക് മാനുഫാക്ചറിങ് പോളിസി, കയറ്റുമതി പ്രോത്സാഹന നയം, ലോജിസ്റ്റിക്സ് പാർക്ക് പോളിസി എന്നിവ അംഗീകരിച്ചു.


കേരളം നിക്ഷേപ സൗഹൃദ സൂചികയിൽ ഒന്നാമത്


വ്യവസായ സമൂഹവും ട്രേഡ് യൂണിയനുകളും മറ്റ് സ്റ്റേക് ഹോൾഡർമാരുമുൾപ്പെടെ എല്ലാ വിഭാഗങ്ങളുമായും സർക്കാർ നിരന്തരം സംവദിച്ചു. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിച്ചു. നയങ്ങൾ കാലാനുസൃതമാക്കുന്നതിന് പ്രത്യേക സമിതികളെ നിയോഗിച്ചു. ഈസ് ഓഫ് ഡൂയിംഗ് പരിഷ്കാരങ്ങൾ ഫലപ്രദമായി നടപ്പിലാക്കി. പുതിയ വ്യവസായ നയം രൂപീകരിച്ചു. താഴെ തലം വരെ ഇവ പ്രയോഗതലത്തിൽ കൊണ്ടുവരുന്നതിന് നിഷ്കർഷ പുലർത്തി. ഇപ്രകാലം സർവതല സ്പർശിയായ മാറ്റങ്ങൾ സൃഷ്ടിച്ചാണ് വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുത്തത്. സംസ്ഥാനത്തിന്റെ വ്യവസായ മേഖലയെക്കുറിച്ച് ഉയർന്ന് കേട്ടിരുന്ന ഒരു പ്രധാന വിമർശനം വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിലെ കാലതാമസവും ചുവപ്പു നാടയുമായിരുന്നു. വിവിധ വകുപ്പുകളുടെ പല തരം അനുമതികൾ നേടുന്നതിനായി പല ഓഫീസുകൾ കയറേണ്ട അവസ്ഥയും സമയ നഷ്ടവും നിക്ഷേപകരുടെ മനം മടുപ്പിക്കുന്നതായിരുന്നു. ബ്യൂറോക്രസിയുടെ യാന്ത്രികതയും സംരംഭകർക്ക് പ്രയാസം സൃഷ്ടിച്ചു. ഈ പ്രക്രിയ സമൂലം ഉടച്ചു വാർത്തു കൊണ്ടല്ലാതെ നിക്ഷേപ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാനാവില്ലായിരുന്നു. ചരിത്രപരമായ മാറ്റമാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇക്കാര്യത്തിൽ സംഭവിച്ചത്. നിയമങ്ങളിലും ചട്ടങ്ങളിലും നടപടി ക്രമങ്ങളിലും വരുത്തിയ സമൂലമായ മാറ്റങ്ങളും സാങ്കേതിക മികവോടെ രൂപപ്പെടുത്തിയ ഏകജാലക അനുമതി സംവിധാനങ്ങളും ദൂരവ്യാപകമാറ്റത്തിന് കളമൊരുക്കി. ഇതിൽ പ്രധാനപ്പെട്ടതാണ് 2018 ലെ കേരളാ ഇൻവെസ്റ്റ്മെന്റ്‌ പ്രമോഷൻ ആന്റ്‌ ഫെസിലിറ്റേഷൻ ആക്റ്റ്. 7 നിയമങ്ങളും 10 ചട്ടങ്ങളും ഇതിലൂടെ ഭേദഗതി ചെയ്തു.


2017 ൽ ഇൻവെസ്റ്റ്മെൻ്റ് ഫെസിലിറ്റേഷൻ സെൻ്റർ സ്ഥാപിച്ചതും 2019ൽ എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്റ്റ് പാസാക്കിയതും നിക്ഷേപ സൗഹൃദാന്തരീക്ഷ സൃഷ്ടിക്ക് ബലം പകർന്നു. ഇതിന്റെ തുടർച്ചയാണ് 2020 ൽ ആവിഷ്കരിച്ച കെ. സ്വിഫ്റ്റ് എന്ന ഏകജാലക സംവിധാനം. 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 3. 5 വർഷം വരെ പ്രവർത്തിക്കാൻ കെ- സ്വിഫ്റ്റ് അക്നോളജ്മെന്റ്‌ മാത്രം മതി. അപേക്ഷകളിൽ 30 ദിവസത്തിനുള്ളിൽ തീരുമാനം എടുക്കുകയും അപേക്ഷകനെ ഇ മെയിൽ/ എസ്‌എംഎസ്‌ മുഖേന അറിയിക്കുകയും ചെയ്യുന്ന സൗകര്യം ഇതിലൂടെ ലഭിച്ചു. ഏത് വകുപ്പുകളുടെ അനുമതിക്കും പൊതുവായ അപേക്ഷ മതിയാകും. ചുവപ്പ് വിഭാഗത്തിൽ പെടാത്ത സംരംഭങ്ങൾക്ക് സ്വയം സാക്ഷ്യപ്പെടുത്തൽ മതി. ഓൺലൈൻ പേമെൻ്റിന് സൗകര്യമുണ്ട്. 22 വകുപ്പുകളുടെ 120 സേവനങ്ങൾ സമന്വയിക്കുന്നതാണ് കെ. സ്വിഫ്റ്റ്. കെ-സ്വിഫ്റ്റിനെ കാലാനുസൃതമായി നവീകരിച്ച് കൂടുതൽ കാര്യക്ഷമമാക്കി മാറ്റാനും കഴിഞ്ഞിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനക്കായി ഏകീകൃത സംവിധാനം. വിവിധ വകുപ്പുകളുടെ പരിശോധനകൾ ക്രമപ്പെടുത്തി. അതേവർഷം തന്നെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുന്നതിനും നടപടി ക്രമങ്ങളും ലഘൂകരിക്കുന്നതിനും ശിക്ഷാ വ്യവസ്ഥകൾ പരിഹരിക്കുന്നതിനുമായി കെ സണ്ണി കമ്മിറ്റിയെ നിയോഗിക്കുകയും കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുകയും ചെയ്തു.


50 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 7 ദിവസത്തിനുള്ള കോമ്പോസിറ്റ് ലൈസൻസ് നൽകാൻ ഇൻവെസ്റ്റ്മെൻ്റ് ഫെസിലിറ്റേഷൻ ബ്യൂറോയും ഇതോടൊപ്പം നിലവിൽ വന്നു. സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിന് സംസ്ഥാന- ജില്ലാ തലങ്ങളിൽ സ്റ്റാറ്റ്യൂട്ടറി സംവിധാനം 2022 ൽ സ്ഥാപിതമായി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴശിക്ഷ ഉൾപ്പെടെ ഇതിലൂടെ വ്യവസ്ഥ ചെയ്യപ്പെട്ടു. കാലഹരണപ്പെട്ട 105 നിയമങ്ങളും 211 ചട്ടങ്ങളും റദ്ദാക്കി. വ്യവസായ പാർക്കുകളിലെ ഭൂമിയുടെ പാട്ടവ്യവസ്ഥകൾ പരിഷ്കരിച്ചു. ലാൻ്റ് അലോട്ട്മെൻ്റ് പോളിസി അംഗീകരിച്ചു. ഇതിൻ്റെയെല്ലാം തുടർച്ചയായി പുതിയ വ്യവസായ നയം - 2023 ഉം പ്രഖ്യാപിച്ചു. ഏത് പരാതിയും പരിഹരിക്കാൻ അതിവിപുല സംവിധാനമൊരുക്കി. മന്ത്രിയെയും നേരിട്ട് സമീപിക്കാൻ അവസരം നൽകി. എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി 1034 സംരഭക എക്സിക്യൂട്ടീവുകളെ നിയമിച്ചു. മീറ്റ് ദ മിനിസ്റ്റർ, മീറ്റ് ദ ഇൻവെസ്റ്റർ പരിപാടികളിലൂടെ വൻകിട കമ്പനികൾ മുതൽ എംഎസ്എംഇ സംരംഭകർക്കു വരെ മന്ത്രിയുൾപ്പെടെ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നിക്ഷേപ പദ്ധതികളും പരാതികളും അവരിപ്പിച്ച് പരിഹാരം കാണാൻ അവസരമൊരുക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home