കേരള ബ്രാന്‍ഡുകള്‍ ചില്ലറ വ്യാപാര വിപണി കീഴടക്കും ; കേരള ആഗോള നിക്ഷേപക ഉച്ചകോടി

ചില്ലറ വ്യാപാര വിപണിയെക്കുറിച്ച് നടന്ന പാനൽചർച്ചയിൽ കല്യാൺ സിൽക്‌സ് സിഎംഡി ടി എസ് പട്ടാഭിരാമൻ സംസാരിക്കുന്നു
കൊച്ചി : രാജ്യത്തെ ചില്ലറ വ്യാപാര വിപണിയിൽ കേരള ബ്രാൻഡുകൾ ആധിപത്യമുറപ്പിക്കുന്ന കാലം വിദൂരമല്ലെന്ന് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലെ പാനൽചർച്ചയിൽ വിദഗ്ധർ. വസ്ത്രനിർമാണമേഖലയെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ സഹകരണത്തോടെ സജീവമാകുകയാണെന്നും ചില്ലറ വ്യാപാര വിപണിയെക്കുറിച്ച് നടന്ന പാനൽചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
കേരളത്തിൽനിന്ന് ലോകോത്തര ബ്രാൻഡുകൾ ഉണ്ടാകണമെന്ന് കല്യാൺ സിൽക്‌സ് സിഎംഡി ടി എസ് പട്ടാഭിരാമൻ പറഞ്ഞു. വസ്ത്രനിർമാണ മേഖല കേരളത്തിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ക്രിയാത്മകമായ പ്രവർത്തനങ്ങളുടെ സഹായത്തോടെ അവയെ തിരികെ കേരളത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വസ്‌ത്രവ്യാപാരരംഗത്ത് 13 ശതമാനംമാത്രമേ ഇ കൊമേഴ്‌സ് മേഖലയിലുള്ളൂവെന്ന് മിൻത്ര സീനിയർ വൈസ് പ്രസിഡന്റ് വേണുനായർ പറഞ്ഞു. ഈ മേഖലയിൽ ഉപയോഗപ്പെടുത്താത്ത അവസരങ്ങൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ചില്ലറ വ്യാപാരമേഖലയിൽ എല്ലാ ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ കണക്കുകളെന്ന് ആദിത്യബിർള ഫാ ഷൻ ആൻഡ് റീട്ടെയിൽ പ്രസിഡന്റ് ജേക്കബ് ജോൺ പറഞ്ഞു. മൾട്ടി ബ്രാൻഡ് ഔട്ട്‌ലെറ്റുകളിൽ ഇപ്പോഴും നേതൃനിരയിൽ കേരളത്തിലെ സംരംഭങ്ങളാണെന്നത് ഇവിടത്തെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. ഷാഡോഫാക്സ് സഹസ്ഥാപകൻ അഭിഷേക് ബൻസൽ, സംഗീത മൊബൈൽസ് എംഡി എൽ സുഭാഷ് ചന്ദ്ര, റീടെയ്‌ലേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ബിജോയ് കുര്യൻ എന്നിവർ സംസാരിച്ചു. വിജു ചെറിയാൻ മോഡറേറ്ററായി.








0 comments