കലോത്സവങ്ങളെ കലാപഭൂമിയാക്കുന്ന എംഎസ്എഫ് ഗുണ്ടായിസം അവസാനിപ്പിക്കണം: എസ്എഫ്ഐ

മലപ്പുറം : കലോത്സവങ്ങളെ കലാപഭൂമിയാക്കുന്ന എംഎസ്എഫ് ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും കലാപ്രതിഭകൾക്കും യൂണിയൻ ഭാരവാഹികൾക്കും കലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് സമാധാനാന്തരീക്ഷം ഒരുക്കണമെന്നും എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കോളേജ് യൂണിയൻ ഭാരവഹികളെയും കലാപ്രതിഭകളെയും മർദിച്ച എംഎസ്എഫ് ഗുണ്ടായിസത്തിൽ എസ്എഫ്ഐ പ്രതിഷേധം രേഖപ്പെടുത്തി.
'സർവകലാശാലാ യൂണിയന്‍ സംഘടിപ്പിക്കുന്ന കലോത്സവങ്ങളിൽ എംഎസ്എഫ് നേതൃത്വത്തിൽ തുടർച്ചയായി അക്രമങ്ങൾ നടക്കുകയാണ്. സോണല്‍ കലോത്സവങ്ങൾക്ക് പിന്നാലെ ഇന്റർസോണിലും ക്രൂരമായ ആക്രമണമാണ് സംഘാടക ബാഡ്ജ് ധരിച്ച എംഎസ്എഫുകാര്‍ അഴിച്ചുവിടുന്നത്. ഭക്ഷണം കഴിക്കാനെത്തിയ തൃശൂർ സെന്റ് തോമസ് കോളേജ് യൂണിയൻ ഭാരവാഹികളെ ആക്രമിച്ചു. യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിദ്യാർഥികൾക്ക് അനുവദിച്ച ഗ്രീൻറൂമിൽ അതിക്രമിച്ച് കയറി വിദ്യാർഥിയെ മർദ്ദിച്ചു. എസ്എഫ്ഐ പ്രവർത്തകര്‍ കലോത്സവ നഗരിയിലെത്തിയാല്‍ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. സ്കിറ്റ് മത്സരത്തിന് തയ്യാറെടുക്കുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള മത്സരാർഥികളെയും യൂണിയൻ ഭാരവാഹികളെയും മർദിച്ചു. താനൂർ ഗവ. കോളേജിലെ യുയുസി മുഹമ്മദ് സനദിനും മാരകമായി മർദനമേറ്റു'. ഇത്തരം ഏകപക്ഷീയമായ ആക്രമണങ്ങളെ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.










0 comments