അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവെൽ ഏപ്രിൽ 10മുതൽ വർക്കലയിൽ

തിരുവനന്തപുരം: വിനോദസഞ്ചാരികൾക്കും സാഹസിക കായിക വിനോദ പ്രേമികൾക്കും ആവേശമേകി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ സർഫിങ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് വർക്കല വേദിയാകും. ഏപ്രിൽ 10 മുതൽ 13 വരെയാണ് ഫെസ്റ്റിവെൽ. 10 ന് വൈകിട്ട് 4ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. വി ജോയി എംഎൽഎ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ എംപിമാരായ അടൂർ പ്രകാശ്, എ എ റഹീം, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുക്കും.
11 മുതൽ 13 വരെ എല്ലാ ദിവസവും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 മണിവരെ ആണ് മത്സരങ്ങൾ. വിജയികൾക്ക് 2 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും. ദേശീയ, അന്തർദേശീയ വിഭാഗങ്ങളിലായി 60 ൽ പരം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെഎടിപിഎസ്) ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലു(ഡിടിപിസി)മായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിവെലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തിലൂടെ 50 പേർക്ക് സൗജന്യ സർഫിങ് സെഷനുകളിൽ ഭാഗമാകാനാകും. പൊതുജനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടെക്കികൾ/ പ്രൊഫഷണലുകൾ, വ്ലോഗർമാർ/കണ്ടൻറ് ക്രിയേറ്റർമാർ/ഫോട്ടോഗ്രാഫർമാർ, ഇൻഫ്ലുവൻസേഴ്സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിൽ നിന്നാണ് 50 വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളും ലഭിക്കും.
സർഫിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഇൻറർനാഷണൽ സർഫിങ് അസോസിയേഷനുമാണ് ഫെസ്റ്റിവെലിന് സാങ്കേതിക പിന്തുണ നൽകുന്നത്. എസ് യുപി ടെക്നിക്കൽ റേസ്, പാഡിൽ ബോർഡ് ടെക്നിക്കൽ റേസ്, എസ് യുപി സർഫിങ് തുടങ്ങിയ വിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരിക്കും. പ്രാദേശിക, അന്തർദേശീയ സർഫർമാർ ഫെസ്റ്റിവലിൽ പങ്കെടുക്കും.
മനോഹരമായ ബീച്ച്, കഫേകൾ എന്നിവയാൽ അന്താരാഷ്ട്ര ടൂറിസത്തിൻറെ ഭൂപടത്തിൽ ഇതിനകം സ്ഥാനം പിടിച്ചിരിക്കുന്ന വർക്കലയിലേക്ക് സർഫിങ് ഫെസ്റ്റിവെലിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കുമെന്ന് മന്ത്രി പറഞ്ഞു. നിരവധി പ്രൊഫഷണൽ സർഫർമാർ, സർഫിങ് ക്ലബ്ബുകൾ, പരിശീലകർ എന്നിവ വർക്കലയിലുണ്ട്. ഇത് അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ പോലുള്ള പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലമാക്കി വർക്കലയെ മാറ്റുന്നു. നിരവധി പേർ എത്തുന്ന പ്രധാന തീർഥാടന ടൂറിസം കേന്ദ്രങ്ങളിലൊന്നുമാണ് വർക്കലയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മെയ് മാസത്തിൽ വയനാട്ടിലെ മാനന്തവാടിയിൽ മൗണ്ടൻ ടെറൈൻ ബൈക്കിംഗ് ചാമ്പ്യൻഷിപ്പ് (എംടിബി കേരള 2025), ജൂലൈ 24 മുതൽ 27 വരെ കോഴിക്കോട്ട് ഇൻറർനാഷണൽ വൈറ്റ് വാട്ടർ കയാക്കിങ് എന്നിവയും ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. ഇടുക്കിയിലെ വാഗമണിൽ കഴിഞ്ഞ മാസം അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവെൽ സംഘടിപ്പിച്ചിരുന്നു.









0 comments