ഇന്ന്‌ അന്തർദേശീയ അവയവദാന ദിനം

'മാറി നിൽക്കേണ്ട, ഉദാഹരണം ഞങ്ങളാണ്‌'

international organ donation day 2025

മിഥുൻ അശോക്‌ സഹോദരി ശ്രുതി അശോകിനൊപ്പം

avatar
സ്വാതി സുജാത

Published on Aug 13, 2025, 03:00 AM | 1 min read


തിരുവനന്തപുരം

ഡാർട്ട്‌സ്‌ കായിക ഇനം മലയാളികൾക്ക്‌ അത്ര സുപരിചിതമല്ല. അമ്പെയ്‌ത്തും ഷൂട്ടിങ്ങും പോലെ ഏകാഗ്രതയും കൈ വേഗതയും സൂക്ഷ്‌മതയും കൃത്യതയും ഒരുപോലെ ആവശ്യമുള്ള കായിക ഇനം. രണ്ട്‌ തവണ വൃക്കമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയക്ക്‌ വിധേയനായ പൂജപ്പുര സ്വദേശി മിഥുൻ അശോക്‌ ജർമനിയിൽ നടക്കുന്ന ലോക ട്രാൻസ്‌പ്ലാന്റ്‌ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഡാർട്ടിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്‌.


ശസ്‌ത്രക്രിയക്കുശേഷമുള്ള ഡോസ്‌ കൂടിയ മരുന്നുകളിലൂടെ ഉണ്ടായ വിറയൽ, ഒരു ഗ്ലാസ്‌ വെള്ളംപോലും കൈയിൽ പിടിക്കാൻ അനുവദിച്ചിരുന്നില്ല. സ്റ്റെറോയിഡിന്റെ ഉപയോഗത്തിലൂടെ കാഴ്‌ചയും മങ്ങി. ഇത്‌ മാനസികമായി തകർത്തെങ്കിലും തോറ്റുകൊടുക്കാൻ തയ്യാറായില്ല. എങ്ങനെയിത്‌ മറികടക്കാമെന്നായി അന്വേഷണം. കണ്ണിന്റെയും കൈയുടെയും ഏകോപനത്തിലൂടെ കൃത്യത വർധിപ്പിക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ്‌ പരിഹാരമെന്ന്‌ മിഥുൻ മനസ്സിലാക്കി. യാത്രയും ആളുകളുമായുള്ള സമ്പർക്കവും അണുബാധയുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വീട്ടിലിരുന്ന്‌ എന്ത്‌ ചെയ്യാനാകുമെന്നതായി അടുത്ത ചിന്ത. അങ്ങനെ ഡാർട്‌ ഗെയിം തെരഞ്ഞെടുത്തു. യൂട്യൂബിലൂടെ പഠിച്ചു. ഇന്ന്‌ ഇ‍ൗ ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക മലയാളിയായി.


midhun
2024 ൽ കൊൽക്കത്തയിൽ നടന്ന ദേശീയ 
റാങ്കിങ്‌ ടൂർണമെന്റിൽ പങ്കെടുക്കുന്ന മിഥുൻ


19ാം വയസ്സിൽ ഛർദിയെ തുടർന്ന്‌ ആശുപത്രിയിലെത്തിച്ചപ്പോഴാണ്‌ അസുഖം കണ്ടെത്തുന്നത്‌. ഒന്നര വർഷത്തെ ഡയാലിസിസിനുശേഷം ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടന്നു. 12 വർഷത്തിനുശേഷം ന്യുമോണിയയെ തുടർന്ന്‌ നടത്തിയ പരിശോധനയിൽ വൃക്ക തകരാറിലാണെന്ന്‌ വീണ്ടും കണ്ടെത്തി. "‘കുഞ്ഞിന്‌ ആറുമാസമുള്ളപ്പോഴാണ്‌ രണ്ടാമത്‌ ഡയാലിസിസ്‌ ആരംഭിക്കുന്നത്‌. മകളായിരുന്നു ബലഹീനതയും പ്രചോദനവും. കുഞ്ഞിനെ എടുക്കാനോ കളിപ്പിക്കാനോ പറ്റാതെപോയ സമയം ശരീരത്തേക്കാൾ വേദന നിറഞ്ഞതായിരുന്നു. അവളുടെ ചിരിയാണ്‌ എനിക്കൊപ്പം കുടുംബത്തേയും ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌. മകൾക്കൊപ്പം എന്നുമുണ്ടാവണമെന്ന തോന്നൽ ഡയാലിസിസിന്റെ വേദന മാറ്റി'’– മിഥുൻ പറയുന്നു.


സഹോദരി ശ്രുതി വൃക്ക നൽകാൻ തയ്യാറായതോടെ രണ്ടാമത്തെ ശസ്‌ത്രക്രിയ നടന്നു. മിഥുനൊപ്പം സഹോദരിയും ആരോഗ്യവതിയാണ്‌. "‘ഞങ്ങൾ ഉദാഹരണമാണ്‌. അതിജീവനത്തിന്റെ ഉദാഹരണം. എവിടെയും മാറിനിൽക്കേണ്ട ആവശ്യമില്ലെന്ന്‌ തെളിയിക്കാനുള്ളതാണ്‌ ഇ‍ൗ മത്സരം. അവയവ സ്വീകർത്താക്കളെപ്പോലെ ദാതാക്കളും പ്രധാനമാണെന്ന്‌ മത്സരം ഓർമിപ്പിക്കുന്നു’'– മിഥുന്റെ ആത്മവിശ്വാസത്തിന്റെ വാക്കുകൾ.



deshabhimani section

Related News

View More
0 comments
Sort by

Home