4 സിമ്പോസിയം; 46 ചർച്ചാസമ്മേളനം
print edition അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ; ജനകീയമാകും ചർച്ചാ സമ്മേളനം : ഡോ. തോമസ് ഐസക്

ആദ്യ അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് നടക്കുമ്പോൾ വികസനവുമായി ബന്ധപ്പെട്ട പ്രധാന ജനകീയ ചർച്ചയെന്ന നിലയിൽ ആയിരക്കണക്കിന് വിദഗ്‌ധർക്ക് ഇ എം എസ് നേരിട്ട് കത്തയച്ച് അഭിപ്രായം തേടിയിരുന്നു. ഇപ്പോഴും ചർച്ചകളിൽ ഇടപെടാൻ അഭ്യർഥിച്ച് പഠന കോൺഗ്രസിന്റെ ചീഫ് പാട്രൺ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മേഖലകളിലെ വിദഗ്‌ധരായ കാൽലക്ഷത്തോളംപേർക്ക് കത്തയച്ചു. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വരുംകാല നയരൂപീകരണങ്ങളിൽ നടത്തുന്ന തയ്യാറെടുപ്പിനെ എങ്ങിനെയാണ് കേരള സമൂഹം കാണുന്നത് എന്നതിനുള്ള തെളിവുകൂടിയാണിത്. അവയെല്ലാം ഇൗ നാടിന്റെ പ്രതീക്ഷയുടെ കിരണങ്ങളാണ്.
തെരഞ്ഞെടുത്ത പ്രതികരണങ്ങളെല്ലാം പുസ്തകരൂപത്തിൽ ലഭ്യമാക്കും. നാല് വാല്യങ്ങളായുള്ള രേഖയാണ് പഠന കോൺഗ്രസിൽ അവതരിപ്പിക്കുന്നത്. ഒന്നാംവാല്യത്തിൽ കേരളത്തിലെ പ്രമുഖ ഇടതുപക്ഷ നേതാക്കളുടെയും പണ്ഡിതരുടെയും ആമുഖ ലേഖനങ്ങൾക്കൊപ്പം ചില ചരിത്ര രേഖകളും പശ്ചാത്തലമായുണ്ട്. 1956-ലെ ഒന്നാം കമ്യൂണിസ്റ്റ് സർക്കാരിന്റെ നയങ്ങൾക്ക് അടിസ്ഥാനമായ പാർടി രേഖ, 1994-ലെ ഒന്നാംകേരള പഠന കോൺഗ്രസിൽ ഇ എം എസ് നടത്തിയ ഉദ്‌ഘാടന പ്രസംഗം, നവകേരളം നടപ്പിൽ വരുത്തുന്നതിന് 2022-ൽ സിപിഐ എം സംസ്ഥാന സമ്മേളനം ചർച്ചചെയ്ത് അംഗീകരിച്ച രേഖ ഇവയെല്ലാം ഒന്നാംവാല്യത്തിലുണ്ട്.
രണ്ടാംവാല്യത്തിൽ കേരളത്തിലെ പ്രധാന ഉൽപ്പാദന-സാമ്പത്തിക മേഖലകളുടെ പ്രത്യേകമായ സമീപനരേഖകളാണ്. മൂന്നാംവാല്യത്തിൽ സാമൂഹ്യ-സേവന മേഖലകളെ സംബന്ധിച്ച ചർച്ചാരേഖകളാണ്. നല്ലപങ്കും തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവയാണ്. മുഖ്യമന്ത്രിയുടെ കത്തുകൾക്കു ലഭിച്ച പ്രതികരണങ്ങളാണ് നാലാമത്തെ വാല്യത്തിൽ.
1994ൽ ഇ എം എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പഠന കോൺഗ്രസ് കോവിഡിന്റെ സാഹചര്യത്തിൽ 2021ൽ ഒഴികെ അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്നു. നാടിന്റെ വികസന നയരൂപീകരണത്തിനായി രാജ്യത്ത് നടക്കുന്ന ഏറ്റവും വിപുലവും ജനകീയവുമായ ചർച്ചാ സമ്മേളനമാണിത്. ഇൗ വിശാലമായ പ്ലാറ്റ്ഫോമിൽ വിദഗ്‌ധർ മുതൽ സാധാരണക്കാർവരെ പങ്കുചേരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി വികസന വിഷയങ്ങളിൽ വലിയ യോജിപ്പിനുള്ള മേഖലകൾ തുറന്നിടാൻ പഠനകോൺഗ്രസിന് കഴിഞ്ഞു. പൊതുവേ ഇത്തരം ചർച്ചകൾ അക്കാദമിക താൽപ്പര്യത്തിലാണ് നടക്കുന്നതെങ്കിൽ പഠന കോൺഗ്രസുകൾ അതിന്റെ പ്രായോഗികതലത്തിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. 1994നുശേഷം കേരളത്തിൽ അധികാരത്തിൽവന്ന ഇടതുപക്ഷ സർക്കാരുകൾക്ക് വഴികാട്ടുന്നതിൽ വലിയ പങ്കുവഹിച്ചു. വിപ്ലവകരമായ പല നയരൂപീകരണങ്ങൾക്കും അടിസ്ഥാനമായി. പണ്ഡിതരുടെയും പ്രൊഫഷണൽ വിദഗ്‌ധരുടെയും പങ്കാളിത്തത്തോടെവേണം പഠന കോൺഗ്രസ് രേഖ തയ്യാറാക്കാനെന്ന് ആഗ്രഹമുണ്ടായിരുന്നു. അക്കാദമിക് പണ്ഡിതർ, നയരൂപീകരണ വിദഗ്‌ധർ, സാമൂഹ്യപ്രവർത്തകർ, ഗവേഷകർ, വിദ്യാർഥികൾ തുടങ്ങിയവരെല്ലാം അതീവതാൽപര്യത്തോടെ സഹകരിക്കുന്നു. തുടർ സംവാദങ്ങളിലൂടെ പഠന കോൺഗ്രസിൽ രൂപംകൊള്ളുന്ന സമഗ്രവികസനരേഖ കേരളത്തിലെ പൊതുജനാഭിപ്രായത്തിന്റെ ഭാഗമായി മാറുമെന്നാണ് പ്രതീക്ഷ.

4 സിമ്പോസിയം; 46 ചർച്ചാസമ്മേളനം
പത്ത് വർഷം കൊണ്ട് സമഗ്ര മേഖലയിലും വികസനമെത്തിച്ച എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ശാസ്‌ത്രീയ പഠനങ്ങളുടെ സമാഹരണമാകും അഞ്ചാം അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസ്.
ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളും കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന രാഷ്‌ട്രീയ വിവേചനവും സാമ്പത്തിക ഉപരോധങ്ങളും പ്രധാന ചർച്ചയാകും. ഇതിനെതിരെയുള്ള പ്രതിരോധം കെട്ടിപ്പടുക്കലിനും പഠനകോൺഗ്രസ് വേദിയാകും. അമേരിക്ക ഇന്ത്യക്കുമേൽ പ്രഖ്യാപിക്കുന്ന കയറ്റുമതി ഉപരോധങ്ങൾ കേരളത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നും അവയെ മറികടക്കുന്നതെങ്ങനെയെന്നുമുള്ള വിശകലനം നടക്കും. പുതിയ തൊഴിൽ നിയമങ്ങളും തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര നിലപാടും ചർച്ചയാകും. നാല് വിഷയങ്ങളിൽ സിമ്പോസിയവും 46 ചർച്ചാ സമ്മേളനങ്ങളും നടക്കും.
സാമ്പത്തിക നയരൂപീകരണ വിദഗ്ധരായ സി പി ചന്ദ്രശേഖർ, വെങ്കിടേഷ് ആത്രേയ, അനിത രാംപാൽ, കെ എം ചന്ദ്രശേഖർ, അക്കാദമിക വിദഗ്‌ധരായ ഡോ. പി ജി ശെങ്കപ്പ, ഡോ. എൻ സി നാരായണൻ, ഡോ. ഗോപിനാഥ് രവീന്ദ്രൻ, ആൽബർട്ട് തോമസ്, ഡോ. കാന എം സുരേഷ്, ഡോ. സി ടി അരവിന്ദകുമാർ, വ്യവസായ പ്രമുഖരായ വിജു ജേക്കബ്, ടോണി തോമസ്, ശ്രുതി ഷിബുലാൽ, മാധ്യമ പ്രവർത്തകരായ ശശികുമാർ, കെ ജെ ജേക്കബ്, രാജഗോപാൽ, ഡോ. അരുൺ കുമാർ, കായിക പ്രതിഭകളായ ഐ എം വിജയൻ, കെ എം ബീനാമോൾ, വിവിധ മേഖലകളിൽ പ്രമുഖരായ എസ് എം വിജയാനന്ദ്, ഡോ. ബി ഇക്ബാൽ, സി രവീന്ദ്രനാഥ്, ഡോ. ജോ ജോസഫ്, ജേക്കബ് പുന്നൂസ്, ഫാ. സജി ഇളമ്പശ്ശേരിയിൽ തുടങ്ങിയ മുന്നൂറോളം പേരാണ് ചർച്ചകൾ നയിക്കുന്ന പാനലുകളിൽ ഉള്ളത്.











0 comments