ad
Deshabhimani

print edition കേരള പഠന കോൺഗ്രസ്‌ സമാപിച്ചു ; വികസന 
അജൻഡ സജ്ജം

International Congress On Kerala Studies

ഡോ. തോമസ്‌ ഐസക് ചർച്ചകൾ ക്രോഡീകരിച്ചു സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Feb 23, 2026, 02:30 AM | 4 min read

തിരുവനന്തപുരം

കേരള വികസനത്തിനുള്ള കൃത്യമായ അജൻഡ തയ്യാറാക്കി അഞ്ചാമത്‌ കേരള പഠന കോൺഗ്രസിന്‌ പ്ര‍ൗഢോജ്വല സമാപനം. കഴിഞ്ഞ നാല്‌ പഠന കോൺഗ്രസിൽനിന്നാണ്‌ കേരളത്തിന്റെ മഹത്തായ മാതൃകകൾ പലതും പിറന്നത്‌. എട്ട്‌ വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ നടന്ന സെമിനാറുകൾക്ക്‌ ശേഷമാണ്‌ അഞ്ചാം പഠന കോൺഗ്രസ്‌ സംഘടിപ്പിച്ചത്‌. ഇരുപതിനായിരത്തിലേറെ പേർ പങ്കെടുത്ത്‌ ചർച്ചകളിലൂടെ നയം രൂപീകരിക്കുന്ന മറ്റൊരു ഉദാഹരണവുമുണ്ടാകില്ലെന്ന്‌ സമാപനച്ചടങ്ങിൽ ഡോ. തോമസ്‌ ഐസക്‌ പറഞ്ഞു. കോൺഗ്രസിനോ എൻഡിഎയ്‌ക്കോ ഇത്തരമൊന്ന്‌ അവതരിപ്പിക്കാനില്ല. കുറച്ചുപേർ കൂടിയിരുന്ന്‌ നയം രൂപീകരിക്കുകയല്ല, വിപുലമായ ചർച്ചകളിലൂടെ വികസന അജൻഡ തയ്യാറാക്കുകയാണ്‌.


രണ്ടാം ദിവസം 15 സെമിനാറുകൾ നടന്നു. സമാപനസമ്മേളനം എ കെ ജി ഹാളിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനംചെയ്‌തു. കേന്ദ്രകമ്മിറ്റിയംഗം പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. ചർച്ചകൾ ക്രോഡീകരിച്ച്‌ അക്കാദമിക്‌ കൺവീനർ ഡോ. ആർ രാംകുമാർ, ഡോ. തോമസ്‌ ഐസക്‌ എന്നിവർ സംസാരിച്ചു. ആസൂത്രണ ബോർഡ്‌ വൈസ്‌ ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, പ്രൊഫ. വി കാർത്തികേയൻ നായർ എന്നിവർ സംസാരിച്ചു. ഡോ. പി കെ ജമീല സ്വാഗതവും ഡോ. മിനി സുകുമാർ നന്ദിയും പറഞ്ഞു.


എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, പഠന കോൺഗ്രസ്‌ അക്കാദമിക്‌ കമ്മിറ്റി പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻ പിള്ള, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ്‌, ഡൽഹി സർവകലാശാലയിലെ ഡോ. അനിതാ റാംപാൽ, മുൻ ആസൂത്രണ ബോർഡ്‌ അംഗം ഡോ. വെങ്കടേഷ്‌ ആത്രേയ, ഡോ. സുരജിത്ത്‌ദാസ്‌ എന്നിവരും വേദിയിലുണ്ടായിരുന്നു.


seminar
തൊഴിലും നെെപുണിയും സെമിനാർ വേദി


മാധ്യമങ്ങളുടെ വ്യാജപ്രതീതി അവസാനിപ്പിക്കണം

വ്യാജ പ്രതീതി സൃഷ്ടിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമപ്രവർത്തന ശൈലി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര കേരള പഠനകോൺഗ്രസ്. ഇടതുപക്ഷത്തെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങൾ സമൂഹത്തിൽ ഇടപെടുന്നത്. സാധാരണക്കാർക്ക് ആശ്രയമാകുന്ന പൊതുജനാരോഗ്യ സംവിധാനത്തെ ഉൾപ്പെടെ ഇതിലൂടെ താറടിച്ചുകാണിക്കുന്നു. കുത്തക കമ്പനികൾക്ക് ലാഭം കൊയ്യാനുതകുന്ന തരത്തിൽ കേരളത്തെ മാറ്റിത്തീർക്കുകയെന്ന നയമാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. ഹസൻ മരക്കാർ ഹാളിൽ നടന്ന മാധ്യമ സെമിനാർ ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് അധ്യക്ഷനായി. കെ ജെ ജേക്കബ്, എം വി നികേഷ് കുമാർ, കെ കെ ഷാഹിന, രാജീവ് ദേവരാജ്, വി ബി പരമേശ്വരൻ എന്നിവർ സംസാരിച്ചു.


ചരിത്രം പരിശോധിച്ചാൽ, ജനാധിപത്യം അപകടത്തിലായ സന്ദർഭങ്ങളിലെല്ലാം കേരളത്തിലെ മാധ്യമങ്ങൾ മൗനം പാലിച്ചതായി സെമിനാർ വിലയിരുത്തി. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട വാർത്തകളിലെ പ്രയോഗങ്ങൾ ഉദാഹരിച്ചാണ്‌ ചർച്ചകൾ ഉയർന്നത്. മാധ്യമരംഗം വൻതോതിൽ കുത്തകവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. കുത്തക മാനേജ്‌മെന്റുകളുടെയും കോർപ്പറേറ്റുകളുടെയും താൽപ്പര്യങ്ങൾ വാർത്തകളായി രൂപംകൊള്ളുന്ന കാലത്ത് ‘മാധ്യമ സാക്ഷരത’ അനിവാര്യമാണ്. ഒരു വായനക്കാരൻ അല്ലെങ്കിൽ പ്രേക്ഷകൻ വാർത്തയെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ സാക്ഷരത ഉണ്ടാകണം. ഇതര മാധ്യമങ്ങൾ പ്രോത്സാഹനം അർഹിക്കുന്നുണ്ട്. ചെറുതെങ്കിലും പ്രതീക്ഷ നൽകുന്ന ശബ്ദങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം.


ഒടുവിൽ ആരോഗ്യമേഖലയ്ക്കെതിരായാണ് മാധ്യമങ്ങൾ തിരിഞ്ഞത്. അസുഖം ബാധിച്ചാൽ സർക്കാർ ആശുപത്രിയിൽ പോകരുത്, പോയാൽ അവിടെ കത്രികയിട്ട് തുന്നിക്കെട്ടും എന്നൊക്കെയുള്ള പ്രതീതി സൃഷ്ടിക്കുന്നു. പ്രേക്ഷകരെ സ്വകാര്യ ആശുപത്രികളിലേക്ക് നയിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശിശുമരണ നിരക്കിന്റെ കാര്യത്തിൽ അമേരിക്കയെപ്പോലും പിന്നിലാക്കി മുന്നേറിയിട്ടും അത് പ്രതിപാദിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. സർക്കാർ ആശുപത്രികളെ ഇകഴ്‌ത്തിക്കാട്ടുന്നതിന് പിന്നിൽ മുതലാളിത്ത താൽപ്പര്യമുണ്ട്. രാഷ്ട്രീയ വിരോധവും ഈ താൽപ്പര്യവും ഒത്തുചേരുമ്പോൾ ജനങ്ങൾക്ക് ലഭിക്കുന്നത് വാർത്തയല്ല, മറിച്ച് ചില പ്രതീതികളാണെന്ന് തിരിച്ചറിയണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.


m a baby
എം എ ബേബിയും വി കെ രാമചന്ദ്രനും സൗഹൃദം പങ്കുവയ്ക്കുന്നു.

വെങ്കിടേഷ് ആത്രേയ സമീപം


തൊഴിൽ ഘടനാമാറ്റം 
പരിഗണിക്കണം

തൊഴിൽ ഘടനാ മാറ്റങ്ങൾ പരിഗണിക്കണമെന്ന്‌ ‘തൊഴിൽ ബന്ധങ്ങൾ’ വിഷയത്തിലെ സെമിനാർ ഉന്നയിച്ചു. യോഗ്യതക്കനുസരിച്ച്‌ മാന്യമായ ജോലി, ശന്പളം എന്നിവയിലൂടെ ഉയർന്ന ജീവിതസാഹചര്യമുണ്ടാകണം. ആഗോള– ദേശീയ നയത്തിന്റെ സാന്പത്തിക പ്രയാസങ്ങൾക്ക്‌ ബദലായിരിക്കണം കേരളത്തിന്റെ നിലപാടുകളെന്നും സെമിനാർ ഉദ്‌ഘാടകനായ ജിസിഡിഎ ചെയർപേഴ്‌സൺ കെ ചന്ദ്രൻപിള്ള പറഞ്ഞു. ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. കെ എൻ ഗോപിനാഥ്‌ വിഷയം അവതരിപ്പിച്ചു. ജൂനിയർ, സീനിയർ യൂണിയനുകൾ, ജാതീയാടിസ്ഥാനത്തിലുള്ള യൂണിയനുകൾ എന്നിവ ഒഴിവാക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. ആവശ്യങ്ങളുടെ പ്രായോഗികത മനസ്സിലാക്കി സംഘടിതമായി യൂണിയനുകൾ സമരം നടത്തണം. സ്‌ത്രീ സ‍ൗഹൃദവും സുരക്ഷിതതൊഴിലിടങ്ങളും ഉറപ്പാക്കണം. സ്‌കീംവർക്കേഴ്‌സിനെ തൊഴിലാളികളായി പരിഗണിക്കണം. വ്യത്യസ്‌ത വ്യവസായങ്ങൾക്കനുസരിച്ച്‌ പ്രത്യേക പെരുമാറ്റച്ചട്ടം രൂപീകരിക്കമെന്നും വിഷയാവതാരകൻ പറഞ്ഞു. ലേബർ കോഡുകൾ കൂടുതൽ ചർച്ചയാക്കപ്പെടണമെന്നായിരുന്നു അഡ്വ. തോമസ്‌ എബ്രഹാമിന്റെ നിർദേശം.


സ്‌ത്രീകൾക്ക്‌ പ്രാഥമികാവശ്യം നിറവേറ്റുന്നതിന്‌ ആവശ്യമായ സമയം നൽകുന്നില്ലെന്നും വാഷ്‌റൂം ഉപയോഗിക്കുന്നതിനുവരെ ഇൻ ആൻഡ്‌ ഒ‍ൗട്ട്‌ സമയം രേഖപ്പെടുത്തുന്നുണ്ടെന്നും ദീപ കെ രാജൻ ചൂണ്ടിക്കാട്ടി. ക്ഷേമനിധി ബോർഡുകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കണമെന്നായിരുന്നു സി കെ ഹരികൃഷ്‌ണന്റെ നിർദേശം. ഡോ. വിനോജ്‌ എബ്രഹാം, ഡി സന്തോഷ്‌, ഉദയ ഭാസ്‌കർ, വി കെ പ്രസാദ്‌ തുടങ്ങിയവരും സംസാരിച്ചു.


congress
പഠനകോൺഗ്രസ് വേദിയിൽ എം എ ബേബി, എസ് രാമചന്ദ്രൻപിള്ള, 
പുത്തലത്ത് ദിനേശൻ, കെ എൻ ഗോപിനാഥ് എന്നിവർ


തീറ്റച്ചെലവ്‌ കുറച്ച്‌ 
പാലളവ്‌ കൂട്ടണം

തീറ്റച്ചെലവ്‌ കുറച്ച്‌ ഉൽപ്പാദനക്ഷമത വർധിപ്പിക്കണമെന്നും കർഷകന്റെ സാമൂഹ്യനിലവാരം ഉയർത്താനുള്ള നയം ആവിഷ്‌കരിക്കണമെന്നും "മൃഗപരിപാലനവും ക്ഷീരവികസനവും' സെമിനാറിൽ ആവശ്യം. മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്‌തു.


മിൽമ ചെയർപേഴ്‌സൺ കെ എസ്‌ മണി അധ്യക്ഷനായി. വെറ്ററിനറി സർവകലാശാലാ തലവൻ ഡോ. പി സുധീർബാബു വിഷയമവതരിപ്പിച്ചു. കാലിത്തീറ്റ ബാങ്ക്‌ പഞ്ചായത്ത്‌ തലത്തിൽ നടപ്പാക്കുക, നവസംരംഭകർക്ക്‌ ആനുകൂല്യങ്ങളും സാങ്കേതികവിജ്ഞാവും നൽകുക, പ്രാദേശികതലത്തിൽ നോഡൽ എജൻസി രൂപീകരിക്കുക, ഡിപ്പാർട്‌മെന്റുകളുടെ പ്രവർത്തനമേഖല കാലാനുസൃതമായി പുനർനിർണയിക്കുക, കാലാവസ്ഥയ്‌ക്കനുസൃതമായി ശാസ്‌ത്രീയ തൊഴുത്ത്‌ പരിപാലനം നടപ്പാക്കുക, സമയബന്ധിതമായ കൃത്രിമ ബീജസങ്കലനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും ചർച്ചയിലുയർന്നു. ഡോ. ജയചന്ദ്രൻ, ഡോ. സജിത്‌ പുരുഷോത്തമൻ, ഡോ. ജോബി പോൾ, സിമി ഷാജി എന്നിവർ സംസാരിച്ചു.


history
പഠന കോൺഗ്രസിന്റെ ഭാഗമായി നടത്തിയ തിരുവനന്തപുരത്തെ 
ചരിത്ര പൈതൃകനിധി അന്വേഷണ യാത്രയിലെ വിജയികൾക്ക് 
എം എ ബേബി സമ്മാനം നൽകുന്നു. പ്രൊഫ. കാർത്തികേയൻ നായർ സമീപം


സ്‌പോർട്‌സിൽ 
പ്രൊഫഷണലിസം 
ഉറപ്പാക്കണം

കായിക യുവത്വത്തിന് കരുത്തേകാനും പ്രതിഭകളെ കണ്ടെത്താനുമുള്ള പ്രവർത്തനങ്ങൾ വിപുലമാക്കണമെന്ന് അന്താരാഷ്ട്ര കേരള പഠനകോൺഗ്രസിലെ കായിക സെമിനാർ. എല്ലാ വിഭാഗങ്ങൾക്കും കായികമേഖലയിൽ കടന്നുവരാനും ആസ്വദിക്കാനും അവസരമൊരുക്കണം. ശാസ്ത്രീയമായ ‘ടാലന്റ് ഐഡന്റിഫിക്കേഷൻ’ വഴി താരങ്ങളെ കണ്ടെത്തണം. വിദ്യാലയങ്ങളിൽ കായിക സാക്ഷരതയും അടിസ്ഥാന കായിക വിദ്യാഭ്യാസവും നിർബന്ധമാക്കണമെന്നും സെമിനാർ നിർദേശിച്ചു. മന്ത്രി വി അബ്ദുറഹിമാൻ സെമിനാർ ഉദ്ഘാടനംചെയ്തു.


കായികമേഖല അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താൻ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം–കായികം, ഭരണപരമായ പരിഷ്കാരങ്ങൾ, സ്പോർട്സ് ഇക്കോണമിയും തൊഴിൽസാധ്യതകളും, കായികനയവും മികവിനായുള്ള പദ്ധതികളും എന്നിവയിലൂന്നിയാണ്‌ പ്രവർത്തനം. സംസ്ഥാന സ്പോർട്സ് കൗൺസിൽ, കായിക യുവജന കാര്യാലയം എന്നിവയുടെ പ്രവർത്തനഘടന ഉടൻ പുനഃക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


വിവിധ വകുപ്പുകളുടെ കായികപദ്ധതികൾ സ്പോർട്സ് കൗൺസിലിന് കീഴിലാക്കുന്നത് ആവർത്തനം കുറയ്ക്കാനും സാമ്പത്തിക വിനിയോഗം കാര്യക്ഷമമാക്കാനും സഹായിക്കും. ആസൂത്രണത്തിലും നടത്തിപ്പിലും കൗൺസിൽ പ്രതിനിധികളെയും ജനപ്രതിനിധികളെയും നിർബന്ധമായും ഉൾപ്പെടുത്തണമെന്ന്‌ ചർച്ചയിൽ ആവശ്യമുയർന്നു. എം ആർ രഞ്ജിത്ത് അധ്യക്ഷനായി. ഡോ. പി ടി അജീഷ് വിഷയം അവതരിപ്പിച്ചു. ഐ എം വിജയൻ, കെ എം ബീനാമോൾ, ഡോ. സി എസ് പ്രദീപ്, കെ സി ലേഖ, ഡോ. ജി ബിപിൻ എന്നിവർ സംസാരിച്ചു.


seminar


navakerala





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home