ad
Deshabhimani

അഴിമതിക്ക്‌ അവസരം നഷ്ടപ്പെട്ടവർക്ക്‌ പ്രയാസം : മുഖ്യമന്ത്രി

print edition അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്‌ പ്ര‍ൗഢ തുടക്കം ; 31 സെമിനാർ പൂർത്തിയായി

International Congress On Kerala Studies

അന്താരാഷ്ട്ര കേരളപഠന കോൺഗ്രസ് മുഖ്യമന്ത്രി 
പിണറായി വിജയൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 22, 2026, 02:45 AM | 4 min read


തിരുവനന്തപുരം

നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിനായി സുവ്യക്തമായ ആശയങ്ങളും പ്രോജ്വലമായ ചിന്തകളും പങ്കുവച്ച്‌ അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്റെ അഞ്ചാംപതിപ്പിന്‌ പ്ര‍ൗഢഗംഭീര തുടക്കം. എ കെ ജി ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പഠനകോൺഗ്രസ്‌ ഉദ്‌ഘാടനംചെയ്‌തു. മൂവായിരം പ്രതിനിധികൾ പങ്കെടുക്കുന്ന 45 ചർച്ചാസമ്മേളനങ്ങളും നാലു സിമ്പോസിയങ്ങളും ഉൾപ്പെടുന്ന കേരളപഠന കോൺഗ്രസ്‌ രാജ്യത്തെ ഏറ്റവും വലിയ വികസനസംവാദമാണ്‌.


കേരള വികസനാനുഭവങ്ങളുടെ അന്താരാഷ്ട്ര പ്രാധാന്യം, പതിനാറാം ധനകാര്യകമീഷൻ അവാർഡ്‌, മതനിരപേക്ഷ പുരോഗമന സംസ്‌കാരം, കേരള ശാസ്‌ത്രസാങ്കേതികനയം എന്നീ വിഷയങ്ങളിൽ സിമ്പോസിയങ്ങൾ നടന്നു. എ കെ ജി ഹാൾ, പഠന ഗവേഷണകേന്ദ്രം, ഹസൻ മരക്കാർ ഹാൾ, യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവിടങ്ങളിൽ ചർച്ചാസമ്മേളനങ്ങൾ ആരംഭിച്ചു. ആദ്യദിനം 31 ചർച്ച പൂർത്തിയായി. ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ ക്രോഡീകരിച്ച്‌ ഭാവികേരളത്തിന്റെ വികസന അജൻഡ തയ്യാറാക്കും. ഞായറാഴ്ച പകൽ രണ്ടിന്‌ എ കെ ജി ഹാളിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യും.


ഉദ്ഘാടനസമ്മേളനത്തില്‍ അക്കാദമിക്‌ കമ്മിറ്റി ചെയർപേഴ്സൺ എസ് രാമചന്ദ്രന്‍പിള്ള അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വാഗതം പറഞ്ഞു. അക്കാദമിക്‌ കമ്മിറ്റി ജനറൽ കൺവീനർ ഡോ. തോമസ്‌ ഐസക്‌ സമഗ്ര വികസനരേഖ അവതരിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ, എഴുത്തുകാരി കെ ആര്‍ മീര, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, പി എ മുഹമ്മദ് റിയാസ്, ആർ ബിന്ദു, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ എം ലോകസഭാ കക്ഷിനേതാവ്‌ കെ രാധാകൃഷ്‌ണൻ എംപി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, സി എസ്‌ സുജാത, പുത്തലത്ത്‌ ദിനേശൻ, പി സതീദേവി, കെ എസ്‌ സലീഖ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം സ്വരാജ്‌, പി കെ ബിജു, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, ആസൂത്രണ ബോർഡ്‌ ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ, സംഘാടകസമിതി ജനറൽ കൺവീനർ വി ജോയി തുടങ്ങിയവർ പങ്കെടുത്തു.


അഴിമതിക്ക്‌ അവസരം നഷ്ടപ്പെട്ടവർക്ക്‌ പ്രയാസം : മുഖ്യമന്ത്രി

കേരളത്തിൽ ഇന്ന്‌ നിലനിൽക്കുന്ന ശാന്തിയും സമാധാനവുമാണ്‌ ഏവരും ആഗ്രഹിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പത്തുവർഷത്തിൽ വർഗീയ കലാപങ്ങളോ സംഘർഷങ്ങളോ ഇവിടെ ഉണ്ടായില്ല. ഇത്‌ വികസനത്തിന്‌ ഏറ്റവും സഹായകമായ കാര്യമാണ്‌. യുഡിഎഫ്‌ കാലം ഇത്തരമൊരു അവകാശവാദം ഉന്നയിക്കാൻ കഴിയുന്ന കാലമല്ലെന്നും അഞ്ചാമത്‌ അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്‌ ഉദ്‌ഘാടനംചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.


രാജ്യത്തെ ഏറ്റവും കരുത്തുറ്റ വർഗീയ സംഘടന ഇവിടെയാകണം എന്നാഗ്രഹിക്കുന്ന സംഘടനകളും ഇവിടെയുണ്ട്‌. അത്തരം സംഘടനകൾക്കൊന്നും നേരത്തെ തലപൊക്കിയതുപോലെ ഇപ്പോൾ കഴിയുന്നില്ല. കാരണം, ഒരു വർഗീയതയുമായും ഇ‍ൗ സർക്കാർ ചാരിനിൽക്കുന്നില്ല, ഒരു വർഗീയതയെയും സംരക്ഷിക്കുന്നുമില്ല. മതനിരപേക്ഷത എന്നത്‌ വെറും പ്രഖ്യാപനമല്ല, ഭരണത്തിന്റെ ദിനചര്യയിലെ മാർഗനിർദേശകതത്വമായി നിലകൊള്ളുന്നു.


തങ്ങൾക്ക്‌ ഭരണത്തിൽ പങ്കാളിത്തമില്ല എന്ന വികാരം ചില വിഭാഗങ്ങളിൽ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്‌. ഇ‍ൗ പത്തുവർഷക്കാലം ഏതെങ്കിലും ഒരു വിഭാഗത്തോട്‌ പക്ഷപാതിത്വം കാണിച്ചുവെന്നോ, അകറ്റിനിർത്തി എന്നോ പറയാൻ കഴിയുമോ. എല്ലാവരെയും ചേർത്തുപിടിക്കുന്ന സമീപനമാണ്‌ സ്വീകരിച്ചത്‌. വികസനപദ്ധതികൾ എല്ലാ പ്രദേശങ്ങളിലുമെത്തി. എല്ലാ കുടുംബങ്ങൾക്കും വികസനത്തിന്റെ സ്വാദ്‌ അനുഭവിക്കാനായി. അങ്ങനെയൊരു നാട്ടിൽ ആർക്കെങ്കിലും കഴിഞ്ഞ പത്തുവർഷമായി അവസരമില്ല എന്ന്‌ പറയാൻ കഴിയുമോ.


എന്നാൽ, അവസരമില്ലാത്ത ഒരു കൂട്ടരുണ്ട്‌. രാജ്യത്ത്‌ ഏറ്റവും കുറഞ്ഞ അഴിമതി നിലനിൽക്കുന്ന നാടാണ്‌ നമ്മുടേത്‌. വിവിധ പദ്ധതികൾ നടപ്പാക്കുമ്പോൾ ചെലവിടുന്ന കോടികളുടെ ഒരു വിഹിതം മാറ്റിവച്ച്‌ ചിലയിടങ്ങളിലേക്ക്‌ എത്തിക്കുന്ന രീതിയുണ്ട്‌. അതില്ലാത്ത ഏക നാട്‌ കേരളമാണ്‌. ഇ‍ൗ പത്തുവർഷത്തിനു മുമ്പ്‌ ഇങ്ങനെയായിരുന്നോ. ഇ‍ൗ അവസരം നഷ്ടപ്പെട്ടവർക്ക്‌ വല്ലാത്ത പ്രയാസമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


നാല്‌ സഞ്ചികയിൽ പഠന കോൺഗ്രസ്‌ രേഖ

കേരളത്തിന്റെ ഇന്നലെകളിൽനിന്ന്‌ ഇന്നിലേക്ക്‌ എത്തിയതു മാത്രമല്ല, നാളെയിലേക്കുള്ള വിപുലമായ കാഴ്‌ചപ്പാടുകളാണ്‌ എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന കേരള പഠന കോൺഗ്രസിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളുടെ ഉള്ളടക്കം. നാലു സഞ്ചികകളിലായുള്ള രേഖകൾ, കേരള പഠനകോൺഗ്രസിന്റെ മുന്നൊരുക്കത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്‌.


sanjika
സംഘാടകസമിതി ചെയർമാൻ വി ശിവൻകുട്ടി പ്രതിനിധികൾക്കുള്ള കിറ്റ് സാഹിത്യകാരി കെ ആർ മീരയ്ക്ക് കൈമാറുന്നു


ഒന്നാം സഞ്ചിക ഉദ്‌ഘാടന സമ്മേളനങ്ങളുമായി ബന്ധപ്പെട്ട പ്രസംഗങ്ങളും രേഖകളുമാണ്‌. ഒന്നാം കേരള പഠന കോൺഗ്രസിലെ ഇ എം എസിന്റെ അധ്യക്ഷപ്രസംഗം ഇതിലെ വിലപ്പെട്ട രേഖയാണ്‌. രണ്ടും മൂന്നും സഞ്ചികകളിൽ പഠനകോൺഗ്രസ്‌ ചർച്ചചെയ്യുന്ന സമഗ്രവികസന റിപ്പോർട്ടാണ്‌ 45 അധ്യായങ്ങളിലായി അവതരിപ്പിക്കുന്നത്‌. ഒന്നാം പഠനകോൺഗ്രസിനു മുന്നോടിയായി ഇ എം എസ്‌ രണ്ടായിരത്തോളം വിദഗ്‌ധർക്ക്‌ സഹകരണം അഭ്യർഥിച്ച്‌ കത്തയച്ചു. അവരിൽ പ്രധാനപ്പെട്ടവർ പ്രബന്ധങ്ങൾ നൽകി പങ്കെടുത്തു. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടായിരം പേർക്ക്‌ കത്തയച്ചു. അവരുടെ പ്രതികരണങ്ങൾ നാലാമത്തെ സഞ്ചികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എസ്‌ രാമചന്ദ്രൻ പിള്ള ചെയർമാനും ടി എം തോമസ്‌ ഐസക്‌ സെക്രട്ടറിയും ഡോ. ആർ രാംകുമാർ കൺവീനറുമായുള്ള അക്കാദമിക്‌ സമിതിയാണ്‌ സഞ്ചിക പ്രസിദ്ധീകരിക്കുന്നത്‌.


വേണം, നാടിനെ അറിഞ്ഞുള്ള സാങ്കേതിക നയം

കേരളത്തിന്റെ സാമൂഹിക വികസനത്തിന്‌ ഉതകുന്ന സാങ്കേതിക നയമാണ്‌ വേണ്ടതെന്ന്‌ അഞ്ചാമത്‌ അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസ്‌. ശാസ്‌ത്രവും സാങ്കേതികവിദ്യയും സാധാരണക്കാർക്ക്‌ തൊഴിൽ നൽകുന്നതാകണം. ഉന്നത വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ചുള്ള സാങ്കേതിക നയമാണ്‌ കേരളത്തിന്‌ വേണ്ടത്‌. സംസ്ഥാനത്ത്‌ വ്യവസായ മേഖല, തൊഴിൽ മേഖല, സർവകലാശാലകൾ തുടങ്ങിയവ പരസ്‌പരം ബന്ധപ്പെട്ടല്ല പ്രവർത്തിക്കുന്നത്‌. സാങ്കേതിക മേഖലയിലെ മാറ്റത്തിനൊപ്പം നാടിന്റെ പുരോഗതി അടയാളപ്പെടുത്തുന്ന നിർദേശങ്ങളാൽ സമ്പന്നമായി ‘കേരള ശാസ്‌ത്ര സാങ്കേതിക നയം’ വിഷയത്തിൽ നടന്ന സിമ്പോസിയം.


എംജി സർവകലാശാല മുൻ വൈസ്‌ ചാൻസിലർ ഡോ. സാബു തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. വിജ്ഞാനധിഷ്‌ഠിത വികസനമാണ്‌ കേരളത്തിന്റെ സാധ്യത. ഐടി, സെമികണ്ടക്ടർ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സ്വകാര്യ സർവകലാശാലകളിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും ഡോ. സാബു തോമസ്‌ പറഞ്ഞു.


ബിരുദ കരിക്കുലം പരിഷ്‌കരിക്കണമെന്നും, ലോകത്തെ വിവിധ സർവകലാശാലകളിൽ പ്രവർത്തിക്കുന്ന മലയാളികളായ ഗവേഷകരുടെ സേവനം കേരളത്തിലെ കോളേജുകളിൽ ഉറപ്പാക്കണമെന്നും കാനാ എം സുരേശൻ പറഞ്ഞു.


എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു ഗവേണിങ്‌ ക‍ൗൺസിൽ വേണമെന്ന്‌ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഡോ. അജിത്‌ പരമേശ്വരൻ പറഞ്ഞു. ആഗോള സമ്പദ്‌ വ്യവസ്ഥയിൽ കേരളത്തെ അടയാളപ്പെടുത്തുന്നതാകണം സാങ്കേതിക നയമെന്ന്‌ ഡോ. എം എസ്‌ രാജശ്രീ പറഞ്ഞു. പ്രായമായവരെ കൂടി പരിഗണിച്ചുള്ള ശാസ്‌ത്ര സാങ്കേതിക നയമാണ്‌ വേണ്ടതെന്നായിരുന്നു ഡോ. എ ബിജുകുമാറിന്റെ അഭിപ്രായം. ഡോ. എ സാബു അബ്ദുൾ ഹമീദ്‌ അധ്യക്ഷനായി. ഡോ. രതീഷ്‌ കൃഷ്‌ണൻ സ്വാഗതം പറഞ്ഞു.


വയോജന പരിപാലനം കാര്യക്ഷമമാക്കണം

വയോജനങ്ങളുടെ ഗൃഹപരിചരണ സംവിധാനം കാര്യക്ഷമമായി നടപ്പാക്കണമെന്ന്‌ സെമിനാര്‍. "വയോജന ക്ഷേമം' സെമിനാറില്‍ സംസ്ഥാന വയോജന കമീഷന്‍ ചെയര്‍പേഴ്സണ്‍ കെ സോമപ്രസാദാണ് ആശയം പങ്കുവച്ചത്. വിരമിച്ച ആളുകള്‍ക്ക് കൂടിച്ചേരാനുള്ള പ്രത്യേക സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ എസ് ഷാജി, ആനാവൂര്‍ നാഗപ്പന്‍, ഡോ. എസ് സുനിത, ഡോ. കെ വിജയകുമാര്‍, ജയന്‍ കുതിരക്കുളം, എം വിജയകുമാരന്‍, സിബി അഗസ്റ്റ്യന്‍, എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



ഭിന്നശേഷി സംരംഭങ്ങള്‍ക്ക് ബ്രാന്‍ഡിങ് : ആര്‍ ബിന്ദു

സംസ്ഥാനത്തെ ഭിന്നശേഷി വ്യവസായങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ബ്രാന്‍ഡിങ് കൊണ്ടുവരുമെന്ന് മന്ത്രി ആര്‍ ബിന്ദു. ഭിന്നശേഷി വിഷയങ്ങളില്‍ സാമൂഹിക അടിസ്ഥാനത്തിലുള്ള പിന്തുണ സംവിധാനം കൊണ്ടുവരും. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ശേഷം തൊഴില്‍ പരിശീലനവും പിന്തുണയും നൽകും. പൊതുയിടങ്ങള്‍ മാത്രമല്ല മനുഷ്യമനസിലെ പ്രതിബന്ധങ്ങളിലും മാറ്റം സാധ്യമാക്കി വേണം ഭിന്നശേഷി സൗഹൃദമാകേണ്ടതെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ ഭാഗമായി "സാമൂഹ്യനീതി; ഭിന്നശേഷി, അതിഥി തൊഴിലാളികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എസ് സലീഖ അധ്യക്ഷയായി. കെ മൊയ്തീന്‍കുട്ടി, മുരളീധരന്‍ വിശ്വനാഥ്, എം വി ജയ ഡാലി, ഡോ. അബ്ബാസ് അലി, ഡോ. പ്രവീണ കോടോത്ത്, ഗോകുല്‍ രത്നാകര്‍, ബാബുരാജ്, സുജ കെ കുന്നത്ത് എന്നിവര്‍ സംസാരിച്ചു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home