print edition അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസ്

ജനകീയാസൂത്രണം പിറന്ന നാൾ
എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 1994 ആഗസ്ത് 24 മുതൽ 27 വരെയാണ് പ്രഥമ അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസ് നടന്നത്. ആഗോളവൽക്കരണ – ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ നടത്തുന്നതിനൊപ്പം നിലവിലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി ജനജീവിതം ദുസ്സഹമാക്കാതെ പുതിയ വികസന സാധ്യതകൾ കൂട്ടായി കണ്ടെത്തണം എന്നതിൽ നിന്നാണ് പഠന കോൺഗ്രസിന്റെ പിറവി.
ക്ഷേമത്തിനും സേവനത്തിനുമൊപ്പം വികസനവും എന്ന ആശയമാണ് ഇ എം എസ് മുന്നോട്ടു വച്ചത്. ഒന്നാം പഠനകോൺഗ്രസിൽ 700 അക്കാദമിക് പണ്ഡിതരും സാമൂഹിക രാഷ്‌ട്രീയ പ്രവർത്തകരും പങ്കാളികളായി. 23 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. 66 സെമിനാർ സെഷനുകളിലും ആറു സിമ്പോസിയങ്ങളിലുമായി 600ഓളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കാർഷിക, വ്യാവസായിക മേഖലയിലെ ഉൽപ്പാദനക്കുറവ്, വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം, ആരോഗ്യ മേഖല, ആദിവാസി, മത്സ്യത്തൊഴിലാളി തുടങ്ങിയ വിഭാഗങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ, കേന്ദ്ര വിഹിതത്തിലെ കുറവ് തുടങ്ങിയവ പഠന കോൺഗ്രസിൽ വിഷയമായി. ഇൗ രാഷ്‌ട്രീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ചർച്ചകളാണ് പ്രധാനമായും നടന്നത്. ഇൗ പഠനകോൺഗ്രസിൽ നിന്ന് രൂപംകൊണ്ട ആശയങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് 1996ലെ നായനാർ സർക്കാർ നയപരിപാടികൾക്ക് രൂപം നൽകിയത്.
തദ്ദേശ സ്ഥാപന തലത്തിൽ വികസന മുന്നേറ്റത്തിന് വഴിതെളിച്ച ജനകീയാസൂത്രണം ഒന്നാം പഠന കോൺഗ്രസിന്റെ സംഭാവനയാണ്. കുടുംബശ്രീ, വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങളുടെ സേവന നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ, ഐടി, ടൂറിസം രംഗങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള കർമ പരിപാടികൾ തുടങ്ങി കേരള വികസനത്തിൽ നാഴികകല്ലായ വികസന പദ്ധതികളാണ് 1996ലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കിയത്.
തദ്ദേശ സ്ഥാപനങ്ങൾക്ക് കരുത്തേകി
രണ്ടാം കേരള പഠന കോൺഗ്രസിൽ രൂപപ്പെട്ട നിരവധി ആശയങ്ങളും സമീപനങ്ങളുമാണ് 2006ൽ അധികാരത്തിലെത്തിയ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. 2005 ഡിസംബർ ഒമ്പതു മുതൽ 11വരെയാണ് രണ്ടാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് നടന്നത്. നവലിബറൽ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിച്ച ഉൽപ്പാദന മേഖലയിലെ മുരടിപ്പ്, കർഷക ആത്മഹത്യ, റബർ ഉൾപ്പെടെയുള്ളവയുടെ വിലയിലെ അസ്ഥിരത, പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തിൽ കൈക്കൊള്ളേണ്ട സുസ്ഥിര വികസന മാതൃക, ദുർബല വിഭാഗങ്ങളുടെ ഗുണപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള നയപരിപാടികൾ തുടങ്ങിയവ പ്രധാന ചർച്ചാവിഷയങ്ങളായി.

രണ്ടാം പഠനകോൺഗ്രസിന്റെ ഭൂരിഭാഗം നിർദേശങ്ങളും തുടർന്ന് വന്ന എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തന പരിപാടിയുടെ ഭാഗമായി. ക്ഷേമാനുകൂല്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അവകാശധിഷ്‌ഠിത സമീപനമാണ് സർക്കാർ സ്വീകരിച്ചത്. യുഡിഎഫ് കാലത്ത് പദ്ധതി നിർവഹണ ഏജൻസികൾ മാത്രമായി തദ്ദേശ സ്ഥാപനങ്ങൾ ചുരുങ്ങിയിരുന്നു. എൽഡിഎഫ് സർക്കാർ രണ്ടാംഘട്ട അധികാര വികേന്ദ്രീകരണത്തിനുള്ള നടപടികൾ സ്വീകരിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ പ്ലാൻ ഫണ്ട് അനുവദിക്കുകയും പ്രവർത്തന സ്വാതന്ത്ര്യം നൽകുകയും ചെയ്‌തു. ക്ഷേമം ദാനമല്ല സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്ന നിലപാട് ഉയർത്തിപ്പിടിച്ചു. കുടുംബശ്രീയെ കൂടുതൽ ജനാധിപത്യവൽക്കരിച്ചു.
കേരളത്തിന് സ്വന്തം ബാങ്ക്
രണ്ടാം പഠന കോൺഗ്രസ് മുന്നോട്ടു വച്ച വികസന അജൻഡ വലിയൊരു ശതമാനവും പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നു. ഇൗ സാഹചര്യത്തിൽ അതിലെ ദൗർബല്യങ്ങൾ തിരുത്താനാണ് മൂന്നാം കേരള പഠന കോൺഗ്രസ് ലക്ഷ്യമിട്ടത്. 2011 ജനുവരി ഒന്ന് മുതൽ മൂന്നുവരെയായിരുന്നു മൂന്നാം പഠന കോൺഗ്രസ്. അഭ്യസ്‌ത വിദ്യരായ പുതുതലമുറക്ക് ആഗ്രഹിക്കുന്ന നിലയിലുള്ള തൊഴിൽ ലഭ്യമാക്കുക, പരമ്പരാഗത മേഖലകളെ സംരംക്ഷിക്കുന്നതിനൊപ്പം വളർച്ചയും ഉറപ്പുവരുത്തുക, പൊതു സാമൂഹ്യക്ഷേമ സൗകര്യങ്ങൾ കൂടുതൽ ശക്‌തിപ്പെടുത്തുക തുടങ്ങിയവക്കുള്ള കരട് പരിപാടിയായിരുന്നു ചർച്ചക്ക് അവതരിപ്പിച്ച രേഖ.

കേരളത്തിന്റെ അടിസ്ഥാന വികസന മേഖലയിൽ 50,000 കോടി രൂപയുടെ പൊതു നിക്ഷേപം സമാഹരിക്കുക എന്നത് പ്രധാന വിഷയമായി. കേരള വികസന മാതൃക സുസ്ഥിര വികസന മാതൃകയാക്കി മാറ്റുകയും ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക നിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. കേരളത്തിലെ സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കുകളെ സംയോജിപ്പിച്ച് കേരളത്തിന്റേതായ ബാങ്ക് രൂപീകരിക്കണമെന്ന ആശയവും മൂന്നാം പഠന കോൺഗ്രസിന്റെ പ്രധാന നിർദേശമായിരുന്നു. കേരളത്തിലെ നിക്ഷേപം വർധിപ്പിക്കുകയായിരുന്നു കേരള ബാങ്കിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ 2011ൽ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ കേരള വികസനത്തിന്റെ മുനയൊടിച്ചു.
കുതിപ്പിന്റെ കിഫ്‌ബി
കേരളത്തിലെ അടിസ്ഥാന സൗകര്യമേഖലയിലെ വിസ്‌മയകരമായ കുതിപ്പിന് കിഫ്‌ബിയെ ഉപയോഗപ്പെടുത്താനുള്ള നിർണായക തീരുമാനമെടുത്തത് നാലാം അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസിലാണ്. ബജറ്റിൽ ഒതുങ്ങി നിന്ന് പശ്‌ചാത്തല സൗകര്യ പിന്നോക്കാവസ്ഥ മറികടക്കാനാകില്ല. ബജറ്റിന് പുറത്ത് വിഭവസമാഹരണം വേണം. അതിനുള്ള മാർരേഖ 2016 ജനുവരി ഒമ്പതിനും 10നും നടന്ന നാലാം പഠന കോൺഗ്രസിൽ അവതരിപ്പിച്ചു. പശ്‌ചാത്തല സൗകര്യ വികസനത്തിന് പൊതുമേഖലയിൽ ഒരു വലിയ ധനകാര്യ സ്ഥാപനത്തിന് രൂപം നൽകുക എന്ന കാഴ്‌ചപ്പാടിൽ അവതരിപ്പിക്കപ്പെട്ടതാണ് കിഫ്‌ബി. ഇന്ന് കിഫ്‌ബിയിലൂടെ 1,10,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്.

നാലാം പഠന കോൺഗ്രസിലെ നിർദേശങ്ങൾ കൂടി സ്വീകരിച്ചാണ് എൽഡിഎഫ് പ്രകടന പത്രികയ്‌ക്ക് രൂപം നൽകിയത്. ഇത്തരത്തിൽ തയ്യാറാക്കിയ 600 കർമ പദ്ധതികളിൽ 580ഉം പ്രാവർത്തികമാക്കാൻ ഒന്നാം പിണറായി സർക്കാരിന് സാധിച്ചു.
ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം നാലാം പഠന കോൺഗ്രസിന്റെ പ്രധാന ലക്ഷ്യമായിരുന്നു. പാലിയേറ്റീവ് കെയറിനുള്ള വിപുലമായ സൗകര്യങ്ങൾ, വ്യാവസായിക മേഖലയുടെ ത്വരിതഗതിയിലുള്ള വളർച്ച, കൂടുതൽ തൊഴിൽ സാധ്യത, സാമൂഹ്യ സുരക്ഷ പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുക തുടങ്ങിയവയെല്ലാം പഠന കോൺഗ്രസിലെ ചർച്ചകളുടെയും പഠനങ്ങളുടെയും ഫലമായി സംഭവിച്ചതാണ്.










0 comments