print edition തുടർച്ചയിലൂടെ നവകേരളത്തിലേക്ക്

‘കേരള വികസനാനുഭവങ്ങളുടെ അന്താരാഷ്ട്ര പ്രാധാന്യം’ വിഷയത്തിൽ നടന്ന സിമ്പോസിയം

സി കെ ദിനേശ്
Published on Feb 22, 2026, 02:00 AM | 1 min read
തിരുവനന്തപുരം
വികസന, ക്ഷേമ രംഗങ്ങളിലെ കുതിപ്പ് നിലനിർത്താനും വിഭവ സമാഹരണവും ഉൽപാദനവും ശക്തമാക്കി കൂടുതൽ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കാനുമുള്ള പരിപാടികൾ മുന്നോട്ടുവച്ച് അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസ്. ആരുടെയെങ്കിലും കനിവിന് കാത്തിരുന്ന് വികസനവും ക്ഷേമവും നടത്താനല്ല, സ്വന്തമായി വഴിവെട്ടിത്തുറന്ന് നാടിന്റെ സമഗ്ര ഉന്നമനം സാക്ഷാത്കരിക്കലാണ് ലക്ഷ്യമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ അന്വർഥമാക്കുന്ന ചർച്ചകളാണ് തുടരുന്നത്.
നവകേരള നിർമിതിയെ എങ്ങനെ കൂടുതൽ സമ്പുഷ്ടമാക്കാം എന്നതാണ് ചർച്ചാവിഷയമെന്ന് അക്കാദമിക് കമ്മിറ്റി സെക്രട്ടറി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കേരളത്തിലെ മതനിരപേക്ഷ സാമൂഹ്യ സാഹചര്യത്തിന് കോട്ടം വരുന്നത് തടയാനുള്ള ശക്തമായ ജനകീയ ഇടപെടൽ അത്യന്താപേക്ഷിതമാണെന്ന് മതനിരപേക്ഷതാ സിമ്പോസിയം വിലയിരുത്തി. ലോകംതന്നെ പ്രകീർത്തിച്ച ബദൽ വികസന മാതൃക കൂടുതൽ കരുത്തോടെ തുടരാനവശ്യമായ പരിപാടികളാണ് വികസനാനുഭവ സിമ്പോസിയം മുന്നോട്ടുവച്ചത്. പത്തുവർഷത്തെ അനുഭവം മുൻനിർത്തി തനത് വിഭവസമാഹരണം ശക്തമാക്കി ലക്ഷ്യമിട്ട വികസനം പൂർത്തിയാക്കാനുള്ള ആശയങ്ങളായിരുന്നു ധനകാര്യ ചർച്ചയിൽ.
ശാസ്‌ത്രബോധം വളർത്തുന്നതിന് കൂടുതൽ ഇടപെടൽ നടത്തേണ്ട ആവശ്യകതയും സാങ്കേതികവിദ്യയെയും ഗവേഷണങ്ങളെയും പ്രയോഗതലത്തിലും ഏകോപിതമായും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി.
വലിയ പങ്കാളിത്തത്തോടെയാണ് ഉദ്ഘാടന സമ്മേളനവും സിമ്പോസിയങ്ങളും സെമിനാറുകളും നടന്നത്. നാലു സിമ്പോസിയവും 31 സെമിനാറുകളുമാണ് ശനിയാഴ്ച നടന്നത്. ഇരുനൂറിലധികം വിദഗ്ധരും പണ്ഡിതരും വിവിധ സെഷനുകളിൽ സംസാരിച്ചു. 3000 പേർക്കാണ് രജിസ്‌ട്രേഷനെങ്കിലും അതിലേറെ പേരാണ് പഠന കോൺഗ്രസിനെത്തിയത്. ജില്ലാതലങ്ങളിൽ നടന്ന വിപുലമായ ചർച്ചകളുടെ തുടർച്ചയാണ് പഠന കോൺഗ്രസ്.










0 comments