ad
Deshabhimani

അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്റെ 
അഞ്ചാംപതിപ്പിന്‌ തുടക്കം

print edition കനിവിനായി കാത്തുനിൽക്കില്ല ; മുന്നേറും സ്വന്തം കരുത്തിൽ

International Congress On Kerala Studies

അഞ്ചാമത്‌ അന്താരാഷ്ട്ര കേരളപഠന കോൺഗ്രസ്‌ തിരുവനന്തപുരം എ കെ ജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു / ഫോട്ടോ: എ ആർ അരുൺരാജ്

വെബ് ഡെസ്ക്

Published on Feb 22, 2026, 02:45 AM | 2 min read


തിരുവനന്തപുരം

ആരുടെയും കനിവിന്‌ കാത്തുനിൽക്കാനല്ല, സ്വന്തം കരുത്തിൽ മുന്നേറാനാണ്‌ നാം ഉദ്ദേശിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ നാലു വർഷംമാത്രം രണ്ടുലക്ഷം കോടിയോളം രൂപയാണ്‌ കേന്ദ്രസർക്കാർ നിഷേധിച്ചത്‌. ഇ‍ൗ സാമ്പത്തിക ഞെരുക്കത്തിനിടയിലാണ്‌ കേരളം നേട്ടങ്ങൾ കൈയെത്തിപ്പിടിച്ചതെന്നും അഞ്ചാമത്‌ അന്താരാഷ്ട്ര കേരളപഠന കോൺഗ്രസ്‌ ഉദ്‌ഘാടനംചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.


നവകേരള സൃഷ്ടിക്കായി ഉറച്ച വികസന അടിത്തറയൊരുക്കിയ ഘട്ടമായാണ്‌ കഴിഞ്ഞ പത്തുവർഷ ഭരണത്തെ വിലയിരുത്തേണ്ടത്‌. എവിടെയാണോ നിർത്തിയത്‌ അവിടെനിന്ന്‌ തുടങ്ങാൻ കഴിഞ്ഞു എന്നതാണ്‌ തുടർഭരണത്തിന്റെ ഗുണം. ഇനിയും മുന്നോട്ടുപോകണം. ബ്രയിൻ ഡ്രെയ്‌നിന്റെ കാലത്തുനിന്ന്‌ ബ്രയിൻ ഗെയ്‌നിന്റെ കാലത്തേക്ക്‌ എത്തിച്ചേരാനാകണം.


ഭാവികേരളം ഉപഭോക്തൃ സംസ്ഥാനമായിമാത്രം ചുരുങ്ങരുത്‌. ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കാനാകണം. ആ രീതിയിൽ സംഭാവന ചെയ്യാൻ കഴിയുന്ന മനുഷ്യവിഭവശേഷിയുടെ കേന്ദ്രമായി മാറണം. ഇ‍ൗ ലക്ഷ്യത്തിലേക്ക്‌ നീങ്ങാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹിക ഐക്യവും നമുക്കുണ്ടാകണം.


നവകേരളം സാധ്യമാക്കാൻ കഴിയുന്ന ഒന്നാണ്‌. ഏതാനും വർഷത്തിനുള്ളിൽ കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനം ഇരട്ടിയാകണം. ഓരോ കുടുംബത്തിന്റെയും ജീവിതനിലവാരം വികസിത രാജ്യങ്ങളിലേതിനോട്‌ അടുത്തുനിൽക്കുന്നതാകണം. ഇ‍ൗ ലക്ഷ്യം നിറവേറ്റലാണ്‌ ഇനിയുള്ള ഘട്ടത്തിൽ എൽഡിഎഫ്‌ സർക്കാരിന്റെ ദ‍ൗത്യം. കേരളത്തെ ലോകത്തിനുമുന്നിൽ വ്യത്യസ്‌തമാക്കുന്ന സാമൂഹികക്ഷേമ പാരമ്പര്യം ദുർബലപ്പെടാൻ പാടില്ല.


പ്രതിശീർഷ വരുമാനക്കണക്കിൽ കേരളം പതിനൊന്നാം സ്ഥാനത്തുനിന്ന്‌ ആറാമതായി ഉയർന്നത്‌ ശരിയായ വികസനപാതയിലാണ്‌ നാം എന്നതിന്റെ തെളിവാണ്‌. എന്നാൽ, ഇതിൽ തൃപ്‌തിപ്പെട്ട്‌ ഒതുങ്ങിക്കൂടാനാവില്ല. ലക്ഷ്യത്തിലെത്താനുള്ള വേഗം വർധിപ്പിക്കേണ്ടതുണ്ട്‌. കേന്ദ്ര അവഗണന രൂക്ഷമാകുന്ന സാഹചര്യത്തിൽ വിഭവസമാഹരണത്തിനുള്ള കൂടുതൽ സാധ്യത പരിശോധിക്കേണ്ടിവരും. കേരള വികസന മാതൃക കാലാനുസൃതമായി പുതുക്കിപ്പണിയുക എന്നതാണ്‌ വലിയ ദ‍ൗത്യം. പരിസ്ഥിതി സംരക്ഷണം വികസനത്തിൽനിന്ന്‌ വേർതിരിക്കാനാകില്ല. പ്രകൃതിസമ്പത്ത് സംരക്ഷിച്ച്‌ ഉപജീവനം മെച്ചപ്പെടുത്തുന്ന സമ്പദ്‌വ്യവസ്ഥയാണ്‌ ശക്തമായ സമ്പദ്‌വ്യവസ്ഥ. ബ്രൈറ്റ്‌ ഫ്യൂച്ചറും ഗ്രീൻ ഫീച്ചറും ഒരുപോലെ മുന്നിൽകണ്ടുള്ള പ്രവർത്തനമാണ്‌ ഏറ്റെടുക്കേണ്ടത്‌– മുഖ്യമന്ത്രി പറഞ്ഞു.


ഇതടക്കം നവകേരളത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിനായി ആശയങ്ങളും ചിന്തകളും പങ്കുവച്ച്‌ അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്റെ അഞ്ചാംപതിപ്പിന്‌ തിരുവനന്തപുരത്ത്‌ തുടക്കമായി. ഉദ്ഘാടന സമ്മേളനത്തില്‍ അക്കാദമിക്‌ കമ്മിറ്റി ചെയർപേഴ്‌സൺ എസ് രാമചന്ദ്രന്‍പിള്ള അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വാഗതം പറഞ്ഞു. അക്കാദമിക്‌ കമ്മിറ്റി ജനറൽ കൺവീനർ ഡോ. തോമസ്‌ ഐസക്‌ സമഗ്ര വികസനരേഖ അവതരിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, എഴുത്തുകാരി കെ ആര്‍ മീര തുടങ്ങിയവർ സംസാരിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home