ad
Deshabhimani

ഉന്നത വിദ്യാഭ്യാസമേഖല ചാലകശക്തിയാകണം , വികസനത്തിൽ സഹകരണമേഖലയ്‌ക്ക്‌ 
 മുഖ്യപങ്ക്‌ വഹിക്കാനാകണം

print edition വളർച്ചയ്‌ക്ക്‌ 
തുടർച്ച അനിവാര്യം ; നവകേരള നിർമിതിക്ക്‌ 6 മാർഗങ്ങൾ

International Congress On Kerala Studies

കേരള പഠന കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി 
എം എ ബേബി മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ളയുമായി സൗഹൃദ സംഭാഷണത്തിൽ

വെബ് ഡെസ്ക്

Published on Feb 23, 2026, 02:41 AM | 1 min read


തിരുവനന്തപുരം

കേരളം കൈവരിച്ച അഭൂതപൂർവമായ മുന്നേറ്റം തുടരാൻ ഭരണത്തുടർച്ച അനിവാര്യമെന്ന്‌ അഞ്ചാമത്‌ അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസ്‌. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ സംരക്ഷിച്ചും കാർഷിക–വ്യാവസായിക മേഖലയിൽ മുന്നേറ്റമുണ്ടാക്കിയും പശ്ചാത്തലമേഖലയിൽ അടിസ്ഥാനസ‍ൗകര്യം വർധിപ്പിച്ചും ഇനിയും കുതിക്കാനാകും. സഹകരണ മേഖലയ്‌ക്ക്‌ സംസ്ഥാനത്തിന്റെ വികസനത്തിന്‌ വലിയ കരുത്തേകാനാകുമെന്നും എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച പഠന കോൺഗ്രസ്‌ വിലയിരുത്തി.


നവകേരളനിർമിതിക്കായുള്ള മുന്നേറ്റത്തിന്‌ വരുമാന വർധന, വിജ്ഞാനസമ്പദ്‌ഘടനയിലേക്കുള്ള കുതിപ്പ്‌, വികേന്ദ്രീകൃത വികസനവും സാമൂഹ്യക്ഷേമവും, സുസ്ഥിര വികസനം, ഉൾച്ചേർന്ന വികസനം, പുരോഗമന മതനിരപേക്ഷ കേരളം എന്നീ ആറു മാർഗങ്ങൾ അടിസ്ഥാനമാക്കണമെന്നും പഠനകോൺഗ്രസ്‌ നിർദേശിച്ചു.


അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറുന്ന സ്ഥിതിയായിരുന്നു കേരളത്തിൽ. എൽഡിഎഫ്‌ സർക്കാർ അഞ്ചുവർഷം കൊണ്ടുണ്ടാക്കുന്ന വളർച്ച അടുത്ത യുഡിഎഫ്‌ ഭരണത്തിൽ തകരുന്ന സ്ഥിതി. പിന്നീടുവരുന്ന എൽഡിഎഫ്‌ സർക്കാരിന്റെ ആദ്യ മൂന്നുവർഷം വളർച്ച പുനഃസൃഷ്‌ടിക്കാൻ വിനിയോഗിക്കും. പിന്നെ രണ്ടുവർഷമാണ്‌ ഭരണത്തിന്‌ കിട്ടിയിരുന്നത്‌. അതിനു മാറ്റമുണ്ടായത്‌ 2021ലാണ്‌. പത്തുവർഷത്തെ വളർച്ച ശക്തിയായി തുടരാൻ എൽഡിഎഫ്‌ ഭരണത്തിനേ സാധിക്കൂ.


46 സെഷനിൽ ഉയർന്ന നിർദേശങ്ങൾ ക്രോഡീകരിച്ച്‌ ഡോ. ടി എം തോമസ്‌ ഐസക്കും ഡോ. ആർ രാമകുമാറും സമാപനസമ്മേളനത്തിൽ അവതരിപ്പിച്ചു. മധ്യവികസിത രാജ്യങ്ങളിലെ ജീവിതനിലവാരത്തിനൊപ്പം കേരളത്തിലെ ജനങ്ങളെയും എത്തിക്കാൻ സ‍ൗകര്യങ്ങൾ ഒരുക്കണം. ബജറ്റിന്‌ പുറത്തുള്ള വരുമാനമാർഗം കണ്ടെത്താനാണ്‌ കിഫ്‌ബിയെ ഉപയോഗപ്പെടുത്തിയത്‌. എന്നാൽ കിഫ്‌ബിയെ തകർക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമം. ഇതിനെ നിയമപരമായി നേരിടുന്നതിനൊപ്പം കിഫ്‌ബി നിയമത്തിലും മാറ്റം വേണ്ടിവരും.


വ്യാവസായികമേഖലയിൽ വലിയ നിക്ഷേപങ്ങൾ യാഥാർഥ്യമാക്കണം. ടൂറിസം, പൊതുമേഖലയെ ശക്തിപ്പെടുത്തൽ, സ്റ്റാർട്ട്‌അപ്പുകളെ ഉപയോഗപ്പെടുത്തൽ, നഗരങ്ങളെ വളർച്ചാകേന്ദ്രങ്ങളാക്കൽ എന്നിവ അനിവാര്യം. വികസനത്തിന്റെ ഒന്നാംഘട്ടത്തിൽ പൊതുവിദ്യാഭ്യാസമായിരുന്നു ചാലകശക്തിയെങ്കിൽ രണ്ടാംഘട്ടത്തിൽ ഉന്നതവിദ്യാഭ്യാസമാകും. കാർഷികമേഖലയിൽ ഉൽപാദനക്ഷമത വളർത്തി മൂല്യവർധിതമേഖലയെ പ്രോത്സാഹിപ്പിക്കണം. ചെറുകിട മേഖലയിൽ ആധുനികവൽകരണം വേണം.


ജനകീയാസൂത്രണത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കണം. സ്‌ത്രീകൾക്ക്‌ കൂടുതൽ തൊഴിലവസരം ലഭിക്കണം. കുടുംബശ്രീയെ കൂടുതലായി ഉപയോഗിക്കണം. പാലിയേറ്റീവ്‌, ദുരന്തനിവാരണം പോലുള്ള പദ്ധതികളിൽ സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തവും ഉപയോഗപ്പെടുത്തണം. മതനിരപേക്ഷ ഇടങ്ങൾ സൃഷ്‌ടിച്ച്‌ വർഗീയതയെ ചെറുക്കണമെന്നും ചർച്ചകൾ ക്രോഡീകരിച്ച്‌ ഡോ. തോമസ്‌ ഐസക്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home