print edition പ്ലീഡർ നിയമനം: കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയിൽ അടി മൂത്തു

കൊച്ചി: ഗവ. പ്ലീഡർ നിയമനതർക്കത്തിൽ കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയിൽ അടി മൂത്തു. പിൻവാതിൽ നിയമനം ലഭിച്ചവരുടെ രാഷ്‌ട്രീയ ചായ്‌വാണ് പുറമേക്ക് ചർച്ചയാകുന്നതെങ്കിലും ഗ്രൂപ്പ് തിരിഞ്ഞ് സംഘടനാ നേതൃത്വം വാങ്ങിക്കൂട്ടിയ കോഴയുടെ കഥകളാണ് അകത്ത് പുകയുന്നത്. അഭിഭാഷക സംഘടന നൽകിയ പട്ടികയിൽനിന്നാണ് പ്ലീഡർ നിയമനങ്ങൾ നടത്തിയതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആണയിട്ടെങ്കിലും മറ്റു പരിഗണനയിൽ കയറിക്കൂടിയവരാണ് അധികവും. അതിലെ അതൃപ്‌തിയാണ് കോൺഗ്രസിലെ പരന്പരാഗത ഗ്രൂപ്പുകൾക്കൊപ്പം നിൽക്കുന്നവർക്കും മുഖ്യമന്ത്രിയെ പിന്തുണയ്‌ക്കുന്നവർക്കുമിടയിൽ അടി കലശലാക്കുന്നത്.
കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയപ്പോൾ, അഭിഭാഷക സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നഷ്ടമായയാൾ പ്ലീഡർ നിയമനത്തിനെതിരെ കഴിഞ്ഞദിവസം കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചെങ്കിലും അവസാനനിമിഷം റദ്ദാക്കി. യുവ എംപിയുടെ ശുപാർശയിൽ വനിതാ അഭിഭാഷകയെ പ്ലീഡറാക്കിയതിലെ വിവാദം കൊഴുക്കുന്പോഴാണ് വാർത്താസമ്മേളനം വിളിച്ചത്. മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള സ്‌റ്റേറ്റ് അറ്റോർണിയുടെ ശുപാർശയിലാണ് വനിതാ അഭിഭാഷകയ്‌ക്ക് നിയമനം ലഭിച്ചതെന്ന അഭ്യൂഹമുണ്ട്. അദ്ദേഹത്തിന്റെ എതിർചേരിയിലുള്ളയാളാണ് വാർത്താസമ്മേളനം വിളിച്ച മുൻ പ്രസിഡന്റ്. നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് വാർത്താസമ്മേളനം റദ്ദാക്കിയെങ്കിലും വരുംദിവസങ്ങളിൽ വിവാദം കൂടുതൽ കൊഴുക്കും.
പ്ലീഡർ നിയമനങ്ങൾക്ക് അഞ്ചുമുതൽ 15 ലക്ഷം രൂപവരെ കോഴ വാങ്ങിയെന്ന ആരോപണങ്ങൾ തുടക്കംമുതലുണ്ട്. യുഡിഎഫ് അധികാരത്തിൽ വരുന്പോഴെല്ലാം കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയുടെ ശുപാർശ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പരിഗണിക്കപ്പെടാറുണ്ട്. അതേ അനുഭവംവച്ച് ഇക്കുറിയും പട്ടിക തയ്യാറാക്കി. നേതാക്കൾ പരക്കെ പണവും പിരിച്ചു. എന്നാൽ, നിയമവകുപ്പ് കൈവശംവച്ച മുഖ്യമന്ത്രി വേണ്ടിടത്തെല്ലാം തന്റെ ഇഷ്ടക്കാരെ നിറച്ചതോടെ അഭിഭാഷക സംഘടനാനേതൃത്വം കുഴപ്പത്തിലായി. സംഘടനയിലെ ഒരുവിഭാഗം വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഒപ്പംനിന്നു. കെ സി വേണുഗോപാലിനൊപ്പം നിൽക്കുന്നയാളാണ് ഇപ്പോൾ സംസ്ഥാന പ്രസിഡന്റ്.
ആർഎസ്‌എസ്, ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കും ഉൾപ്പെടെ നിയമനം ലഭിച്ചത് വിവാദമായതോടെ ആ നിയമനങ്ങളിലും കോഴയിടപാട് നടന്നതായി ആക്ഷേപമുയർന്നു. അത് അഭിഭാഷക സംഘനയുടെ യോഗങ്ങളിൽ വലിയ തർക്കത്തിനും അടിപിടിക്കും കാരണമായതായാണ് വിവരം.










0 comments