ലഹരി മാഫിയയുമായി ബന്ധം; ആഭ്യന്തരമന്ത്രിയുടെ സ്റ്റാഫിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

നഹാസിനൊപ്പം രമേശ് ചെന്നിത്തല
പത്തനംതിട്ട: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ അസിസ്റ്റൻ്റായി നിയമിക്കപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി പത്തനംതിട്ട ജില്ലാ കോൺഗ്രസ് നേതൃത്വം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയെയാണ് ചെന്നിത്തല കഴിഞ്ഞ ദിവസം സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. നഹാസിന് ജില്ലയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. ജില്ലാതലത്തിൽ കൂടിയാലോചനയില്ലാതെ ചെന്നിത്തല കൈക്കൊണ്ട ഈ തീരുമാനം കനത്ത തിരിച്ചടിയാകുമെന്നും നഹാസിനെ എത്രയും വേഗം സ്റ്റാഫിൽ നിന്ന് ഒഴിവാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ചെന്നിത്തലയുടെ അടുത്ത അനുയായിയാണ് നഹാസ്. രണ്ട് വർഷം മുമ്പ് നഹാസിന്റെ വീട്ടിൽനിന്നും കഞ്ചാവ് പിടികൂടിയതും ഉറ്റ അനുയായിയായ ജിതിന് ലഹരി സംഘങ്ങളുമായുള്ള ബന്ധവും ചർച്ചയാകുന്നുണ്ട്.
2023 നവംബർ 20നാണ് നഹാസിന്റെ വീട്ടിൽനിന്നും രണ്ടര കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയത്. നഹാസിന്റെ സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കേസെടുത്തതോടെ നസീബ് ഒളിവില്‍ പോയി. നഹാസും അന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇതോടെ നഹാസ് പങ്കെടുക്കുന്ന പരിപാടിയിൽനിന്ന് അന്ന് ചെന്നിത്തല വിട്ടുനിൽക്കുകയും ചെയ്തതാണ്.
ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുള്ളയാളെ ആഭ്യന്തരമന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് കേരളത്തിന് അപമാനകരമാണെന്ന് ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ബി നിസാം പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ ആഭ്യന്തരവകുപ്പ് ലഹരി മാഫിയക്കെതിരായ ക്യാമ്പയിൻ നടത്തുമ്പോഴാണ് ഈ നിയമനം. ജില്ലയിലെ കോൺഗ്രസിനുള്ളിലെ എതിർപ്പ് പോലും മറികടന്നുള്ള നഹാസിനെ നിയമനം ലഹരി മാഫിയയെ സഹായിക്കാനാവും വഴിയൊരുക്കുകയെന്ന് നിസാം പറഞ്ഞു.










0 comments