print edition ശേഷാദ്രിനാഥന്റെ നിയമനം; കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പോര് മുറുകുന്നു

കോഴിക്കോട്: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി പരസ്യമായി രംഗത്തെത്തിയതോടെ വെട്ടിലായി കോൺഗ്രസും മുസ്ലിംലീഗും. മന്ത്രി കെ എം ഷാജിയെ മറയാക്കി നിയാസ് നടത്തുന്നത് മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള പടപ്പുറപ്പാടാണ്. ഇതിന് പിന്നിൽ കോൺഗ്രസിലെ വൻതോക്കുകളുണ്ട്.
മന്ത്രി ഷാജിയുമായുള്ള വാക്ക്‌പോര് തുടരുന്നതിനിടെ ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് വിവരങ്ങൾ ധരിപ്പിക്കാനാണ് നിയാസിന്റെ നീക്കം. ശേഷാദ്രിനാഥന്റെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലും പതിനഞ്ച് വർഷത്തെ പ്രവർത്തനങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തും നൽകും.
എന്നാൽ തെറ്റ് തിരുത്താൻ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് കരുതുന്നതെന്ന് നിയാസ് തിങ്കളാഴ്‌ച മാധ്യമങ്ങളോട് പറഞ്ഞു. നിയമനം മറ്റു മന്ത്രിമാർ അറിഞ്ഞിട്ടില്ല. ഒൗട്ട് ഓഫ് അജൻഡയായിട്ടാണ് ഇൗ നിയമനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ശേഷാദ്രിനാഥൻ സംഘപരിവാർ അനുകൂലിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം നിയാസ് ഷാജിക്കെതിരെ രംഗത്തെത്തിയത്.
താൻ പറയുന്നത് തെറ്റാണെന്ന് തെളിയിച്ചാൽ മന്ത്രി പറയുന്ന പണി ചെയ്യാമെന്നായിരുന്നു നിയാസിന്റെ വെല്ലുവിളി. മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിന്റെ ഭാഗമായാണ് ശേഷാദ്രിനാഥനെ നിയമിച്ചതെന്നായിരുന്നു ഷാജിയുടെ തിരിച്ചടി.
2021 മുതൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുടെ ചുമതല നിർവഹിച്ചിരുന്ന എ ഷാജഹാൻ വിരമിച്ച ഒഴിവിലാണ് എറണാകുളം സ്വദേശിയായ മുൻ ജില്ലാ ജഡ്ജി എൻ ശേഷാദ്രിനാഥനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
കോൺഗ്രസ് അനുഭാവികളായ പലരുടെയും പേരുകൾ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും ശേഷാദ്രിനാഥനെയാണ് സർക്കാർ നിയമിച്ചത്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് നിയാസ്.
വേണുഗോപാലിന്റെ അറിവോടെയാണോ നിയാസിന്റെ നീക്കങ്ങളെന്ന സംശയമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പരിഗണിച്ചതിനെതിരെ നേരത്തെ നിയാസ് രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല.











0 comments