ad
Deshabhimani

print edition അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റം; ഭിന്നശേഷിക്കാരെ ഒഴിവാക്കി

1
വെബ് ഡെസ്ക്

Published on Sep 08, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിന്‌ ഭിന്നശേഷി വിഭാഗക്കാർക്കുള്ള ആനുകൂല്യം ഇനിയുണ്ടാകില്ല. ഇത്തരത്തിൽ പൊതുസ്ഥലംമാറ്റ വ്യവസ്ഥയുടെ ഭാഗമായിരുന്ന 20 പ്രത്യേക മുൻഗണന വിഭാഗങ്ങളെ ആണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഒഴിവാക്കിയത്‌. കാസർകോട്‌, വയനാട്‌, ഇടുക്കി ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക്‌ സേവനകാലയളവ്‌ ഇരട്ടിയായി കണക്കാക്കുന്ന ആനുകൂല്യവും അവസാനിപ്പിച്ചു. സെൻസസ്‌ ഡ്യൂട്ടിക്ക്‌ നിയോഗിക്കപ്പെട്ട അധ്യാപകർക്ക്‌ ‘സെൻസസ്‌ ഡ്യൂട്ടിക്ക്‌ യാതൊരു ഭംഗവും വരുത്തില്ല’ എന്ന സത്യവാങ്‌മൂലത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ മറ്റു ജില്ലയിലേക്ക്‌ മാറ്റം നൽകൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിലുണ്ട്‌. പ്രീ–പ്രൈമറി, പ്രൈമറി, ഹൈസ്‌കൂൾ വിഭാഗം അധ്യാപകരുടെയും ഭാഷാ അധ്യാപകരുടെയും അന്തർജില്ലാ സ്ഥലംമാറ്റത്തിന്‌ http://tandp.kite.kerala.gov.in/ വെബ്‌സൈറ്റിലൂടെ 19 മുതൽ 24 വരെയാണ്‌ അപേക്ഷിക്കേണ്ടത്‌. ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. 10 സ്‌കൂളുകൾ തെരഞ്ഞെടുക്കാം. താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ്‌ ഒക്‌ടോബർ അഞ്ചിനും അന്തിമലിസ്റ്റ്‌ 15നും പ്രസിദ്ധീകരിക്കും. ഒക്‌ടോബർ 22ന്‌ താൽക്കാലിക സ്ഥലംമാറ്റ ഉത്തരവ്‌ പുറപ്പെടുവിക്കും.


ആദ്യനിയമനം ലഭിച്ച ജില്ലയിൽ അഞ്ചുവർഷം ഒരേ തസ്തികയിൽ സേവനം പൂർത്തിയാക്കിയവർക്ക് മാത്രമേ അന്തർജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാനാകൂ. സീനിയോറിറ്റി തിട്ടപ്പെടുത്തുക നിലവിൽ ജോലി ചെയ്യുന്ന ജില്ലയിൽ ഒരേ തസ്തികയിൽ പൂർത്തിയാക്കിയ സർവീസ്‌ അടിസ്ഥാനമാക്കിയായിരിക്കും. ഡെപ്യൂട്ടേഷൻ കാലയളവ്‌ കണക്കാക്കില്ല.


ഒരിക്കൽ അന്തർജില്ലാ സ്ഥലംമാറ്റം ലഭിച്ചവർക്ക്‌, അവിടെ അഞ്ചുവർഷം പൂർത്തിയാക്കിയതിനുശേഷമേ സ്ഥലംമാറ്റത്തിന് അർഹതയുള്ളൂ. സൈനികരുടെ അടുത്ത ബന്ധുക്കൾക്കും യുദ്ധത്തിലോ ജോലിക്കിടെയോ മരണപ്പെട്ട സൈനികരുടെ ആശ്രിതർക്കും ഹെഡ് ക്വാർട്ടേഴ്‌സ് വേക്കൻസിയിൽ നിയമനം ലഭിച്ചവർക്കും ഇളവുണ്ട്. ഇടുക്കി, വയനാട്, കാസർകോട്‌ ജില്ലകളിലേക്കും അട്ടപ്പാടി ബ്ലോക്ക്‌, കുട്ടനാട്, ആര്യങ്കാവ്, അച്ചൻകോവിൽ തുടങ്ങിയ ദുർഘട പ്രദേശങ്ങളിലേക്കും അപേക്ഷിക്കുന്നവർക്ക് അഞ്ചുവർഷ പരിധി ബാധകമല്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home