അണുശക്തിയും ഇൻഷുറൻസും തീറെഴുതി

ന്യൂഡല്‍ഹി: പൊതുചെലവുകൾ വെട്ടിച്ചുരുക്കിയും സ്വകാര്യവൽക്കരണവും ആസ്‌തിവിൽപനയും തീവ്രമാക്കിയും സമ്പന്നരെ തലോടിയും ധനമന്ത്രി നിർമല സീതാരാമന്റെ എട്ടാം ബജറ്റ്. രാഷ്‌ട്രീയ നേട്ടം ലക്ഷ്യമിട്ട് ആദായനികുതിദായകരെയും ബിഹാറിനെയും പരിഗണിച്ച ബജറ്റിൽ രാജ്യവും സമ്പദ്‌ഘടനയും നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിർദേശമൊന്നുമില്ല. വിപണിമാന്ദ്യം അകറ്റാൻ ജനങ്ങളുടെ വരുമാനം ഉയർത്താനുള്ള പദ്ധതികളില്ലാത്ത ബജറ്റ് സംസ്ഥാനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നു. ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കാൻ സംസ്ഥാനങ്ങൾ പണം ചെലവിടണം.
അതേസമയം, സംസ്ഥാനങ്ങൾക്ക് നഷ്ടം വരുത്തുംവിധം നികുതികൾ വെട്ടിക്കുറച്ചു. അങ്കണവാടി, ആശ, ഉച്ചഭക്ഷണ പദ്ധതികൾക്ക് വേതനം ഉയർത്തണമെന്ന ആവശ്യവും പരിഗണിച്ചില്ല.
ബഹുരാഷ്‌ട്രകമ്പനികൾക്ക് പരവതാനി വിരിക്കാൻ ഇൻഷുറൻസ് മേഖലയിൽ വിദേശനിക്ഷേപപരിധി 74ൽനിന്ന് 100 ശതമാനമാക്കി. ആണവോർജനിയമം ഭേദഗതിചെയ്‌ത് സ്വകാര്യപങ്കാളിത്തത്തോടെ ചെറുകിട ആണവറിയാക്ടറുകൾ സ്ഥാപിക്കും. 2033നകം തദ്ദേശീയമായി വികസിപ്പിച്ച റിയാക്ടറുകൾ സജ്ജീകരിക്കാൻ 20,000 കോടി രൂപ വകയിരുത്തി. ആണവദുരന്തമുണ്ടായാല്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ വിദേശ കോര്‍പ്പറേറ്റുകളെ സഹായിക്കുംവിധം ആണവബാധ്യതാ നിയമത്തില്‍ ഭേദഗതി ഉണ്ടാകും. അമേരിക്കന്‍ താൽപ്പര്യത്തിന് വഴങ്ങുന്ന നിലപാടാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ സന്ദര്‍ശിക്കാന്‍ അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് ഈ പ്രഖ്യാപനം.
പൊതു ആസ്‌തികൾ വിറ്റ് അഞ്ച് വർഷത്തിൽ 10 ലക്ഷം കോടി സമാഹരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്ന് വർഷത്തെ പദ്ധതികൾ പിപിപി (പൊതു സ്വകാര്യ പങ്കാളിത്തം) മാതൃകയിൽ നടപ്പാക്കാനാണ് നിർദേശം.
ജനസംഖ്യയിൽ ഒരു ശതമാനത്തിൽ താഴെ വരുന്ന ആദായ നികുതിദായകർക്ക് ഇളവ് നൽകിയെന്ന പേരിൽ വലിയ പ്രചാരണം നടത്താനാണ് ശ്രമം. തൊഴിലില്ലായ്‌മ പരിഹരിക്കാൻ ശ്രമമൊന്നുമില്ല. തൊഴിലുറപ്പ് പദ്ധതി വിഹിതം നയാപൈസ കൂട്ടിയില്ല. കർഷകരെ വീണ്ടും വഞ്ചിച്ചു. 2017ൽ അഞ്ച് വർഷത്തിനകം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി സർക്കാർ ഇപ്പോൾ ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നില്ല. വിളകൾക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാൻ ആറ് വർഷത്തെ ആത്മനിർഭർ പദ്ധതിയെന്നാണ് ഈ ബജറ്റിലെ പ്രഖ്യാപനം. കാർഷികമേഖലയിൽ 100 ജില്ലകളെ മുന്നിലെത്തിക്കുമെന്ന് പറയുന്നുവെങ്കിലും ഇതിൽ സംസ്ഥാനങ്ങളുടെ പങ്കാളിത്തം ആവശ്യപ്പെടുന്നു. ചെറുകിട വ്യവസായ മേഖലയിൽ മുൻ വാഗ്ദാനങ്ങൾ ആവർത്തിച്ചു.
ജിഡിപിയുമായി സർക്കാർ ചെലവ് അനുപാതം 14.2 ശതമാനമായി ഇടിഞ്ഞു. 2024–-25ലെ പുതുക്കിയ കണക്കിൽ മൂലധനച്ചെലവ് ബജറ്റ് കണക്കിനെ അപേക്ഷിച്ച് 93,000 കോടി രൂപ കുറവാണ്. കടമെടുപ്പ് ഒഴികെ 34.96 ലക്ഷം കോടി രൂപ വരുമാനവും 50.65 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ധനക്കമ്മി 4.4 ശതമാനം പ്രതീക്ഷിക്കുന്നു.










0 comments