print edition മൊറോക്കോയും കടന്ന് സുദർശിനി

കൊച്ചി: സമുദ്രസീമകൾക്കപ്പുറം സൗഹൃദത്തിന്റെ പായവിടർത്തി ഇന്ത്യയുടെ കരുത്തും പൈതൃകവും വിളംബരം ചെയ്ത് നാവികസേനയുടെ പരിശീലന പായ്‌ക്കപ്പൽ ഐഎൻഎസ് സുദർശിനി, മൊറോക്കോയിലെ കസബ്ലങ്കയോട് വിടപറഞ്ഞു. പത്തുമാസത്തെ ‘ലോകയാൻ 26' സമുദ്രപര്യടനത്തിന്റെ ഭാഗമായി മൊറോക്കോ തീരത്തെത്തിയ കപ്പൽ, ഏപ്രിൽ 18-ന് സന്ദർശനം പൂർത്തിയാക്കി സ്പെയ്‌നിലെ ലാസ് പാൽമാസിലേക്ക് തിരിച്ചു. ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള സമുദ്രതല ബന്ധം ദൃഢമാക്കുന്നതിൽ സന്ദർശനം നിർണായകമായി.
ഇന്ത്യൻ നാവികസേനയിലെ ട്രെയിനികളും റോയൽ മൊറോക്കൻ നേവൽ സ്കൂളിലെ കേഡറ്റുകളും തമ്മിൽ ആശയവിനിമയങ്ങളും സൗഹൃദ കായിക മത്സരങ്ങളും നടത്തി. ജനുവരി 20നാണ് ലോകപര്യടനത്തിന് ഐഎൻഎസ് സുദർശിനി കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തുനിന്ന് യാത്രതിരിച്ചത്. 40 നാവികരുൾപ്പെടെ 80 പേരാണ് ദൗത്യത്തിലുള്ളത്. ജൂലൈയിൽ അമേരിക്കയുടെ 250–ാം സ്വാതന്ത്ര്യദിനാഘോഷത്തിലും സുദർശിനി പങ്കെടുക്കും.










0 comments