രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡന പരമ്പര: കോൺഗ്രസ് നേതൃത്വം കൈ കഴുകി രക്ഷപ്പെടാൻ നോക്കേണ്ടെന്ന് ഐഎൻഎൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ഐഎൻഎൽ.
അറിഞ്ഞുകൊണ്ട് ഒരു 'ക്രിമിനലിനെ' ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ഷാഫി പറമ്പിൽ എത്ര 'തൗബ' ചെയ്താലും ജനങ്ങളോട് മാപ്പ് പറഞ്ഞാലും പാപമുക്തനാകില്ലെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെപ്പിച്ചത് കൊണ്ട് മാത്രം പാർട്ടിക്ക് ഈ പാപക്കറയിൽ നിന്ന് രക്ഷപ്പെടാനാകില്ല. പാർട്ടിയിൽ ഇല്ലാത്ത രാഹുലിനോട് എങ്ങനെ രാജിക്കാവശ്യപ്പെടും എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യം ധാർമിക ബോധമില്ലാത്ത ഒളിച്ചുകളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പീഡന പരാതികൾ ഉയർന്നിട്ടും എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ തയ്യാറാകാത്തതും അതിനെ കോൺഗ്രസ് സംരക്ഷിക്കുന്നതും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കാസിം ഇരിക്കൂർ കൂട്ടിച്ചേർത്തു.
പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ മൂടിവെക്കാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ ഓർക്കണം. സണ്ണി ജോസഫും അടൂർ പ്രകാശും കെ. മുരളീധരനും അടക്കമുള്ള നേതാക്കൾ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്നും ഐഎൻഎൽ ജനറൽ സെക്രട്ടറി പരിഹസിച്ചു.










0 comments