print edition കണ്ണൂരിൽ വിറ്റ കുഞ്ഞ് അന്യസംസ്ഥാനത്തുനിന്ന്

കോട്ടയം: കുഞ്ഞുങ്ങളെ വിൽപന നടത്തിയ കേസിലെ പ്രതികൾ കണ്ണൂരിലെ ദമ്പതികൾക്ക് വിറ്റത് കേരളത്തിനു പുറത്തുണ്ടായ കുഞ്ഞിനെ. സംഭവത്തിൽ കണ്ണൂർ ചക്കരക്കല്ല് പൊലീസ് എട്ട്‌പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇൗരാറ്റുപേട്ടയിൽ അറസ്‌റ്റിലായ തിരുനെൽവേലി സ്വദേശി മുപ്പിലിരാജ, ഇയാളുടെ ഭാര്യ അപർണ, കൊല്ലം പരവൂർ സ്വദേശിനി അനീന തസ്നി, കുഞ്ഞുങ്ങളെ വിൽക്കാൻ സഹായിച്ച തൃശൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഉണ്ണികൃഷ്‌ണൻ, കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ എന്നിവർക്കെതിരെയാണ് കേസ്.
ആശുപത്രി ജീവനക്കാരനാണ് ആവശ്യക്കാരെ കണ്ടെത്താൻ പ്രതികളെ സഹായിച്ചത്. കണ്ണൂരിലെ ദമ്പതികൾക്ക് കുഞ്ഞിനെ നൽകാമെന്ന് പറഞ്ഞ് ആദ്യം പ്രതികൾ കബളിപ്പിച്ചിരുന്നു. ദമ്പതികൾ ഇത് പ്രശ്‌നമാക്കുമെന്ന ഘട്ടം വന്നപ്പോൾ കേരളത്തിനു പുറത്തുള്ള ദമ്പതികളുടെ കുഞ്ഞിനെ ഇവർക്ക് നൽകി. പ്രതികൾ നടത്തിയ കൂടുതൽ വിൽപനകളുടെ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവർ തൊടുപുഴയിലും കുഞ്ഞിനെ വിറ്റതായി കണ്ടെത്തിയിരുന്നു.
പ്രതികൾ കഴിഞ്ഞ മാസം 16ന് തീക്കോയിയിലെ വീട്ടിലെത്തിച്ച ഗർഭിണിയായ അസം സ്വദേശിനി രക്ഷപ്പെട്ട് പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തുവന്നത്.










0 comments