ad
Deshabhimani

print edition ഗ്യാരന്റികൾ വെല്ലുവിളിയാകും;
വരുമാനം കണ്ടെത്തലിൽ അവ്യക്തത

Indira Guarantee
avatar
ഒ വി സുരേഷ്‌

Published on May 15, 2026, 12:01 AM | 1 min read

തിരുവനന്തപുരം: യുഡിഎഫിന്റെ ‘ഇന്ദിരാ ഗ്യാരന്റികൾ’ നടപ്പാക്കുകയെന്നത്‌ പുതിയ മുഖ്യമന്ത്രി നേരിടുന്ന ആദ്യ വെല്ലുവിളിയാകും. വാഗ്‌ദാനങ്ങൾ മുഴുവൻ പാലിച്ച എൽഡിഎഫ്‌ സർക്കാരിനെ മാതൃകയാക്കുമോ യുഡിഎഫ്‌ എന്നതും കണ്ടറിയണം. ജനപ്രിയ പ്രഖ്യാപനങ്ങൾ ഉടൻ നടക്കുമെന്ന്‌ പ്രതീക്ഷിക്കരുതെന്ന്‌ മുൻ മുഖ്യമന്ത്രി എ കെ ആന്റണി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ സാന്നിധ്യത്തിൽ വ്യക്തമാക്കിയത്‌ സൂചനയായി കാണണം.


കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക്‌ 15മുതൽ സ‍ൗജന്യയാത്ര, കോളേജ്‌ വിദ്യാർഥികൾക്ക്‌ മാസം 1000 രൂപ, 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്‌, യുവജനങ്ങൾക്ക്‌ അഞ്ചുലക്ഷം രൂപ പലിശരഹിത വായ്‌പ, 3, 000 രൂപ സാമൂഹ്യസുരക്ഷാ പെൻഷൻ എന്നിവയാണ്‌ പ്രധാന ഗ്യാരന്റികൾ. നിലവിൽ 2000 രൂപ പെൻഷൻ നൽകാൻ മാസം 1050 കോടി വേണം. യുഡിഎഫ്‌ സർക്കാരുകളുടെ കാലത്ത്‌ പെൻഷൻ വർധിപ്പിച്ചില്ലെന്നു മാത്രമല്ല, മാസങ്ങൾ കുടിശ്ശികയുമാക്കി. പെൻഷൻ മുടങ്ങാതിരിക്കാൻ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് രൂപീകരിച്ചാണ്‌ എൽഡിഎഫ്‌ സർക്കാർ തുക കണ്ടെത്തിയിരുന്നത്‌. ബജറ്റിന്‌ പുറത്തുള്ള ഇ‍ൗ വായ്‌പയെ യുഡിഎഫ്‌ എതിർത്തിരുന്നു. ഇ‍ൗ സംവിധാനം ഒഴിവാക്കുന്നതോടെ പെൻഷൻ നൽകുന്നതിൽ ഉറപ്പില്ല.


നിലവിൽ കെഎസ്‌ആർടിസി ശമ്പളവും പെൻഷനും നൽകുന്നത്‌ സർക്കാർ സഹായത്താലാണ്‌. സ്‌ത്രീകൾക്കുള്ള യാത്രാസ‍ൗജന്യത്തിന്‌ കൂടുതൽ സർക്കാർ സഹായം വേണ്ടിവരും. മുൻ യുഡിഎഫ്‌ സർക്കാർ കെഎസ്‌ആർടിസിക്ക്‌ താഴിടാനൊരുങ്ങിയതായിരുന്നു. 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിക്കുൾപ്പെടെ കൂടുതൽ പണം കണ്ടെത്തണം. കേന്ദ്ര നികുതിവിഹിതം 1.92 ശതമാനത്തിൽനിന്ന്‌ 2.38ലേക്ക്‌ വർധിപ്പിക്കാൻ എൽഡിഎഫ്‌ സർക്കാരിന്റെ ഇടപെടലിലൂടെ കഴിഞ്ഞു. അതുകൊണ്ട്‌ നേരിയ വരുമാനവർധന ഉണ്ടാകുമെങ്കിലും ഗ്രാന്റുകൾ നിർത്തിയത്‌ തിരിച്ചടിയാണ്‌.


കേന്ദ്രഅവഗണനയുടെ കടുത്ത ഇരയായിരുന്നു കേരളം. ഇതിനെതിരായ സംസ്ഥാന സർക്കാരിന്റെ പ്രതിഷേധങ്ങളോടെല്ലാം മുഖംതിരിച്ച യുഡിഎഫിന്റെ നിലപാട്‌ ഇനിയെന്ത്‌ എന്നതും പ്രസക്തമാണ്‌. ‘മുണ്ടു മുറുക്കിയുടുക്കേണ്ടിവരും, കുറച്ചു കയ്‌പുനീര്‌ കുടിക്കേണ്ടിവരും’ എന്ന ആന്റണിയുടെ പ്രസ്‌താവന ഒരു സൂചനയാണ്‌. മുഖ്യമന്ത്രിയായിരിക്കെ മുണ്ടുമുറിക്കുയുടുക്കാൻ ആഹ്വാനംചെയ്‌ത ആന്റണി നിയമനനിരോധത്തിലേക്കും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്‌ക്കുന്ന തീരുമാനത്തിലേക്കുമാണെത്തിയത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home