print edition 'ഒന്നിക്കാം മുന്നേറാം' ; ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന് ഇന്ന് തുടക്കം

കൊച്ചി
കൊച്ചിക്കായലിന്റെ തീരം ഇനി മൂന്നുനാൾ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഒത്തുചേരലിന്റെ വേദിയാകും. "ഒന്നിക്കാം മുന്നേറാം' എന്ന ആഹ്വാനത്തോടെ ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യങ്ങൾ സംഗമിക്കുന്ന ആദ്യ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിനാണ് ശനിയാഴ്‌ച തുടക്കമാകുന്നത്. രാജേന്ദ്ര മൈതാനത്ത് പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
നഗരത്തിൽ എട്ട് പ്രധാന വേദികളിലായി സാഹിത്യം, നാടകം, സംഗീതം, ചലച്ചിത്രം, നൃത്തം, ശിൽപ്പ–ചിത്രകലകൾ, ജനകീയകലകൾ എന്നീ മേഖലകളിലെ പ്രമുഖർ സാംസ്കാരിക കൂട്ടായ്മയിൽ ഒത്തുചേരും. 22ന് വൈകിട്ട് സമാപനസമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരികകൂട്ടായ്മ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും.
ശനി രാവിലെ 8.30ന് രാജേന്ദ്രമൈതാനത്ത് മഹാരാജാസ് കോളേജിലെ വിദ്യാർഥികൾ ഒരുക്കുന്ന "ഓഡിയൻസ് ഇന്ററാക്ടീവ് സോങ്സ്' മഹാമേളയുടെ അരങ്ങുണർത്തും. ഉമയാൾപുരം ശിവരാമന്റെ സാന്നിധ്യത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടിയും 51 കലാകാരൻമാരും ചേർന്നൊരുക്കുന്ന വാദ്യസമന്വയം, ബി കെ ഹരിനാരായണന്റെ രചനയിൽ ബിജിബാൽ സംഗീതം നൽകിയ മുദ്രാഗാനത്തിന് സെന്റ് തെരേസാസ് കോളേജിലെ വിദ്യാർഥിനികൾ ഒരുക്കുന്ന ദൃശ്യാവിഷ്‌കാരം എന്നിവ അരങ്ങിലെത്തും. സുഭാഷ് പാർക്കിൽ അമിത് മുഖോപാദ്ധ്യായ ക്യുറേറ്റ് ചെയ്യുന്ന 100 പലസ്തീനിയൻ ആർട്ടിസ്റ്റുകളുടെ ചിത്രപ്രദർശനം " ദി ബോഡി കോൾഡ് പലസ്തീൻ ', സുരേഷ് എറിയാട്ടിന്റെ ആനിമേഷൻ ഫെസ്റ്റിവൽ, കേരള സാംസ്‌കാരിക ചരിത്രം കാർട്ടൂണുകളിലൂടെ – തത്സമയ കാരിക്കേച്ചർ, വാസ്‌തുവിദ്യാ ഗുരുകുലം ഒരുക്കുന്ന കരകൗശല പ്രദർശനമേള തുടങ്ങിയവ നടക്കും. എറണാകുളം മഹാരാജാസ് കോളേജ് ക്യാമ്പസിൽ പുസ്തകോത്സവം വെള്ളിയാഴ്‌ച വൈകിട്ട് ആരംഭിച്ചു.









0 comments