print edition ലോകത്തിന്റെ ഹൃദയത്തിനേറ്റ മുറിവ്

സുഭാഷ് പാര്‍ക്കില്‍ ഒരുക്കിയ പലസ്തീന്‍ ചിത്രപ്രദര്‍ശനം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കോളനിവൽക്കരണത്തിനും അധിനിവേശത്തിനുമെതിരെ ഉയരുന്ന ആഗോള പ്രതിരോധത്തിന്റെ ഭാഗമായി, പലസ്‌തീൻ അനുഭവങ്ങളുടെ ദൃശ്യഭാഷ പ്രദർശിപ്പിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്. സുഭാഷ് പാര്‍ക്കില്‍ ഒരുക്കിയ ‘ദി ബോഡി കോൾഡ് പലസ്തീൻ’ ചിത്രപ്രദര്‍ശനം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്‌തു. ലോകത്തിന്റെ ഹൃദയത്തിനേറ്റ മുറിവാണ് പലസ്‌തീൻ. മരണത്തെ മുഖാമുഖം കണ്ട്, പലസ്തീനിൽ ബാക്കിയായ മനുഷ്യർ പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ചിത്രങ്ങൾക്കുമുന്നിൽ നിശബ്ദനായിപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീന്‍ ചിത്രപ്രദര്‍ശനത്തിൽനിന്ന്
പലസ്‌തീൻ ജനതയുടെ ജീവിതവും പ്രതിരോധവും ആവിഷ്‌കരിക്കുന്ന കലാനുഭവമാണ് ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. വിവിധ മാധ്യമങ്ങളിലൂടെ സൃഷ്ടിച്ച ചിത്രങ്ങൾ, ശിൽപ്പങ്ങൾ, പ്രതിഷ്‌ഠാപനങ്ങൾ എന്നിവ പലസ്‌തീന്റെ കൂട്ടായ സ്‌മരണയെയും അതിജീവനപോരാട്ടത്തെയും ഓർമിപ്പിക്കുന്നു. പലസ്‌തീനിയൻ കലാകാരന്മാരായ ഖാലിദ് ജരാർ, മലക് മട്ടർ, ഹാനി സുറോബ്, സോബിയ ഹസൻ കൈസ്, നജീബ് ജോ ഹക്കിം തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. അമിത് മുഖോപാധ്യായയാണ് ക്യൂറേറ്റർ. ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് അധ്യക്ഷനായി. സുനിൽ അശോകപുരം, മനു സി പുളിക്കൻ, സുധീർ നാഥ് എന്നിവർ സംസാരിച്ചു.









0 comments