സമാപന സമ്മേളനം ഇന്ന് ; നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും
print edition ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ; ഒത്തുചേരലിന്റെ മഹോത്സവം

സുഭാഷ് പാർക്കിൽ കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റ്
കൊച്ചി
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ ഒത്തുചേർന്ന മഹാസംഗമവേദിയിൽ ആഴത്തിലുള്ള ചർച്ചകൾക്കും കാലദേശങ്ങളെ മറികടക്കുന്ന കലാപ്രകടനങ്ങൾക്കും സാക്ഷിയായി രണ്ടാംദിനം. സുഭാഷ് പാർക്കിലെ (പിക്കാസോ വേദി) മൂന്നുവേദികളിലായി സംസ്‌കാരവും ഭാഷയും രാഷ്‌ട്രീയവുമടക്കമുള്ള വിഷയങ്ങളിൽ കാമ്പുള്ള ചർച്ചകൾ നടന്നു. സുദ്ദല അശോക് തേജ, മാലിനി ഭട്ടാചാര്യ, ഗണേശ് എൻ ദേവി, സീമ ചിസ്‌തി, സു വെങ്കിടേശൻ എംപി, സയിദ് മിർസ, ഡോ. പി കെ പോക്കർ, ഡോ. ടി എം തോമസ് ഐസക്, കെ ജെ ജേക്കബ്, കെ കെ ഷാഹിന, ഡോ. എം എൻ കാരശേരി തുടങ്ങിയവർ വിവിധ പാനൽ ചർച്ചകളിൽ സംസാരിച്ചു. അർഥഗർഭമായ ചർച്ചകൾ വേദിയെ ബൗദ്ധിക–സാംസ്‌കാരിക ഉത്സവഭൂമിയാക്കി.
ദർബാർഹാൾ ഗ്രൗണ്ട് (കേക), കേരള ഫൈൻ ആർട്‌സ് ഹാൾ (കാളിദാസ രംഗവേദി), ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരികകേന്ദ്രം (വൈക്കം മുഹമ്മദ് ബഷീർ വേദി), മഹാരാജാസ് കോളേജ് (എം കെ സാനു മാസ്റ്റർ സമുച്ചയം) എന്നിവിടങ്ങളിലായി നാടകം, കാക്കാരിശ്ശി നാടകം, മന്നാൻകൂത്ത്, ട്രാൻസ്ജെന്റേഴ്‌സ് സർഗോത്സവം, മുടിയേറ്റ്, ഫ്യൂഷൻ നൃത്തം, വിവിധ നൃത്തനൃത്യങ്ങൾ, പുള്ളുവൻപാട്ട്, കഥാപ്രസംഗം, ഹാസ്യാവതരണങ്ങൾ തുടങ്ങി വിവിധ കലാരൂപങ്ങൾ അരങ്ങേറി. മാജിക് വെൻട്രിലോക്വിസം, സൈക്കിൾയജ്ഞം മുതലായ വൈവിധ്യയിനങ്ങൾക്കും ഇടമൊരുങ്ങി. ചാവറ കൾച്ചറൽ സെന്ററിൽ (ജെ സി ഡാനിയേൽ തിയറ്റർ വേദി) വിഖ്യാത ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
രാത്രി ദർബാർഹാൾ ഗ്രൗണ്ടിൽ അഞ്ജു ജോസഫും സംഘവും അവതരിപ്പിച്ച സംഗീതവിരുന്നും അരങ്ങേറി. തിങ്കൾ വൈകിട്ട് അഞ്ചിന് ദർബാർഹാൾ ഗ്രൗണ്ടിൽ (കേക) സമാപനസമ്മേളനം നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ശേഷം ഏഴുമുതല്‍ ഗായിക സിതാര കൃഷ്‌ണകുമാറിന്റെ ‘പ്രൊജക്ട് മലബാറിക്കസി’ന്റെ സംഗീതവിരുന്ന് അരങ്ങേറും.
ലിംഗനീതി ഉയർത്തിപ്പിടിച്ച് സാംസ്കാരിക പ്രതിരോധം തീർക്കണം
സമൂഹത്തിൽ ലിംഗനീതി ഉയർത്തിപ്പിടിച്ച് സാംസ്കാരിക പ്രതിരോധം ഉയർന്നുവരണമെന്ന് ആഹ്വാനം ചെയ്ത് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൽ ‘പുരുഷാധിപത്യവും സംസ്കാരവും’ എന്ന വിഷയത്തിൽ നടന്ന ചർച്ച. ഒരേ കാലഘട്ടത്തിൽ ജീവിക്കുമ്പോഴും ഒരേ ജീവിതാനുഭവമല്ല സ്‌ത്രീക്കും പുരുഷനും ലഭിക്കുന്നതെന്ന് ഡോ. മാളവിക ബിന്നി പറഞ്ഞു.
രണ്ടായിരത്തിൽ ജീവിക്കുന്ന പുരുഷന് ലഭിക്കുന്ന അനുഭവങ്ങൾ നോക്കുമ്പോൾ, അതേകാലത്ത് ജീവിക്കുന്ന സ്‌ത്രീക്ക് ലഭിക്കുന്നത് തൊണ്ണൂറുകളിലെ പരിഗണനയായിരിക്കുമെന്നും അവർ പറഞ്ഞു. സ്‌ത്രീകൾക്ക് പങ്കാളിയെ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമില്ലാത്ത സമൂഹത്തിലാണ് നാം ഇന്നും ജീവിക്കുന്നതെന്ന് ഹരിയാനയിൽനിന്നുള്ള സാമൂഹ്യപ്രവർത്തക ഡോ. ശുഭ പറഞ്ഞു. ദുരഭിമാനക്കൊല തെറ്റാണെന്ന് മനസ്സിലാക്കിക്കൊടുക്കാൻ വർഷങ്ങളെടുത്തു. പുരുഷാധിപത്യത്തിനെതിരെ യുവാക്കളാണ് പ്രതിരോധം തീർക്കേണ്ടതെന്നും അവർ പറഞ്ഞു.
നാം നേടിയ അറിവ് സാമൂഹ്യമാറ്റത്തിന്റെ ഉൗർജമാണെന്ന് തിരിച്ചറിയാതെ പുരുഷാധിപത്യത്തെ നേരിടാനാകില്ലെന്ന് ഡോ. കെ എം അനിൽ പറഞ്ഞു. പുരുഷാധിപത്യത്തെ നേരിടാനുള്ള പ്രവൃത്തികൾ ഓരോ കുടുംബത്തിൽനിന്നും തുടങ്ങണമെന്ന് സാമൂഹ്യപ്രവർത്തക വേദ പറഞ്ഞു. ആർ പാർവതീദേവി മോഡറേറ്ററായി.

ആർ പാർവതീദേവി മോഡറേറ്ററായുള്ള "പുരുഷാധിപത്യവും സാംസ്‌കാരിക പ്രതിരോധവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മാളവിക ബിന്നി സംസാരിക്കുന്നു. ശുഭ, വേദ, ഡോ. കെ എം അനിൽ എന്നിവർ സമീപം
ഇടതുവിരുദ്ധത മാധ്യമങ്ങളുടെ പൊതുസ്വഭാവമായി : കെ ജെ ജേക്കബ്
വർത്തമാനകാലത്ത് അതിഭീകരമായ ഇടതുവിരുദ്ധത എല്ലാ മാധ്യമങ്ങളിലും കടന്നുകൂടിയിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. പിക്കാസോ വേദിയിൽ (സുഭാഷ് പാർക്ക്) സംഘടിപ്പിച്ച ‘മാധ്യമങ്ങളുടെ സാംസ്‌കാരിക നീതി’ പാനൽചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലാളിമാരുടെ താൽപ്പര്യംമാത്രം സംരക്ഷിക്കുന്ന മാധ്യമങ്ങളിൽ എഡിറ്റർ അപ്രസക്തമായ തസ്‌തികയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
വലതുപക്ഷ പൊതുബോധ നിർമിതി മാധ്യമങ്ങളുടെ സ്വഭാവമായി മാറിയെന്ന് മാധ്യമപ്രവർത്തക കെ കെ ഷാഹിന പറഞ്ഞു. ലോകത്തെവിടെയും തീവ്രവലതുപക്ഷവൽക്കരണത്തിന് നവതലമുറ മാധ്യമങ്ങൾക്കുൾപ്പെടെ പങ്കുണ്ട്. വിവരങ്ങളുടെ കുത്തൊഴുക്കിൽനിന്ന് ശരി തെറ്റുകളെ വേർതിരിക്കാൻ സമൂഹത്തെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ശ്രീജിത്ത് ദിവാകരൻ മോഡറേറ്ററായി.

പി ജെ ആന്റണി വേദിയിൽ (എറണാകുളം സുഭാഷ് പാർക്ക് ) ശ്രീജിത്ത് ദിവാകരൻ മോഡറേറ്ററായുള്ള ‘മാധ്യമങ്ങളുടെ സാംസ്‌കാരിക നീതി' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കെ കെ ഷാഹിന സംസാരിക്കുന്നു. കെ ജെ ജേക്കബ് സമീപം
കേന്ദ്രം ഭയക്കുന്ന കീഴടി : സു വെങ്കിടേശൻ
കീഴടിയിൽനിന്ന് പുറത്തുവരുന്ന ചരിത്രം കേന്ദ്ര സർക്കാരിനെ അസ്വസ്ഥമാക്കുന്നുവെന്ന് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൽ "കീഴടി കണ്ടെത്തലുകളും ചരിത്രപരമായ പ്രാധാന്യവും' വിഷയത്തിൽ നടന്ന ചർച്ചയിൽ അഭിപ്രായമുയർന്നു. തെക്കേ ഇന്ത്യയിൽ വളരെ പഴക്കംചെന്ന നാഗരികതയ്‌ക്ക് തെളിവാണ് മധുരയിലെ കീഴടിയെന്നും ചരിത്രത്തെ അപനിർമിക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിന് ഇത് വെല്ലുവിളിയായതിനാലാണ് ഉത്‌ഖനനം തടയാൻ ശ്രമിച്ചതെന്നും ചർച്ചയിൽ സു വെങ്കിടേശൻ എംപി പറഞ്ഞു.
മുസിരിസിന്റെയും കീഴടിയുടെയും പരസ്‌പര ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയിൽ നിർമിക്കപ്പെടുന്ന പൊതുബോധത്തെ തകർക്കുന്നതാണ് കീഴടിയെന്ന് എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണൻ പറഞ്ഞു. ഉത്തരം നേരത്തേ എഴുതിവച്ചിട്ടുള്ള പഠനങ്ങളാണ് കേന്ദ്രം നടത്തുന്നത്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്‌കാരത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് തെളിവുകളുടെ അധികഭാരം വഹിക്കേണ്ടിവരുന്നു. എന്നാൽ വേദ കാലഘട്ടത്തെക്കുറിച്ചുള്ളവയ്‌ക്ക് അധിക ചോദ്യങ്ങളുണ്ടാകുന്നില്ലെന്നും ഡോ. മാളവിക ബിന്നി പറഞ്ഞു. പറഞ്ഞു. സംഘകാല സാഹിത്യകൃതികളിൽ വായിച്ചതുമായി സാമ്യമുള്ള തെളിവുകൾ കീഴടിയിൽനിന്ന് ലഭിച്ചവയിലുണ്ടെന്ന് മനോജ് കുറൂർ പറഞ്ഞു. ഡോ. പി ജെ ചെറിയാൻ മോഡറേറ്ററായി.
ലഡാക്കിനെ കേൾക്കണം: സജ്ജാദ് കാർഗിലി
ലഡാക്കിനെ ലോകം കേൾക്കണമെന്ന് സാമൂഹ്യപ്രവർത്തകൻ സജ്ജാദ് കാർഗിലി. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൽ പങ്കെടുക്കാനെത്തിയപ്പോൾ "ദേശാഭിമാനി'യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയശേഷം അരക്ഷിതാവസ്ഥയിലാണ് ലഡാക്ക്. കേന്ദ്രസർക്കാർ അവിടത്തെ പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. ലഡാക്കിനെ കേൾക്കുകയാണ് വേണ്ടത്, ജയിലിലാക്കുകയല്ല – സജ്ജാദ് കാർഗിലി പറഞ്ഞു.
രാജ്യം പുതിയ പ്രത്യയശാസ്‌ത്ര വെല്ലുവിളികൾ നേരിടുമ്പോൾ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പോലൊരു പരിപാടി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയും അടിച്ചമർത്തപ്പെടുന്ന ജനതയ്‌ക്കൊപ്പം കേരളം നിലകൊള്ളുന്നുവെന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്ന കാര്യമാണ്. നമ്മുടെ രാജ്യം ഒരുമിച്ചുനിൽക്കേണ്ട കാലമാണിത്. വർഗീയതയെയും ഫാസിസത്തെയും പ്രതിരോധിക്കാൻ മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് സഹിഷ്‌ണുത പുലർത്തേണ്ടതുണ്ട്.
ഇന്ത്യയെന്ന ആശയത്തെ നിലനിർത്താൻ അത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളിൽ അവബോധമുണ്ടാക്കാൻ ശ്രമിക്കുന്നത് ഇപ്പോൾ കുറ്റമായാണ് കാണുന്നതെങ്കിലും ഇരുട്ടിനെതിരെ ഒരു തിരിയെങ്കിലും തെളിക്കാനായാൽ അതിന് വലിയ പ്രസക്തിയുണ്ടെന്നും സജ്ജാദ് പറഞ്ഞു. ലഡാക്കിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള സജ്ജാദ് കാർഗിലിയുടെ പ്രഭാഷണവും കവിതാലാപനവും ഞായറാഴ്‌ച ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്നു.









0 comments