ad
Deshabhimani

print edition ഇന്ത്യ–യുഎസ് വ്യാപാര കരാര്‍ 
കേരളത്തിന്‌ തിരിച്ചടിയാകും

Industrial Growth
വെബ് ഡെസ്ക്

Published on Feb 10, 2026, 01:54 AM | 2 min read


കൊച്ചി

അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കുവഴങ്ങി ഇന്ത്യ അംഗീകരിച്ച വ്യാപാര കരാർ കേരളത്തിന്റെ കാര്‍ഷിക, സമുദ്രോൽപ്പന്ന, ഉൽപ്പാദന മേഖലകള്‍ക്കും പരമ്പരാഗത തൊഴില്‍മേഖലയ്ക്കും വന്‍ തിരിച്ചടിയാകുമെന്ന്‌ സാന്പത്തിക വിദഗ്‌ധർ. യു എസ്‌ 50 ശതമാനം പ്രതികാരച്ചുങ്കം ഏർപ്പെടുത്തുന്നതിനുമുമ്പ് പൂജ്യം തീരുവയിലോ നാമമാത്ര തീരുവയിലോ കയറ്റി അയച്ചിരുന്ന ഉൽപ്പന്നങ്ങള്‍ക്ക് പുതിയ കരാറിൽ 18 ശതമാനം നികുതി കൊടുക്കേണ്ടിവരും.


ഇന്ത്യ 30 മുതല്‍ 150 ശതമാനംവരെ തീരുവ ചുമത്തിയിരുന്ന അമേരിക്കന്‍ കാര്‍ഷികോൽപ്പന്നങ്ങള്‍ തീരുവയില്ലാതെ ഇന്ത്യൻ വിപണിയിലേക്ക് ഒഴുകുകയും ചെയ്യും. ഇതും കര്‍ഷകര്‍ക്കും കയറ്റുമതിമേഖലയ്ക്കും പ്രഹരമാകും. ഏതെല്ലാം കാര്‍ഷികോൽപ്പന്നങ്ങളാണ്‌ നിയന്ത്രണമില്ലാതെ ഇന്ത്യന്‍ വിപണിയിലേക്ക് ഇറക്കാൻ സമ്മതിച്ചിരിക്കുന്നതെന്ന് കേന്ദ്രം വെളിപ്പെടുത്തിയിട്ടില്ല. 46 ലക്ഷം കോടിയോളം രൂപയുടെ ഉൽപ്പന്നങ്ങള്‍ അമേരിക്കയില്‍നിന്ന് വാങ്ങാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ട്രംപ് പറയുന്നത്.


2024–-25 സാമ്പത്തികവർഷം 4699.02 കോടിരൂപയുടെ കാര്‍ഷികോൽപ്പന്നങ്ങളാണ് കേരളം കയറ്റുമതി ചെയ്തത്. ഇതില്‍ 551.67 കോടിരൂപ വിലവരുന്ന 18,792.42 ടൺ കാർഷികോൽപ്പന്നങ്ങളും അമേരിക്കയിലേക്കായിരുന്നു. കശുവണ്ടി, ബസുമതി ഒഴികെയുള്ള അരി, സംസ്കരിച്ച പച്ചക്കറി, പഴം, പഴച്ചാറുകൾ, പ‍ൗൾട്രി, ഡയറി ഉൽപ്പന്നങ്ങൾ, ധാന്യപ്പൊടി, പൂക്കൾ തുടങ്ങിയവയാണ് കേരളത്തില്‍നിന്ന്‌ പ്രധാനമായി കയറ്റി അയക്കുന്നത്. തീരുവ പൂജ്യമായിരുന്നത് 50 ശതമാനമാക്കിയശേഷം അത് 18 ശതമാനമാക്കി കുറച്ച് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും കരാറിലൂടെ ഉൽപ്പന്നങ്ങള്‍ക്ക് പുതുതായി 18 ശതമാനം തീരുവ ചുമത്തുകയാണെന്നും കയറ്റുമതിക്കാര്‍‌ പറയുന്നു.


അമേരിക്കന്‍ കാര്‍ഷികോൽപ്പന്നങ്ങള്‍ തീരുവയില്ലാതെ വന്‍തോതില്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത് ഉത്തരേന്ത്യന്‍ കാര്‍ഷിക മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത് സംസ്ഥാനത്തെ ടൂറിസം, എംഎസ്എംഇ മേഖലകള്‍ക്കും തിരിച്ചടിയാകും. കേരളത്തില്‍നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്തിരുന്ന പ്രധാന ഇനമായ സമുദ്രോൽപ്പന്നങ്ങള്‍ക്കും പ്രതികാരച്ചുങ്കം വരുംമുമ്പ് ഇറക്കുമതി തീരുവ പൂജ്യമായിരുന്നു. 50 ശതമാനം ചുങ്കത്തോടെ സ്തംഭിച്ചുപോയ മേഖലയ്ക്ക് ആശ്വാസം നല്‍കുന്നുവെന്ന പേരില്‍ 18 ശതമാനം ചുങ്കം അടിച്ചേല്‍പ്പിക്കുകയാണെന്ന് സമുദ്രോൽപ്പന്ന കയറ്റുമതിക്കാരും പറയുന്നു. സംസ്ഥാനത്തുനിന്നുള്ള മറ്റ് പ്രധാന കയറ്റുമതി ഇനങ്ങളായ റബറിനും കയറിനും പുതിയ കരാര്‍ വിദേശവിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കും. സ്വാഭാവിക റബറിനും റബർ ഉൽപ്പന്നങ്ങള്‍ക്കും പൂജ്യംമുതല്‍ 10 ശതമാനംവരെയും കയറിന് മൂന്നുശതമാനവുമാണ് മുമ്പ് തീരുവ ചുമത്തിയിരുന്നത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home