4 വയസിന് താഴെയുള്ള കുട്ടികളിൽ ഇനി ഈ മരുന്നുകൾ വേണ്ട; നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡൽഹി : നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ക്ലോർഫെനിറാമിൻ മാലിയേറ്റ്, ഫിനൈലെഫ്രിൻ ഹൈഡ്രോക്ലോറൈഡ് എന്നിവ അടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്ഡിസി- FDC) മരുന്നുകളുടെ നിർമാണം, വിൽപ്പന, വിതരണം എന്നിവയിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. നാല് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഈ മരുന്നുകൾ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചു.
കഴിഞ്ഞ വർഷം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ചില മരുന്നുകൾക്കുമാത്രമായിരുന്നു നിയന്ത്രണം. പുതിയ വിജ്ഞാപനത്തിൽ ഈ കോമ്പിനേഷനിലുള്ള എല്ലാ മരുന്നുകൾക്കും നിയന്ത്രണമുണ്ട്. വിദഗ്ധ സമിതിയുടെയും ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെയും നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നാലുവയസ്സിൽ താഴെയുള്ള കുട്ടികളിൽ ഇത്തരം മരുന്നുകൾ അപകടസാധ്യത ഉണ്ടാക്കാമെന്നും കൂടുതൽ സുരക്ഷിതമായ മറ്റു മരുന്നുകൾ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി. 1940 ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിന്റെ സെക്ഷൻ 26A പ്രകാരമാണ് വിജ്ഞാപനം.
ഇത്തരം മരുന്നുകളുടെ ലേബലിലും നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പ് രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഈ വർഷം ജൂണിലും 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ നിർമാണം, വിൽപ്പന, വിതരണം എന്നിവ കേന്ദ്രം നിരോധിച്ചിരുന്നു. ജലദോഷത്തിനും അലർജിക്കുമുള്ള മരുന്നുകളിലാണ് പ്രധാനമായും ഈ കോമ്പിനേഷൻ ഉപയോഗിക്കുന്നത്. എന്നാൽ ഇവ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന കണ്ടെത്തലിനെത്തുടർന്നാണ് നിരോധനമെന്ന് അധികൃതർ പറഞ്ഞു.









0 comments