print edition സ്വതന്ത്ര ആയുഷ് സർവകലാശാല; വിദ്യാർഥികൾ ആശങ്കയിൽ

പ്രതീകാത്മക എഐ ചിത്രം

അഖില ബാലകൃഷ്ണൻ
Published on Aug 10, 2026, 01:30 AM | 1 min read
തിരുവനന്തപുരം: ആയുഷ് അധികൃതരുമായി ചർച്ച നടത്താതെ സംസ്ഥാനത്ത് സ്വതന്ത്ര ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആയുർവേദ വിദ്യാർഥികൾക്ക് ആശങ്ക. ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സുകളെ ആരോഗ്യ സർവകലാശാലയിൽനിന്ന് മാറ്റി പുതിയ സർവകലാശാല തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി നാലംഗ സമിതിയെ നിയോഗിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലെ സ്കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ ആസ്ഥാനമാക്കി പ്രവർത്തിക്കാനാണ് തീരുമാനം.
എന്നാൽ, ആരോഗ്യസർവകലാശാലയുമായി ചേർന്നുള്ള സംയോജിത അക്കാദമിക് ഗവേഷണ സാധ്യതകളെയും പരീക്ഷാരീതിയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ഗൈനക്കോളജി ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ സർക്കാർ ആശുപത്രികളിൽ പ്രായോഗിക പരിശീലനം തേടാനുള്ള സാധ്യതകളും അടയും. മറ്റു സംസ്ഥാനങ്ങളിലെ ആയുഷ് സർവകലാശാലകളിലേതുപോലെ സിലബസിൽ സംഘപരിവാർ താൽപ്പര്യമുള്ള ആശയങ്ങൾ തിരുകിക്കയറ്റാൻ ശ്രമങ്ങളുണ്ടാകുമെന്നും ആശങ്കയുണ്ട്. മുൻവർഷങ്ങളിൽ സിലബസ് കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളെ സർക്കാർ എതിർത്തിരുന്നു.
പരിമിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണ് ആയുഷ് മേഖലയിലുള്ളത്. പുതിയ സർവകലാശാലയുണ്ടാക്കുന്നത് സർക്കാരിന് ഭരണപരവും സാമ്പത്തികവുമായ അധികബാധ്യത സൃഷ്ടിക്കും. വർഷം 1500ലേറെ വിദ്യാർഥികൾ ആയുർവേദ മേഖലയിൽ പ്രവേശനം തേടുന്നുണ്ട്. ഇൗ വിദ്യാർഥികളുടെ ഭാവി തകർക്കുന്നതാണ് സർക്കാർ തീരുമാനം.










0 comments