ad
Deshabhimani

print edition ജസ്റ്റിസ് ഗോപാൽ ഗൗഡ റിപ്പോർട്ട് നടപ്പാക്കണം; സെക്രട്ടറിയറ്റിന്‌ മുന്നിൽ തൊഴിലാളികളുടെ പ്രതിഷേധം

secretariat march workers

ജസ്റ്റിസ് വി ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയറ്റിന്‌ മുന്നിൽ സംഘടിപ്പിച്ച 
ധർണ അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 19, 2026, 01:00 AM | 2 min read

തിരുവനന്തപുരം : കേന്ദ്ര ലേബർ കോഡുകൾക്കെതിരെ തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തയ്യാറാക്കിയ ജസ്റ്റിസ് വി ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ ഉശിരൻ പ്രതിഷേധം. സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടറിയറ്റ്‌ മാർച്ചിലും ധർണയിലും നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു.


പാളയം രക്തസാക്ഷി മണ്ഡപത്തിന്‌ മുന്നിൽനിന്ന് ആരംഭിച്ച മാർച്ച്‌ സെക്രട്ടറിയറ്റിന്‌ മുന്നിൽ പൊലീസ്‌ തടഞ്ഞു. തുടർന്ന്‌ നടന്ന ധർണ സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.


സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ അധ്യക്ഷനായി. അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി, നേതാക്കളായ പി നന്ദകുമാർ, കടകംപള്ളി സുരേന്ദ്രൻ, സി കെ ഹരികൃഷ്ണൻ, ഹണി ബാലചന്ദ്രൻ, പ്രദീപ് ശ്രീധരൻ, സുനിത കുര്യൻ, എം ജി അജി എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ പി പി ചിത്തരഞ്ജൻ, ആർ രാമു, പി പി പ്രേമ, കെ മനോഹരൻ, എം ഹംസ, ടി കെ രാജൻ, കെ പി മേരി, എസ് പുഷ്പലത, കൂട്ടായി ബഷീർ, എസ് ഹരിലാൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.


കേരളത്തിലും തൊഴിലാളിവിരുദ്ധ സർക്കാർ: എളമരം കരീം


തൊഴിലാളിവിരുദ്ധ നയങ്ങൾ നടപ്പാക്കാനാണ്‌ കേരളത്തിലെ യുഡിഎഫ്‌ സർക്കാരും ശ്രമിക്കുന്നതെന്ന്‌ സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കാൻ സർക്കാർ ശ്രമിച്ചാൽ ലക്ഷക്കണക്കിന് തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് സിഐടിയു നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് വി ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തിൽ സെക്രട്ടറിയറ്റിന്‌ മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


വർഷങ്ങളുടെ പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കാനാണ് കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുന്നത്‌. അടിമ സമാന സാഹചര്യത്തിലേക്ക് തൊഴിലാളികളെ കൊണ്ടുപോകാനാണ് ശ്രമം. കർണാടകത്തിലെ കോൺഗ്രസ്‌ സർക്കാർ ലേബർ കോഡുകൾക്ക്‌ അനുസൃതമായി ചട്ടം രൂപീകരിച്ച്‌ വിജ്ഞാപനം ചെയ്‌തു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഐഎൻടിയുസി അടക്കമുള്ള ട്രേഡ്‌ യൂണിയനുകൾ ചേർന്നാണ്‌ രാജ്യവ്യാപകമായി പണിമുടക്കും തുടർന്ന്‌ ജയിൽനിറയ്‌ക്കൽ സമരവും അടക്കം സംഘടിപ്പിച്ചത്‌. എന്നാൽ, കേരളത്തിൽ യോജിച്ച സമരത്തിൽ പങ്കെടുക്കാൻ ഐഎൻടിയുസിയെ കോൺഗ്രസ്‌ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home