ആൻഡമാൻ കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിനും സമീപത്തെ ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും മുകളിലായി ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഒക്ടോബർ 31-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും സമീപത്തെ ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്ന് അടുത്ത രണ്ട് ദിവസങ്ങളിൽ ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങാൻ സാധ്യത.അതിശക്തമായ ചുഴലിക്കാറ്റായ 'അർണബി'ന്റെ ശേഷിപ്പ് വടക്കൻ ഛത്തീസ്ഗഢിനും സമീപത്തെ കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നവംബർ 1 മുതൽ 3 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ ശക്തമായ മഴ (7 മുതൽ 11 സെ.മീ.വരെ) ലഭിക്കാൻ സാധ്യത. നവംബർ 1 മുതൽ 3 വരെ മിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
01/11/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി
02/11/2026: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
03/11/2026: കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL. H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.









0 comments