സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട്
print edition മകനെ സ്ഥാനാർഥിയാക്കാൻ പ്രേമചന്ദ്രന്റെ ഗൂഢനീക്കം : ഇല്ലിക്കൽ അഗസ്‌തി

കണ്ണൂർ
പാർടിയിൽ സ്ഥാനമൊന്നുമില്ലാത്ത മകനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ എൻ കെ പ്രേമചന്ദ്രൻ എംപി വളഞ്ഞവഴിയിലൂടെ ശ്രമിക്കുകയാണെന്ന് ആർഎസ്‌പി കേന്ദ്രകമ്മിറ്റിയംഗം ഇല്ലിക്കൽ അഗസ്‌തി പറഞ്ഞു. മകൻ കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കാനാണ് നീക്കം. ആദർശം ബലികഴിച്ച് കുടുംബവാഴ്ച നടപ്പാക്കുകയാണ്. സാമ്പത്തിക ഇടപാടുകളിൽ വലിയ ക്രമക്കേടാണ് നടത്തുന്നത്. വ്യക്തിപൂജയ്ക്കും കുടുംബവാഴ്ചയ്ക്കുമായി പ്രസ്ഥാനത്തെ ബലികൊടുക്കുന്ന നേതൃത്വത്തിനെതിരെ ‘സേവ് ആർഎസ്‌പി മൂവ്‌മെന്റ്’ കൊണ്ടുവരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2014ൽ എൽഡിഎഫ് വിട്ടശേഷമുള്ള തെരഞ്ഞെടുപ്പുകളിൽ എല്ലാം ആർഎസ്‌പി വട്ടപൂജ്യമായി. പ്രേമചന്ദ്രന്റെ ഗൂഢനീക്കം പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നു. ഇടതുപക്ഷ പാരമ്പര്യം അവകാശപ്പെടുന്ന ആർഎസ്‌പിയിൽ വലതുപക്ഷരീതിയും കുടുംബവാഴ്ചയുമാണ്. ഇക്കാര്യത്തിൽ പാർടിയിൽ വലിയ അമർഷമുണ്ട്. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഒപ്പിട്ട സംഭാവനാ കൂപ്പണുകളിൽ ഫണ്ട് പിരിക്കുന്നതിന്റെ കണക്ക് അവതരിപ്പിക്കാറില്ല. തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാൻ വിദേശയാത്രയ്‌ക്കും നീക്കമുണ്ട്.
പാർടിയുടെ അനുമതിയില്ലാതെ ഷിബു ബേബിജോണും എൻ കെ പ്രേമചന്ദ്രനും നിരന്തരം വിദേശയാത്ര നടത്തുന്നു. കേന്ദ്ര കമ്മിറ്റിയംഗമായ തന്നെ പുറത്താക്കിയെന്ന് സംസ്ഥാന നേതൃത്വം പറയുന്നത് വിവരക്കേടാണ്. ‘സേവ് ആർഎസ്‌പി മൂവ്‌മെന്റ്’ സംസ്ഥാന കൺവൻഷൻ 23ന് പകൽ രണ്ടിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റുഡന്റ്‌സ് ഹാളിൽ ചേരും.










0 comments