print edition ഡിജിപിയുടെ വിലക്കിന് വിലയില്ല; ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിന് ശ്രമം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സേനയിലെ ചട്ടവിരുദ്ധമായ കൂട്ട സ്ഥലമാറ്റ നടപടികൾ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വിലക്കിയിട്ടും അട്ടിമറിക്കാൻ ശ്രമം. യുഡിഎഫ് നേതാക്കളുടെ സമ്മർദത്തിനുവഴങ്ങി ഉന്നത ഐപിഎസ് ഉദ്യോഗസ്ഥൻ നേരിട്ട് ജില്ലാ പൊലീസ് മേധാവിമാരെ വിളിച്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കാൻ ശ്രമിക്കുകയാണ്.
എസ് പി റാങ്കിലുള്ള ഒരു ജില്ലാ പൊലീസ് മേധാവി ഫോണിൽ വിളിച്ച ഉദ്യോഗസ്ഥനോട് അതൃപ്തി അറിയിക്കുകയും ചെയ്തു. പുതിയ സർക്കാർ രൂപീകരിക്കുംവരെ കൂട്ട സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്ന് പൊലീസ് മേധാവി നിർദേശിച്ചിരുന്നു.
യുഡിഎഫ് അനുകൂലിയും പൊലീസ് സംഘടനാ മുൻ ഭാരവാഹിയുമായ തിരുവനന്തപുരത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ചട്ടവിരുദ്ധ പ്രവർത്തനം. താൽപര്യമില്ലാത്ത ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
അനഭിമതരായ ഉദ്യോഗസ്ഥരെ ദിവസവും കിലോമീറ്ററുകൾ അകലെ ഡ്യൂട്ടിക്കിട്ടും തിരിച്ചുവിളിച്ചും ദ്രോഹിക്കുന്നുമുണ്ട്. യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതോടെ പൊലീസിൽ വൻ അഴിച്ചുപണിക്കുള്ള തയ്യാറെടുപ്പിലാണ്.
ക്രമസമാധാനച്ചുമതല വഹിക്കുന്ന പോസ്റ്റുകളിലെല്ലാം തൽപ്പരകക്ഷികളെ നിയമിക്കാനാണ് ശ്രമം. പൊലീസ്, എക്സൈസ്, മോട്ടോർവാഹന വകുപ്പ്, റവന്യു, തദ്ദേശം, പൊതുമരാമത്ത് വകുപ്പുകളിൽ സുപ്രധാന തസ്തികകൾക്കും സ്ഥാനക്കയറ്റത്തിനും കോഴയും നിശ്ചയിച്ചിട്ടുണ്ട്.










0 comments