print edition ഐഎഫ്‌എഫ്‌കെ ഉയരും പടരും

സുനീഷ് ജോ
Published on Dec 21, 2025, 12:01 AM | 1 min read
തിരുവനന്തപുരം: കേന്ദ്രസർക്കാർ തകർക്കാൻ ശ്രമിച്ചിട്ടും കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്‌എഫ്‌കെ) കൂടുതൽ ഉയരത്തിലേക്ക്. ഡെലിഗേറ്റുകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 15,000ലേറെപ്പേരാണ് 30–ാമത് പതിപ്പിൽ പങ്കാളികളായത്.
ഐഎഫ്എഫ്കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം തനിക്കുമാത്രമല്ല, മുഴുവൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിനുമുള്ളതാണെന്ന് പുരസ്കാരജേതാവ് അബ്ദെറഹ്മാൻ സിസാക്കോ വ്യക്തമാക്കിയതും ആവേശപൂർവമാണ് സമാപനവേദിയിലെത്തിയ ആയിരക്കണക്കിന് ഡെലിഗേറ്റുകൾ ഏറ്റെടുത്തത്. ജൂറി ചെയർപേഴ്സണായിരുന്ന വിഖ്യാത ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസൂലാഫിലും മേളയുടെ വിജയത്തിന് സാക്ഷിയായി. മേള തടസ്സപ്പെടുത്താനും സംഘപരിവാർ രാഷ്‌ട്രീയം അടിച്ചേൽപ്പിക്കാനുമുള്ള ശ്രമങ്ങളെ ചെറുക്കാനുള്ള കേരളത്തിന്റെ തീരുമാനം ശ്രദ്ധാപൂർവമാണ് ലോകം വീക്ഷിച്ചത്. ഇത് സ്വാതന്ത്ര്യവും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ചലച്ചിത്രകാരന്മാരെ തുടർമേളകളിലേക്ക് ആകർഷിക്കും.
അതേസമയം, സംഘാടനത്തിൽ പാകപ്പിഴ ഉണ്ടായെന്ന വ്യാജ ആരോപണമാണ് വലതുപക്ഷ മാധ്യമങ്ങൾ ഉയർത്തിയത്. ഇതിനെതിരെ മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന പ്രതിസന്ധികൾ വിശദീകരിച്ച് അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി രംഗത്തുവന്നു. രാജ്യാന്തര പ്രതിനിധികള്‍ കോണ്‍ഫറന്‍സിങ്, സിമ്പോസിയം വിഭാഗത്തില്‍മാത്രമേ വിസയ്ക്ക് അപേക്ഷിക്കാവൂ എന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇന്റലിജന്‍സ് ബ്യൂറോവഴി നോട്ടീസ് നല്‍കിയ കാര്യവും അദ്ദേഹം പുറത്തുവിട്ടു. നാല് വിഖ്യാത ചലച്ചിത്രപ്രവര്‍ത്തകരുടെ വിസ അപേക്ഷ കേന്ദ്രം തള്ളിയിരുന്നു. 35 പ്രതിനിധികള്‍ക്കാണ് മന്ത്രാലയം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കിയത്. ക്ലിയറന്‍സ് ലഭിക്കുന്നവരുടെ സിനിമകളാണ് സെന്‍സറിങ് ഇളവിനായി അപേക്ഷിക്കുന്നത്. അനുമതി കിട്ടിയില്ലെങ്കിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആ ചങ്കൂറ്റത്തിലൂടെ ഒറ്റരാത്രികൊണ്ട് 19ൽ 12 സിനിമകള്‍ക്കും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് അനുമതി നല്‍കേണ്ടി വന്നു.
അതിജീവനത്തിനായി പൊരുതുന്ന മൂന്നാംലോകരാജ്യങ്ങളിൽനിന്നുള്ള സിനിമകൾക്കാണ് ഇന്നോളം മേള പ്രാമുഖ്യം നൽകിയത്. ഭീഷണിക്കുമുന്പിൽ മുട്ടുമടക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനമാണ് തുടർമേളകളുടെ തെളിച്ചവും മികവും.










0 comments