ഐഎഫ്എഫ്കെയിൽ നിറഞ്ഞോടി 'കേരള സവാരി'; സൗജന്യ സർവീസ് പ്രയോജനപ്പെടുത്തിയത് 8400 പേർ

തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ 'കേരള സവാരി' ഒരുക്കിയ ഷട്ടിൽ സർവീസുകൾക്ക് വലിയ സ്വീകാര്യത. തൊഴിൽ വകുപ്പിന് കീഴിലുള്ള സർക്കാർ ഓൺലൈൻ ടാക്‌സി സർവീസും മേളയുടെ ഔദ്യോഗിക മൊബിലിറ്റി പാർട്‌ണറുമായ കേരള സവാരി, മേളക്കാലത്ത് ഏകദേശം 4,000 ത്തോളം സൗജന്യ യാത്രകളാണ് നടത്തിയത്. ആകെ 8400 പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി.
പ്രതിദിനം ശരാശരി 400 സൗജന്യ ഷട്ടിൽ സർവീസുകളാണ് ചലച്ചിത്ര പ്രേമികൾക്കായി കേരള സവാരി നടത്തിയത്. ഓരോ ദിവസവും ഏകദേശം 1200 ഡെലിഗേറ്റുകൾ ഈ സർവീസ് ഉപയോഗിച്ചു. 17 ഓട്ടോകളും നാല് ക്യാബുകളുമാണ് മേളയ്ക്കായി പ്രത്യേക സർവീസ് നടത്തിയത്. ഒരു തിയറ്ററിൽ പ്രദർശനം കഴിഞ്ഞയുടൻതന്നെ വാഹനങ്ങൾ തയ്യാറായി നിന്നത് അടുത്ത സിനിമയ്ക്കായി മറ്റ് വേദികളിലേക്ക് പോകേണ്ടവർക്ക് ഏറെ ആശ്വാസമായി.
യാത്രകൾ സമയബന്ധിതവും സുതാര്യവുമായതോടെ പ്രദർശനങ്ങൾക്കിടയിലുള്ള യാത്രകൾ കൂടുതൽ സൗകര്യപ്രദമായി മാറി. ടാഗോർ, നിശാഗന്ധി, കൈരളി-ശ്രീ ഉൾപ്പെടെയുള്ള പ്രധാന വേദികളെ ബന്ധിപ്പിച്ച് ഒരുക്കിയ ഈ സൗജന്യ സർവീസുകൾക്ക് ഡെലിഗേറ്റുകൾക്കിടയിൽ വലിയ പ്രശംസയാണ് ലഭിച്ചത്.










0 comments