ബാനർ നേരത്തെ തയ്യാറാക്കി വന്നു, നാല് ദിവസമായി ഒരു പ്രകടനം പോലുമില്ല; അപഹാസ്യരായി പ്രതിപക്ഷം

തിരുവനന്തപുരം: ചാനൽ ചർച്ചയിൽ രാഹുൽഗാന്ധി എംപിക്കെതിരെ ബിജെപി നേതാവ് പരാമർശം നടത്തിയതിന്റെ പേരിൽ അടിയന്തരപ്രമേയം അവതരിപ്പിക്കാൻ ശ്രമം നടത്തിയ പ്രതിപക്ഷം അപഹാസ്യരായി. രാഹുലിനെതിരെ പരാമർശം ഉണ്ടായി നാല് ദിവസമായിട്ടും ഒരു പ്രകടനം നടത്താനോ, നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കാനോ പോലും തയ്യാറാകാതിരുന്ന പ്രതിപക്ഷം വിഷയദാരിദ്ര്യത്താൽ ബഹളമുണ്ടാക്കിയതും സഭ വിട്ടിറങ്ങിയതും തുറന്നുകാട്ടപ്പെട്ടു. ലോക്സഭാ പ്രതിപക്ഷ നേതാവിനോട് ബഹുമാനമുണ്ടെന്നും എന്നാൽ വിഷയത്തിന് സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട പ്രാധാന്യമില്ലെന്നും സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി. സ്പീക്കറുടെ പ്രസ്താവന കാത്തിരുന്നതുപോലെ, മുൻകൂട്ടി തയ്യാറാക്കിവെച്ച പ്രതിഷേധ ബാനറുമായി സഭവിട്ടിറങ്ങുകയായിരുന്നു പ്രതിപക്ഷം.
അടിയന്തര പ്രമേയങ്ങൾക്ക് ഏറ്റവും കൂടുതൽ തവണ അവതരണാനുമതി നൽകിയതിന്റെ റെക്കോർഡ് ഈ നിയമസഭയ്ക്കാണ്. 15ാം കേരള നിയമസഭ 17 അടിയന്തര പ്രമേയങ്ങളാണ് ഇതുവരെ ചർച്ച ചെയ്തത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നൽകിയിരുന്നു. പതിനാലാമത് സമ്മേളനം തുടങ്ങിയതിന് ശേഷം പ്രതിപക്ഷം കൊണ്ടുവന്ന അഞ്ചിൽ നാല് അടിയന്തിര പ്രമേയങ്ങൾക്കും അനുമതി നൽകി. ഉന്നയിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം അനുസരിച്ച് അനുമതി ലഭിക്കും എന്നത് ഉറപ്പാണ്.
എന്നാൽ ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം പ്രതിപക്ഷത്തിനു തന്നെ വിനയാകുന്ന കാഴ്ചയാണ് സഭയിൽ കാണാനായത്. പ്രതിപക്ഷ ആരോപണങ്ങൾക്കെല്ലാം കണക്കുകളും റിപ്പോർട്ടുകളും നിരത്തി ഭരണപക്ഷം മറുപടി നൽകി. മുൻ യുഡിഎഫ് സർക്കാരിന്റെയും 2016 മുതലുള്ള എൽഡിഎഫ് സർക്കാരുകളുടെയും പ്രവർത്തനം താരതമ്യം ചെയ്യപ്പെട്ടു. ഇതോടെയാണ് അപ്രധാന വിഷയം ഉന്നയിച്ച്, തടിതപ്പാൻ പ്രതിപക്ഷം തീരുമാനിച്ചത്.










0 comments