ഹൈബ്രിഡ് കഞ്ചാവ് കേസ് ; പ്രധാന ഇടപാടുകാർ എക്‌സൈസ് റഡാറിൽ

ആലപ്പുഴ : ആലപ്പുഴയിൽ രണ്ടുകോടി വില വരുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും പിടിയിലായ സംഭവത്തിൽ കൊച്ചി കേന്ദ്രീകരിച്ച് കൂടുതൽ അറസ്‌റ്റിലേക്ക് എക്‌സൈസ് കടന്നേക്കും.
പ്രധാനപ്രതികളായ എണ്ണൂർ സത്യവാണിമുത്ത് നഗർ സ്വദേശി സുൽത്താൻ അക്‌ബർ അലിയും (43) ഭാര്യ തസ്‌ലിമ സുൽത്താനയും (ക്രിസ്‌റ്റീന – -41) ചെന്നെയിൽനിന്ന് കഞ്ചാവുമായി എറണാകുളത്ത് എത്തിയതുമുതലുള്ള കാര്യങ്ങളാണ് ഇതുവരെ അന്വേഷിച്ചത്. പ്രതികളിൽനിന്നും അവരുടെ ഫോണുകളിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് ദിവസം മൂന്നിടങ്ങളിൽ തങ്ങിയ ദമ്പതികളെ എറണാകുളത്തെ ഹോട്ടലുകളിലും കാക്കനാട്ടെ വാടക അപ്പാർട്ടുമെന്റിലുമായി സന്ദർശിച്ചവരെ കേന്ദ്രീകരിച്ചായിരുന്നു പ്രാഥമിക അന്വേഷണം. ഇവരെത്തിയ ഇടങ്ങളിലും അന്വേഷകസംഘമെത്തി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു.
സുൽത്താന് ലഹരിവിൽപ്പനയ്‌ക്ക് കേരളത്തിൽ വലിയ ബന്ധങ്ങളില്ലെന്നും കച്ചവടത്തിന്റെ ചുമതല സുൽത്താനയ്‌ക്ക് ആയിരുന്നുവെന്നും കണ്ടെത്തി. നഗരത്തിലെ ലൈംഗിക വ്യാപാര ശൃംഖലയിലെ ചില പ്രധാനികളും തസ്‌ലിമയെ കണ്ടിരുന്നതായി സൂചന ലഭിച്ചു. തസ്‌ലിമ മാത്രമാണ് ഇടപാടുകാരെ കണ്ടിരുന്നത്. ഇവരെ എക്‌സൈസ് ചോദ്യംചെയ്യുന്നു. കഞ്ചാവ് 200 ഗ്രാം കവറിലാക്കി അത് വായുകടക്കാത്ത ഒരു കിലോയുടെ മറ്റൊരു കവറിലിട്ടാണ് കേരളത്തിൽ ഇവർ എത്തിച്ചിരുന്നത്.
ലഹരി ഒളിപ്പിച്ച് കൈമാറും
നേരിട്ടോ നവമാധ്യമ അക്കൗണ്ടുകളിലൂടെയോ വിലയും വിവരങ്ങളും പറഞ്ഞുറപ്പിച്ച ശേഷം ആളുകൾ ശ്രദ്ധിക്കാത്ത ഇടങ്ങളിലായിരുന്നു വിൽപ്പന. യുപിഐയിലൂടെ പണം വാങ്ങിയ ശേഷം ഒളിയിടത്തിന്റെ ചിത്രം ഇടപാടുകാർക്ക് നൽകും. പണം നൽകിയവർക്ക് അവിടെനിന്ന് ശേഖരിക്കാം. ഇടപാടുകാർ മടങ്ങുന്നതുവരെ തസ്‌ലിമയുടെയോ സഹായികളുടെയോ നിരീക്ഷണമുണ്ടാകുമായിരുന്നു.
കൊച്ചിയിൽ ഇവർ എത്തിയതായി സംശയിക്കുന്ന ഇടങ്ങളിൽ പരിശോധന നടത്തിയ എക്‌സൈസ് പരമാവധി സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. മൂന്ന് പ്രതികളെയും തിങ്കളാഴ്‌ച കസ്‌റ്റഡിയിൽ വാങ്ങും. സുൽത്താൻ, അക്‌ബർ അലി, കെ ഫിറോസ് എന്നിവരാണ് റിമാൻഡിലുള്ളത്.









0 comments