ഹൈബ്രിഡ് കഞ്ചാവ് കേസ് : അന്വേഷകസംഘം ഇന്ന് ചെന്നൈയിലേക്ക്

ആലപ്പുഴ
ആലപ്പുഴയിൽ രണ്ടുകോടിയുടെ മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും പിടിയിലായ കേസിൽ എക്‌സൈസ് അന്വേഷകസംഘം ബുധനാഴ്‌ച ചെന്നൈയിലേക്ക് തിരിക്കും. ചെന്നൈ എണ്ണൂരിൽ പിടിയിലായ മുഖ്യപ്രതി സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലിയുടെ (43) ഇടപാടുകളെ കുറിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
സ്വർണക്കടത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സുൽത്താൻ ആദ്യമായാണ് മലേഷ്യയിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് അന്വേഷണത്തിൽ ബോധ്യമായത്. കഞ്ചാവും എംഡിഎംഎയും അടക്കമുള്ള മറ്റ് ലഹരികൾ ഇവർ വിൽപ്പന നടത്തിയിരുന്നോ എന്നതടക്കമുള്ള വിവരങ്ങളിൽ ചെന്നൈയിൽ അന്വേഷണം നടത്തും. സ്വന്തമായി ബാങ്ക് അക്കൗണ്ടുകൾ ഇല്ലാതിരുന്ന ഇയാളുടെ സാമ്പത്തിക ഇടപാടുകളും ദുരൂഹമായി തുടരുകയാണ്. ഇക്കാര്യങ്ങളിലെല്ലാം വിവരങ്ങൾ ശേഖരിക്കും.
ആലപ്പുഴയിൽ കഞ്ചാവുമായി പിടിയിലായ തസ്‌ലിമയുടെ ആദ്യവിവാഹത്തിലെ മകനിൽനിന്നും വിവരങ്ങൾ തേടിയേക്കും. ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയിലെത്തിക്കാൻ തസ്‌ലിമയുടെ രണ്ടാംഭർത്താവ് സുൽത്താൻ ഉപയോഗിച്ചത് ചെന്നൈയിൽ പഠിക്കുന്ന ഇയാളെയും വനിതാ സുഹൃത്തിനെയുമാണ്. ഇവർക്കൊപ്പമാണ് കാറിൽ കഞ്ചാവുമായി കൊച്ചിയിലെത്തിയത്. എന്നാൽ ഇരുവർക്കും ഇക്കാര്യം അറിയില്ലായിരുന്നു. പരിശോധന മറികടക്കാനായിരുന്നു ഈ നീക്കം. ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയച്ച പ്രതികളുടെ ഫോൺ വിവരങ്ങളും ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഏപ്രിൽ ഒന്നിനാണ് രണ്ട് കോടി വിലവരുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തമിഴ്നാട് തിരുവെല്ലൂർ കത്തിവാക്കം ഉലകനാഥപുരം എണ്ണൂർ ഫോർത്ത് സ്ട്രീറ്റ് നമ്പർ 85ൽ കണ്ണൂർ സ്വദേശിനി തസ്ലിമ സുൽത്താന (-ക്രിസ്‌റ്റീന- – 41), സഹായി ആലപ്പുഴ മണ്ണഞ്ചേരി മല്ലംവെളി കെ ഫിറോസ് (26) എന്നിവർ ആലപ്പുഴയിൽ പിടിയിലായത്. എട്ട് ദിവസത്തിനുശേഷം കേസിലെ മുഖ്യപ്രതിയായ സുൽത്താനെ ചെന്നൈയിൽനിന്ന് പിടികൂടി.









0 comments